കാര്‍ഷിക മേഖല ഇന്ന് നിരവധി പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് കടന്നുപോകുന്നത്. കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മുമ്പത്തെക്കാള്‍ ഗുരുതരമാണ്. പല കര്‍ഷകര്‍ക്കും പട്ടയം ഇനിയും കിട്ടാക്കനിയാണെന്നു മാത്രമല്ല കൈവശത്തിലിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം തന്നെ നഷ്ടപ്പെടുമോയെന്ന ഭീതിയിലാണ് ഇടുക്കിജില്ലയിലെ കര്‍ഷകര്‍. പൊള്ളയായ പരിസ്ഥിതിവാദത്തിന്‍റെ പേരില്‍ ഞെരുക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയുമാണ് ഇന്ന് കര്‍ഷകസമൂഹം. കുടിയേറ്റക്കാരായ കര്‍ഷകരെ ഭൂസംരക്ഷണനിയമത്തിന്‍റെ തെറ്റായ വ്യാഖ്യാനത്തിലൂടെ കൈയേറ്റക്കാരായി ചിത്രീകരിക്കപ്പെടുന്ന സാഹചര്യവും ഇന്ന് സംജാതമായിരിക്കുന്നു. കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളില്‍പ്പെട്ട പതിനായിരത്തില്‍പരം കര്‍ഷകകുടുംബങ്ങള്‍ ഗവണ്‍മെന്‍റിന്‍റെ സര്‍വെ ഡിപ്പാര്‍ട്ടുമെന്‍റിനു പറ്റിയ തെറ്റുമൂലം മുമ്പ് പുരയിടമായിരുന്നത് തോട്ടമെന്ന് തെറ്റായി റവന്യു രേഖകളില്‍ രേഖപ്പെടുത്തപ്പെട്ടതിനാല്‍ സ്ഥലത്തിന്‍റെ ആസ്തിമൂല്യം നഷ്ടപ്പെട്ട് വലിയ സങ്കടത്തിലും ദുരിതത്തിലുമാണ്.
ക്രമാതീതമായി വര്‍ധിച്ച കൃഷിയുടെ ചെലവും കാര്‍ഷികോത്പ്പന്നങ്ങളുടെ വിലയിടിവുംമൂലം ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിച്ചേര്‍ക്കാന്‍ പെടാപ്പാടുപെടുന്ന കര്‍ഷകരും അവരുടെ കൃഷിയിടവും കാട്ടുമൃഗങ്ങളാല്‍ ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇന്ന് സര്‍വസാധാരണമായി. ചുരുക്കിപ്പറഞ്ഞാല്‍ അന്നം തരുന്ന ഓരോ കൈകളും പുഞ്ചിരിക്കുന്ന മുഖത്തോടെ അധ്വാനിക്കുന്നതിനുപകരം നെടുവീര്‍പ്പിന്‍റെയും വേദനയുടെയും കണ്ണീര്‍ചാലുകള്‍ കവിളുകളിലൂടെ ഒഴുക്കിക്കൊണ്ട് ലോകത്തിന് ഭക്ഷണം വിളമ്പേണ്ടിവരുന്ന ദുര്‍ഭഗമായ അവസ്ഥയാണ് ഇന്ന് കര്‍ഷകരുടേത്.
