ഇരുള്‍ഭൂപടങ്ങളിലെ ഉത്ഥാനവെളിച്ചം

മാര്‍ ജോസ് പുളിക്കല്‍

മനുഷ്യന്‍റെ നിസാരതയും നിസഹായതയും മറനീക്കി പുറത്തുവരുന്ന കൊറോണാക്കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. മരണത്തിന്‍റെ കട്ടപിടിച്ച ഇരുട്ട് ചുറ്റുപാടും പരക്കുന്നതിന്‍റെ നൊമ്പരം നമ്മെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. പ്രിയപ്പെട്ടവര്‍ രോഗികളായതിന്‍റെ വിങ്ങലുകള്‍, ജീവിക്കാന്‍ ജോലിയും പണവുമില്ലാത്തതിന്‍റെ ഭാരങ്ങള്‍, വീടുകളില്‍ ഒറ്റപ്പെട്ടപോയ വൃദ്ധജനങ്ങളുടെ ദുഃഖങ്ങള്‍… ഇങ്ങനെ നീളുന്നു കഥനകഥകള്‍.
എല്ലാം കൈപ്പിടിയില്‍ ഒതുങ്ങുമെന്ന് ചിന്തിച്ച ലോകത്തിലെ മഹാശക്തികള്‍ നടുങ്ങിവിറച്ചുതുടങ്ങി. എല്ലാത്തിനും ഉത്തരമുണ്ടെന്ന് ശഠിച്ച യുക്തിവാദികളും ദൈവനിഷേധികളും അര്‍ത്ഥശൂന്യമായ ജല്പനങ്ങള്‍ നടത്തി വഴിമാറി നടക്കുന്നു. എന്നാല്‍, അവരില്‍ സത്യാന്വേഷികളായ ചിലരെല്ലാം സനാതന സത്യമായ സ്രഷ്ടാവിലേക്ക് മടങ്ങിയെത്തുന്നുമുണ്ട്. വലിയ കണ്ടെത്തലുകള്‍ നടത്തിയ ശാസ്ത്രലോകം ഒരു ഇത്തിരിപ്പോന്ന ആര്‍.എന്‍.എ. വൈറസിന്‍റെ മുമ്പില്‍ മറുപടിയില്ലാതെ പകച്ചുകൊണ്ട് പഠനങ്ങള്‍ തുടരുന്നു. ചുരുക്കത്തില്‍ മനുഷ്യന്‍ കേവലം വിഭൂതി (പൊടി) തന്നെയാണെന്ന യാഥാര്‍ത്ഥ്യം നമ്മള്‍ വ്യക്തമായി തിരിച്ചറിയുന്നു. ഒപ്പം, ഈ ഇരുണ്ടകാലത്ത് വെളിച്ചം നല്‍കാന്‍ വിശ്വാസത്തിനു മാത്രമേ കഴിയുകയുള്ളുവെന്ന് നമ്മള്‍ മനസ്സിലാക്കണം.