1965-ല്‍ ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ തടിച്ചുകൂടിയ ഇന്ത്യന്‍ ജനതയുടെ മുമ്പില്‍ അന്നത്തെ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രി ഉറക്കെ വിളിച്ചുപറഞ്ഞുകൊടുത്തൊരു മുദ്രാവാക്യമുണ്ട് – ‘ജയ് ജവാന്‍, ജയ് കിസാന്‍’. രാജ്യ സുരക്ഷയോടൊപ്പം ഭക്ഷ്യസുരക്ഷയും ലക്ഷ്യംവച്ച ദീര്‍ഘവീഷണമുള്ള രാജ്യത്തിന്‍റെ ഭരണാധികാരി രാജ്യത്തെ കര്‍ഷകര്‍ക്ക് എത്രമാത്രം വില കല്‍പ്പിച്ചുവെന്നത് വെളിപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്‍റെ മുദ്രാവാക്യം. ശത്രുക്കളുടെ ആക്രമണത്തില്‍നിന്ന് തങ്ങളുടെ ജനതയെ സംരക്ഷിക്കുവാന്‍ ജയ് ജവാന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച, പ്രജാസംരക്ഷണം ഉറപ്പുവരുത്തിയ ഭരണാധിപന്മാര്‍ നമുക്കെന്നും അഭിമാനമായിരുന്നു. അതുപോലെതന്നെ ‘ജയ് കിസാന്‍’ എന്ന മുദ്രാവാക്യത്തിലൂടെ രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ ശ്രമിച്ച ദീര്‍ഘവീഷണമുള്ള ഭരണാധികാരികളെ ആദരവോടെ മാത്രമേ നമുക്കു കാണാനാവൂ.
ഭക്ഷ്യസുരക്ഷ എന്നുപറയുന്നത് രാജ്യസുരക്ഷയ്ക്കു തന്നെ തുല്യമാണ്. അന്നം തരുന്ന കൈകളെ ആദരവോടെ കാണണം എന്ന് പഠിപ്പിച്ചവരായിരുന്നു നമ്മുടെ നേതാക്കന്മാര്‍. എന്നാല്‍, ആ നല്ല പാരമ്പര്യം ഇന്നു കൈമോശം വന്നുപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആ കൈകളെ തട്ടിമാറ്റുന്ന ഒരു സംസ്കാരം ഉടലെടുക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
രാജ്യത്തിന്‍റെ ഭക്ഷ്യ സുരക്ഷയ്ക്കുവേണ്ടി നിരന്തരം അധ്വാനിക്കുന്ന കര്‍ഷകര്‍ രാജ്യത്തിന്‍റെ നിലനില്‍പ്പിനു തന്നെ അത്യന്താപേക്ഷിതമാണെന്ന് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കന്മാരും څരണാധിപന്മാരും മനസ്സിലാക്കേണ്ടതുണ്ട്. രണ്ട് രാജ്യങ്ങള്‍ തമ്മില്‍ യുദ്ധമുണ്ടായാല്‍ ആവശ്യത്തിനുള്ള ഭക്ഷണശേഖരം ഇല്ലായെങ്കില്‍ രാജ്യത്തിന്‍റെ അവസ്ഥ എന്താകും? എന്തിനേറെ ഒരു ലോറി സമരം ഉണ്ടായാല്‍ അന്തര്‍ സംസ്ഥാന ചരക്കു നീക്കം സ്തംഭിച്ചാല്‍, ഭക്ഷ്യ ദാരിദ്ര്യത്തിലേക്കു സംസ്ഥാനം കൂപ്പുകുത്തും എന്നതില്‍ സംശയമില്ല. നമ്മുടെ കേരളത്തില്‍ കഴിഞ്ഞ കാലഘട്ടത്തിലുണ്ടായ പ്രളയകാലത്തുപോലും കടകളിലുള്ള ഭക്ഷ്യശേഖരം തീര്‍ന്നുപോകുന്നുവെന്നറിഞ്ഞപ്പോള്‍ ആളുകള്‍ പരക്കംപാഞ്ഞ് ഭക്ഷണം സംഭരിക്കാന്‍ നടത്തിയ നെട്ടോട്ടം നമ്മുടെയൊന്നും ഓര്‍മയില്‍നിന്ന് ഇന്നും മാഞ്ഞുപോയിട്ടില്ല.