കാഴ്ചയുടെ ലോകത്തിലേക്ക്
വിഭൂതിയില്‍ ആരംഭംകുറിച്ച നോമ്പുകാലം ഉയിര്‍പ്പിന്‍റെ മഹത്വത്തിലേക്ക് കടക്കുമ്പോള്‍ ഈ മനുഷ്യജന്മം പൊടിയിലൊടുങ്ങാനുള്ളതല്ലായെന്ന സത്യം ഉച്ചത്തില്‍ പ്രഘോഷിക്കപ്പെടുകയാണ്. തീഷ്ണമായ ദാഹത്തോടെ സ്നേഹത്തിന്‍റെ നിര്‍ബന്ധത്താല്‍ പ്രേരിതയായി ഈശോയെ തേടിയിറങ്ങിയ മഗ്ദലനക്കാരി മറിയം നമ്മുടെ ധ്യാനവിഷയമാകുന്നത് നല്ലത്. തന്‍റെ മുമ്പിലുള്ള പ്രതിസന്ധിയുടെ കല്ല് ആര് ഉരുട്ടിമാറ്റുമെന്നുപോലും നിശ്ചയമില്ലാതിരിക്കെ തന്നെ അവള്‍ ഇറങ്ങിപ്പുറപ്പെട്ടു. അവളുടെ സ്നേഹത്തില്‍ ആഴമായ വിശ്വാസത്തിന്‍റെ മുഴക്കമുണ്ട്, ആരെപ്പറ്റിയും ഒന്നിനെക്കുറിച്ചും തെല്ലും ഭയമില്ല. അന്വേഷണത്തിന്‍റെ അവസാനം ഉത്ഥിതനെ നേരില്‍ കണ്ടുമുട്ടിയ അവളുടെ നാമം ആദ്യത്തെ പ്രേഷിത പ്രമുഖയായി സുവിശേഷത്താളുകളില്‍ രേഖപ്പെടുത്തപ്പെട്ടു. വിശ്വാസം നമ്മെ യഥാര്‍ത്ഥ കാഴ്ചയുടെ ലോകത്തിലേക്കാണ് നയിക്കുന്നത്.
വിശ്വാസം ശരിയായ അര്‍ത്ഥത്തില്‍ കാഴ്ച തന്നെയാണെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ ചാക്രിക ലേഖനത്തില്‍ കുറിച്ചു. “വിശ്വസിക്കുന്നവര്‍ കാണുന്നു, തങ്ങളുടെ യാത്രയെ മുഴുവന്‍ പ്രകാശിപ്പിക്കുന്ന ഒരു വെളിച്ചം കൊണ്ടു കാണുന്നു. കാരണം, ആ പ്രകാശം ഉത്ഥിതനായ മിശിഹായില്‍ നിന്ന് ഒരിക്കലും അസ്തമിക്കാത്ത പ്രഭാത നക്ഷത്രത്തില്‍ നിന്നു വരുന്നതാണ്” (ഘൗാലി എശറലശ 1). പാപ്പാ തുടര്‍ന്ന് എഴുതി, വിശ്വാസമെന്നത് മിശിഹാ സ്വന്തം കണ്ണുകള്‍കൊണ്ട് കാണുന്നതുപോലെ ദര്‍ശിക്കുന്നതും അവിടുത്തെ കാഴ്ചപ്പാടില്‍ പങ്കുചേരുന്നതുമാണ്. (ഇള. ഘ.എ. 18). ഈശോയുടെ ജീവിതത്തില്‍ തിളങ്ങിയ ആര്‍ദ്ര സ്നേഹത്തിന്‍റെ, കരുതലിന്‍റെ ജീവിതശൈലി സ്വന്തമാക്കി സഹജീവിതങ്ങളോടു ചേര്‍ന്നു യാത്ര ചെയ്യുമ്പോഴാണ് നമ്മള്‍ ക്രിസ്തുശിഷ്യരായിത്തീരുന്നത്.