കാര്‍ഷിക മേഖലയെയും കര്‍ഷകരെയും കൈവെടിഞ്ഞ് ഒരു ഭരണാധികാരികള്‍ക്കും ഒരു രാജ്യത്തിനും മുന്നേറാനാവില്ല എന്ന സത്യം അറിഞ്ഞിരുന്നിട്ടും ഭക്ഷ്യോത്പാദകരായ കര്‍ഷകര്‍ക്കുനേരെ പുറംതിരിഞ്ഞു നില്‍ക്കുന്ന ഭരണാധികാരികളുടെ നിലപാടുകള്‍ വേദനാജനകമാണ്. അന്നം തരുന്ന കൈകള്‍ പുഞ്ചിരിയോടെ അധ്വാനിക്കട്ടെ എന്നുപറഞ്ഞിരുന്ന രാഷ്ട്രീയ നേതാക്കന്മാരും ഭരണാധിപന്മാരുമുണ്ടായിരുന്ന രാജ്യത്താണ് കര്‍ഷകരെയും കാര്‍ഷിക പദ്ധതികളെയും പുറംകാലുകൊണ്ട് തട്ടിയെറിഞ്ഞ് ഭരണഗര്‍വ് കാണിക്കുന്ന നേതാക്കന്മാര്‍ ഉണ്ടായിരിക്കുന്നതെന്നത് ദുഃഖകരമാണ്. അന്നം വിളമ്പുന്ന മുഖങ്ങള്‍ പുഞ്ചിരിക്കുന്നതായിരിക്കണം. എന്നാല്‍, ആ മുഖങ്ങള്‍ ഇന്ന് സങ്കടപൂരിതമാണ്. പ്രിയപ്പെട്ടവരേ നമ്മളില്‍ ആര്‍ക്കെങ്കിലും കരയുന്ന കണ്ണുകളോടെ ആരെങ്കിലും ഭക്ഷണം വിളമ്പിത്തന്നാല്‍ അത് കഴിക്കാനാകുമോ. ഇതിന് അഥവാ കഴിക്കാന്‍ ശ്രമിച്ചാല്‍ അത് നമ്മുടെ തൊണ്ടയില്‍നിന്ന് ഇറങ്ങുമോ. ആ കണ്‍കോണുകളില്‍ തളംകെട്ടി നില്‍ക്കുന്ന കണ്ണീര്‍ത്തുള്ളികള്‍ മനഃസാക്ഷിയുള്ളവര്‍ക്കു കണ്ടില്ലെന്ന് നടിക്കാനാകുമോ? വേദനയും സഹനവും അവഗണനയും അധിക്ഷേപവും ഉള്ളിലൊതുക്കി അതു കണ്ണുനീര്‍ത്തുള്ളികളായി കവിളിലൂടെ പെയ്തിറങ്ങുമ്പോള്‍ ആ കണ്ണീരിന്‍റെ ഉപ്പുകലര്‍ത്തി വിളമ്പി വയ്ക്കുന്ന ഭക്ഷണം അനുകമ്പയും ആര്‍ദ്രതയും സഹാനുഭൂതിയും പരിഗണനയുമില്ലാതെ, ലജ്ജ ലവലേശംപോലുമില്ലാതെ ഭുജിക്കാന്‍ നരാധമന്മാര്‍ ജീവിക്കുന്ന ഒരു ലോകത്തിനെയാകൂ.
ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യമറിഞ്ഞ ഭരണാധിപന്മാര്‍ നിയമത്തിന്‍റെ പരിരക്ഷയും കാട്ടുമൃഗങ്ങളില്‍നിന്നുള്ള സംരക്ഷണവും നല്‍കി കര്‍ഷകരെ പ്രോത്സാഹിപ്പിച്ചു. ആത്മാര്‍ത്ഥതയോടെ രാജ്യത്തിനുവേണ്ടി അധ്വാനിക്കുന്ന ഒരു കാര്‍ഷിക സംസ്കാരം രൂപീകൃതമായി. ആദ്യ കൃഷിയുടെ ത്രസിപ്പിക്കുന്ന ഓര്‍മകള്‍ കര്‍ഷകരായ നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങളില്‍ ഇപ്പോഴും അലയടിക്കുന്നുണ്ട്. മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം കൃഷിയിടങ്ങളിലേക്കിറങ്ങി അരിവാളും തൂമ്പയും ആദ്യമായി കൈകളില്‍പിടിച്ച് അധ്വാനിക്കാനിറങ്ങിയതിന്‍റെ ഓര്‍മ നമ്മുടെ ഹൃദയത്തില്‍ ഇന്നും പച്ചകെടാതെ നില്‍ക്കുന്നു. ആയുധങ്ങള്‍ പിടിച്ച് തഴമ്പിക്കാത്ത ആ ഇളം കൈകള്‍ തൂമ്പയില്‍ മുറുക്കെപ്പിടിച്ച് മണ്ണില്‍ ആഞ്ഞാഞ്ഞ് വെട്ടിയപ്പോള്‍ കൈകള്‍ പൊള്ളി കുമളിച്ചതിന്‍റെ പാടുകളും വേദനയും ഇന്നും അഭിമാനത്തോടെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണ് നാം. അധ്വാനത്തിനുശേഷം വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ പുഞ്ചിരിക്കുന്ന മുഖത്തോടെ അമ്മ വിളമ്പിത്തന്ന ചൂടുള്ള ചോറ് എരിവുള്ള കറികളും ചേര്‍ത്ത് പൊള്ളിക്കുമളിച്ച കൈകളില്‍ ഉരുട്ടിയുണ്ണുമ്പോള്‍ അനുഭവിക്കുന്ന ആദ്യ അധ്വാനത്തിന്‍റെ സുഖമുള്ള വേദന ഇന്നും നമ്മുടെ മനസില്‍ പച്ചകെടാതെ നില്‍ക്കുന്നു. അങ്ങനെ കൃഷിയെ ഒരു സംസ്കാരമായി നെഞ്ചോടു ചേര്‍ത്ത കുടിയേറ്റ കര്‍ഷകനെ കൈയേറ്റക്കാരനായി ചിത്രീകരിച്ച് കോടതിവിധിയുടെ മറവില്‍ നിയമത്തിന്‍റെ നൂലാമാലകളുടെയും കെട്ടുപാടുകളുടെയും അടിസ്ഥാനത്തില്‍ കുടിയിറക്കാന്‍ ശ്രമിക്കുന്ന കാലമാണിത്.
നമ്മളാരും കുടിയേറിയവരല്ല, മറിച്ച് കുടിയേറ്റപ്പെട്ടവരാണ്. ‘ഗ്രോ മോര്‍ ഫുഡ്’ പദ്ധതിപ്രകാരം സംസ്ഥാനത്ത് ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കുന്നതിനുവേണ്ടി മധ്യതിരുവിതാംകൂറില്‍നിന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക്, ഹൈറേഞ്ചിന്‍റെയും വയനാടിന്‍റെയും മലമടക്കുകളിലേക്ക് കുടിയേറ്റപ്പെട്ടവരാണ് നമ്മുടെ പൂര്‍വികര്‍. അന്നു സംസ്ഥാനത്തിന് കൂടുതല്‍ ഭക്ഷണം ഉത്പാദിപ്പിച്ചുകൊടുക്കുന്നതിനുവേണ്ടി ഭരണാധികാരികളാല്‍ കുടിയേറ്റപ്പെട്ടവരുടെ പിന്മുറക്കാര്‍ ഇന്ന് ആ ഭൂമിയില്‍ സ്വന്തം വാസസ്ഥാനവും കൈവശം ലഭിച്ച ഭൂമിയും നിലനിര്‍ത്തുന്നതിനുവേണ്ടി നെട്ടോട്ടമോടേണ്ട സാഹചര്യമാണ്. ദീര്‍ഘവീഷണമുള്ള ഭരണകര്‍ത്താക്കളുടെ വാക്കുകള്‍ വിശ്വസിച്ച് രാജ്യത്തിനുവേണ്ടി ഭക്ഷ്യോത്പാദനം നടത്തി സ്വസ്ഥതയോടെ ജീവിച്ച കര്‍ഷകരുടെ ശാന്തമായ ജീവിതത്തെ കോടതിവിധികളുടെ മറവില്‍ നിയമത്തിന്‍റെ നൂലാമാലകളുടെയും കെട്ടുപാടുകളുടെയും കുരുക്കില്‍പ്പെടുത്തി ആശങ്കകളുടെയും അനിശ്ചിതത്വത്തിന്‍റെയും ആഴക്കയങ്ങളിലേക്ക് തള്ളിവിടാന്‍ വെമ്പല്‍കൊള്ളുകയാണ് ഇന്നു പലരും. അതിനു കുഴലൂത്തു നടത്തുന്ന സ്വാര്‍ത്ഥമോഹികളായ കപട പരിസ്ഥിതിവാദികളെയും അവരുടെ കൂട്ടാളികളെയും പൊതുസമൂഹത്തിനു മുമ്പില്‍ തുറന്നുകാണിക്കുന്നതിന് കര്‍ഷകര്‍ക്കു സാധിക്കണം.
കര്‍ഷകരായ നമ്മള്‍ ലോകത്തിനു മുഴുവന്‍ അന്നം വിളമ്പുന്നവരാണ്. ദീര്‍ഘവീക്ഷണമുള്ള ഭരണാധിപന്മാര്‍ നമ്മെ ഏല്‍പ്പിച്ച ദൗത്യമാണത്. ഈ ദൗത്യം കര്‍ഷകരായ ഞങ്ങള്‍ നിര്‍വഹിക്കുന്നത് ഞങ്ങള്‍ക്കുവേണ്ടി മാത്രമല്ല. ഒരു കര്‍ഷകകുടുംബത്തിനു ജീവിക്കാന്‍ അധികം ഭക്ഷണമൊന്നും വേണ്ട. വര്‍ഷത്തില്‍ 52 ഏത്ത വാഴയും 20 ഞാലിപ്പൂവനും 20 പാളയന്‍തോടനും 10 റോബസ്റ്റയുമുണ്ടായാല്‍ കര്‍ഷക കുടുംബത്തിന് പഴത്തിനുവേണ്ടിയുള്ള ആവശ്യം കഴിയും. പ്രഭാത ഭക്ഷണത്തിന് 100 മൂടു കപ്പ മതി ഒരു വര്‍ഷത്തേക്ക്. അഞ്ചു പ്ലാവിലെ ചക്കയും രണ്ടു മാവിലെ മാങ്ങയും മതി. ഒരു മാവില്‍ കയറുന്ന പാഷന്‍ഫ്രൂട്ടിലെ ജ്യൂസ് മതി കുടിക്കാന്‍. രണ്ടു നാരകത്തിലെ നാരങ്ങയും ഒരു നെല്ലിയിലെ നെല്ലിക്കയും അച്ചാറുകള്‍ക്ക് ധാരാളം മതിയാകും. ഒരു കപ്പളവും നാലു കാന്താരിയും ഒരുമൂട് കുമ്പളവും ഒരുമൂട് മത്തനും ഒരു കറിവേപ്പുമുണ്ടെങ്കില്‍ കര്‍ഷകകുടുംബ സുഭിക്ഷമായി കഴിയും. 25 മൂട് ചേമ്പും 25 മൂട് ചേനയും 25 മൂട് കാച്ചിലും മതി നാലുമണിക്കത്തെ കാപ്പിക്ക്. 150 അടി വിസ്തീര്‍ണമുള്ള കുളത്തില്‍ ഞങ്ങള്‍ വളര്‍ത്തുന്ന മീന്‍ മതി ഞങ്ങള്‍ക്ക് കറിക്ക്. ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമാകട്ടെ 60 പറനെല്ലു മാത്രം മതി. ഒരു പശുവിന്‍റെ പാലുണ്ടെങ്കില്‍ കുടിക്കാനുള്ള പാലും കറിക്കുള്ള മോരും കറികള്‍ തളിക്കാനുള്ള നെയ്യുമായിക്കഴിഞ്ഞു. പത്തു കോഴിയും ഒരാടുംകൂടിയുണ്ടെങ്കില്‍ കര്‍ഷകന്‍റെ ജീവിതം സുഭിക്ഷമായി. അഞ്ചുസെന്‍റ് ഭൂമിയിലെ കരിമ്പുണ്ടെങ്കില്‍ പഞ്ചസാര ഞങ്ങള്‍ക്കു വേണ്ട. ഇതുണ്ടാക്കാന്‍ ഒരു കര്‍ഷകനും ബുദ്ധിമുട്ടില്ല.
എന്നാല്‍, ചെറുപ്പം മുതലേ സ്കൂളില്‍ ചൊല്ലിപ്പഠിച്ച ഒരു പ്രതിജ്ഞയുണ്ട്. ഇന്ത്യ എന്‍റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരി സഹോദരന്മാരാണ്. അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്ന ജവാനും രാജ്യത്തു ക്രമസമാധാനം പാലിക്കുന്ന പോലീസും കാടിന്‍റെ സംരക്ഷകരായ ഫോറസ്റ്റുകാരും വാഹനം ഓടിക്കുന്ന ഡ്രൈവറും ആതുര ശുശ്രൂഷ ചെയ്യുന്ന ഡോക്ടര്‍മാരും നഴ്സുമാരും കണ്ടുപിടിത്തങ്ങള്‍ നടത്തുന്ന ശാസ്ത്രജ്ഞരും നിയമങ്ങളുണ്ടാക്കുന്ന ജനപ്രതിനിധികളും അവ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരും ഞങ്ങളുടെ സഹോദരങ്ങളാണ്. നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നീതി നിര്‍വഹിക്കുന്ന ന്യായാധിപന്മാരും കക്ഷികള്‍ക്കുവേണ്ടി വാദപ്രതിവാദങ്ങള്‍ നടത്തുന്ന വക്കീലന്മാരും കൃഷിഭൂമിയില്ലാതെ ഫ്ളാറ്റുകളിലും പട്ടണങ്ങളിലും താമസിക്കുന്നവരും ഞങ്ങളുടെ സഹോദരങ്ങളാണ്. അവര്‍ക്കു കൃഷി ചെയ്യുവാന്‍ കൃഷിയിടങ്ങളില്ല. രാവിലെ മുതല്‍ ജോലിക്കു പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് കൃഷിചെയ്യാന്‍ സമയവുമില്ല. ഈ രാജ്യത്തെ കൃഷിക്കാരല്ലാത്ത ജനം ഞങ്ങളുടെ സഹോദരങ്ങളാണെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത. അവര്‍ക്കു ഭക്ഷണം ഉത്പാദിപ്പിക്കണമെന്നാണ് പൂര്‍വികരും ദീര്‍ഘവീഷണമുള്ള ഭരണാധികാരികളും ഞങ്ങളെ പഠിപ്പിച്ചത്. ഞങ്ങളുടെ കൃഷികള്‍ക്കും കൃഷിയിടങ്ങള്‍ക്കും സംരക്ഷണം നല്‍കാതെ വിലക്കുകളും ബുദ്ധിമുട്ടുകളും സൃഷ്ടിക്കുമ്പോള്‍ നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കുമുള്ള ഭക്ഷണമാണ് നിങ്ങള്‍ തട്ടിത്തെറിപ്പിക്കുന്നത്.
രാജ്യത്ത് പരിഷ്കാരങ്ങള്‍ വരുത്തുന്നവര്‍ അതിന്‍റെ പ്രായോഗികതയുംകൂടി പരിഗണിച്ചുവേണം പരിഷ്കാരം നടപ്പിലാക്കാന്‍. നോട്ടുനിരോധനവും, ഡിജിറ്റലൈസേഷനും കാഷ്ലെസ് ഇന്ത്യയുമൊക്കെ വിഭാവനം ചെയ്യുന്നവര്‍ ഒന്നാലോചിക്കേണ്ടതുണ്ട്, ഇന്‍റര്‍നെറ്റില്‍നിന്ന് അന്നം ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റില്ലെന്ന്. ഇനി അഥവാ പറ്റിയാല്‍ അഞ്ചു ദിവസത്തേക്ക് സെര്‍വര്‍ ഡൗണ്‍ ആയാല്‍ പട്ടിണി കിടക്കുകയല്ലാതെ മറ്റ് മാര്‍ഗവുമില്ല. ഒരു യുദ്ധമുണ്ടായാല്‍ ആവശ്യത്തിനുള്ള ഭക്ഷ്യശേഖരമില്ലെങ്കില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന വെള്ളിത്തുട്ടുകള്‍ക്കും നോട്ടുകെട്ടുകള്‍ക്കും യാതൊരു വിലയുമില്ലാതാകും. എന്തിനേറെ, ഒരു ലോറി സമരമുണ്ടായാല്‍, അന്തര്‍സംസ്ഥാന ചരക്കുനീക്കം തടസപ്പെട്ടാല്‍ കമ്പോളത്തില്‍ ഭക്ഷണം വരാതിരുന്നാല്‍ പ്രഭാത ഭക്ഷണത്തിന് വെള്ളിക്കാശും പ്രദോഷ ഭക്ഷണത്തിന് നോട്ടുകെട്ടും കഴിച്ച് വിശപ്പടക്കാനാകുമോ.
എന്നാല്‍, ഞങ്ങള്‍ കര്‍ഷകരുടെ സ്ഥിതി അതല്ല, ഞങ്ങളുടെ തൊടിയിലേക്കിറങ്ങിയാല്‍, രണ്ടു കപ്പ പറിച്ചു പുഴുങ്ങിയാല്‍, ഞങ്ങള്‍ നട്ടുവളര്‍ത്തിയ ചെടികളില്‍ നിന്ന് ഒരു വര്‍ഷം മുഴുവന്‍ ജീവിക്കാനുള്ള ഭക്ഷണം ഞങ്ങളുടെ കൈകളിലുണ്ട്. അതുകൊണ്ട് ഞങ്ങള്‍ അധ്വാനിക്കുന്നത് ഈ രാജ്യത്തിലെ ഞങ്ങളുടെ സഹോദരങ്ങളായ കൃഷിഭൂമിയില്ലാത്ത നിങ്ങളോരോരുത്തര്‍ക്കുംവേണ്ടിയാണെന്ന് ഭരണാധികാരികളും ഉദ്യോഗസ്ഥരും തിരിച്ചറിയണം. ഞങ്ങളുടെ അപേക്ഷകളെ ചുവപ്പുനാടയില്‍ കുരുക്കുമ്പോള്‍ ആ നാട മുറുകുന്നത് നിങ്ങളുടെ കഴുത്തിലാണെന്ന് ഓര്‍മ്മ വേണം.
സ്കൂളുകളിലൊന്നും ഫാസ്റ്റ് ഫുഡ്ഡോ ജങ്ക് ഫുഡ്ഡോ വിതരണം ചെയ്യരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ആരോഗ്യത്തെക്കുറിച്ച് ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് നിങ്ങളെല്ലാവരും. ഫാം ഫ്രഷ് ഉത്പ്പന്നങ്ങള്‍ക്കുവേണ്ടി മനുഷ്യന്‍ ഇന്ന്, പ്രത്യേകിച്ച് ഉദ്യോഗസ്ഥവൃന്ദം നെട്ടോട്ടമോടുകയാണ്. ഫാസ്റ്റ് ഫുഡ്ഡിനെ ഭയപ്പെടുന്ന, സിന്തറ്റിക് മുട്ടയെ പേടിക്കുന്ന, ബ്രോയ്ലര്‍ കോഴിയെ അവജ്ഞയോടെ കാണുന്ന ആരോഗ്യ അവബോധമുള്ള ഒരു തലമുറയാണ് ഞങ്ങളുടെ സഹോദരങ്ങളായ നിങ്ങളോരോരുത്തരുമെന്ന് ഞങ്ങള്‍ അറിയുന്നു.
ഞങ്ങള്‍ക്കു കുടിക്കാനാണെങ്കില്‍ ഒരു പശുവിന്‍റെ പാലുമതി. എല്ലാവര്‍ക്കും പാല്‍ വേണം, അത് സമീകൃതമായിരിക്കണം. പക്ഷേ, നിങ്ങള്‍ക്കുവേണ്ടി പാല്‍ ഉല്‍പ്പാദിപ്പിക്കാന്‍ 10 പശുവിനെ വളര്‍ത്തണമെങ്കില്‍ 10 ലൈസന്‍സെങ്കിലും ഞങ്ങള്‍ക്കുവേണം. നിങ്ങള്‍ക്കു കഴിക്കാന്‍ ഫാം ഫ്രഷ് വാഴപ്പഴം വേണം. എന്നാല്‍, കുരങ്ങിനെ നിങ്ങള്‍ നിയന്ത്രിക്കില്ല. നിങ്ങള്‍ക്കു കഴിക്കാന്‍ ജങ്കുഫുഡിനു പകരം കപ്പയും ചേനയും ചേമ്പും കാച്ചിലും വേണം. അതും ഫാം ഫ്രഷ് തന്നെ വേണം. പക്ഷേ കാട്ടുപന്നിയെ നിയന്ത്രിക്കാനാവില്ല. കുടിക്കാന്‍ വിഷമില്ലാത്ത ഇളനീരും അരയ്ക്കാന്‍ നല്ല തേങ്ങയും വേണം. പക്ഷേ അത് നശിപ്പിക്കുന്ന കാട്ടാനയെ നിയന്ത്രിക്കാനാവുന്നില്ല. കുഞ്ഞുങ്ങള്‍ക്ക് ബ്രോയ്ലര്‍ ചിക്കന്‍ കൊടുക്കാന്‍ നിങ്ങള്‍ക്കു പേടിയാണ്. അതുകൊണ്ട് നാടന്‍കോഴി തന്നെവേണം. എന്നാല്‍, അതിനെ പിടിക്കാന്‍ കാട്ടില്‍ നിന്നു വരുന്ന കുറുക്കനെയും നരിയെയും തടയാന്‍ പറ്റില്ല. നിങ്ങള്‍ക്കു കുടിക്കാന്‍ ഔഷധമുള്ള ആട്ടിന്‍ പാല്‍ വേണം. എന്നാല്‍, ആടിനെ പിടിക്കാന്‍ വരുന്ന പുലിയെ തടയാനാവില്ല. എന്തൊരു നിയമമാണിത്. വനവും വന സമ്പത്തും വന്യജീവിയും സംരക്ഷിക്കപ്പെടണമെന്ന പേരില്‍ നിങ്ങള്‍ക്കുവേണ്ടി ഫാം ഫ്രഷ് ഉത്പ്പന്നങ്ങള്‍ കൃഷിചെയ്യേണ്ട വനത്തോടു ചേര്‍ന്നു കിടക്കുന്ന ഞങ്ങളുടെ കൃഷിഭൂമിയിലേക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് നിങ്ങള്‍.
ഈ പ്രതിസന്ധികള്‍ക്കു നടുവിലും തളരാതെ ഞങ്ങള്‍ നിങ്ങളുടെ അന്നത്തിനായി അധ്വാനിക്കും.
ഫാ. തോമസ് മറ്റമുണ്ടയില്‍
ഇന്‍ഫാം ദേശീയ ഡയറക്ടര്‍