ആദിതാളത്തിലേക്ക് മടങ്ങണം
ഇടറിപ്പോയ മനുഷ്യന്‍റെ മുമ്പില്‍ ഉത്ഥിതനായ മിശിഹാ ഉയര്‍ത്തുന്ന അടിസ്ഥാനപരമായ ചില വെല്ലുവിളികളുണ്ട്. നമ്മെ ആത്മപരിശോധനകളിലേക്കെത്തിക്കുന്ന ആഴമുള്ള വിചാരങ്ങള്‍! നമ്മുടെ ജീവിതത്തില്‍ സൃഷ്ടലോകത്തിന്‍റെ ആദികാരണമായ ദൈവത്തിനു നല്‍കപ്പെട്ട സ്ഥാനമെവിടെ? ‘ഞാന്‍ എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരനാണോ’ എന്ന മറുതലിപ്പിന്‍റെ പുരാതന ശാഠ്യം ഇനിയും നമ്മള്‍ ആവര്‍ത്തിക്കണമോ? ദൈവം നമുക്കു കനിഞ്ഞു നല്‍കിയ പ്രകൃതിയെന്ന പൊതുഭവനത്തെ വീണ്ടും നമ്മള്‍ ചൂഷണത്തിനും ക്രൂരതയ്ക്കും വിട്ടു നല്‍കണമോ? മനുഷ്യലോകത്തിന്‍റെ തകര്‍ച്ചകളുടെ പിന്നിലെന്ത് എന്ന വസ്തുത ഈ അടിസ്ഥാന ചോദ്യങ്ങള്‍ നമ്മുടെ മുമ്പില്‍ നിരത്തുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. ദൈവതിരസ്കരണമെന്ന ആദിപാപത്തിന്‍റെ തനിയാവര്‍ത്തനങ്ങള്‍ തന്നെയാണ് ദൈവത്തിന്‍റെ ഹിതത്തിനു വിഘാതമായി മനുഷ്യന്‍ നിലപാടു സ്വീകരിക്കുമ്പോള്‍ സംഭവിക്കുന്നതെല്ലാം. എല്ലാം വെട്ടിപ്പിടിക്കാമെന്നും സ്വന്തമാക്കാമെന്നും വ്യാമോഹിച്ച മനുഷ്യലോകത്തിനു ക്രമഭംഗം ഭവിച്ചതിന്‍റെ ഓര്‍മപ്പെടുത്തല്‍കൂടിയല്ലേ മഹാമാരികളും ദുരന്തങ്ങളും!
നിസംഗതയുടെ ആഗോളീകരണത്തില്‍ ഭൗതിക സാഹചര്യങ്ങള്‍ അടുപ്പം സൃഷ്ടിക്കുമ്പോഴും ആന്തരികമായി വലിയ അകലങ്ങളിലാണ് മനുഷ്യന്‍ അധിവസിക്കുന്നത്. ഈ അകലങ്ങളില്‍ നിന്നുകൊണ്ട് അവര്‍ പടവാളുയര്‍ത്തി പരസ്പരം കലഹിക്കുന്നു. കൂട്ടം ചേര്‍ന്നു പൊരുതി കുരുതിക്കളങ്ങള്‍ രൂപപ്പെടുത്തുന്നു. പ്രകൃതിയെ കീറിമുറിച്ചും ഇടിച്ചുനിരത്തിയും ഭൂമിയില്‍ മാലിന്യക്കൂമ്പാരങ്ങള്‍ നിറച്ചും നമ്മള്‍ നടത്തുന്ന ദ്രോഹങ്ങള്‍ ഗൗരവമായ തിന്മയും ദൈവിക പദ്ധതിയോടുള്ള വെല്ലുവിളിയുമാണ്. ദൈവം രൂപപ്പെടുത്തിയ പ്രപഞ്ചത്തിന്‍റെ ആദിതാളങ്ങളിലേക്ക് തിരികെ നടക്കാന്‍ കാലമായി എന്നതാണ് ഉയിര്‍ത്തെഴുന്നേറ്റവന്‍ നമുക്കു നല്‍കുന്ന സന്ദേശം.
ശൂന്യമായ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ മാര്‍ച്ച് 27-ന്‍റെ ഇരുണ്ട സായാഹ്നത്തില്‍ വാര്‍ദ്ധക്യത്തിന്‍റെ വേപ്പലോടെ എത്തി ലോകത്തിന്‍റെ ദുഃഖഭാരങ്ങള്‍ ഹൃദയത്തിലേറ്റു വാങ്ങിക്കൊണ്ട് വലിയ മുക്കുവന്‍ പറഞ്ഞവയെല്ലാം ഹൃദയ സ്പര്‍ശിയാണ്. പ്രക്ഷുപ്തമായ കടലിലൂടെ നീങ്ങുന്ന വഞ്ചിയില്‍ നമ്മള്‍ എല്ലാം മറന്ന് ഒന്നിച്ചു നീങ്ങുകയാണെന്ന് ഫ്രാന്‍സീസ് പാപ്പാ ഓര്‍മിപ്പിച്ചു. “ശിഷ്യന്മാരെപ്പോലെ അവന്‍ കൂടെയുണ്ടെങ്കില്‍ വഞ്ചി തകരുകയില്ലെന്ന വിശ്വാസം നമുക്ക് അനുഭവിക്കാം… കൊടുങ്കാറ്റിനിടയില്‍ എല്ലാം ആടിയുലയുന്നതായി തോന്നുന്ന ഈ മണിക്കൂറില്‍ ധൈര്യവും പിന്തുണയും ഐക്യദാര്‍ഢ്യവും പ്രത്യാശയും പുനര്‍ ജീവിപ്പിക്കാനും പ്രായോഗികമാക്കാനും കര്‍ത്താവ് നമ്മെ ക്ഷണിക്കുന്നു”. ഉത്ഥിതന്‍റെ മിഴികളിലേക്കു നോക്കി വിശ്വാസത്തിന്‍റെ ഉറപ്പോടെ, നല്ല നാളെയുടെ പ്രത്യാശയില്‍, സ്നേഹത്തിന്‍റെ കൂട്ടായ്മയില്‍ നമുക്ക് യാത്ര തുടരുവാന്‍ കഴിയണം.

കൊറോണക്കാലത്തെ ഗാര്‍ഹിക പരിസരങ്ങള്‍
പ്രിയപ്പെട്ട സഹോദരങ്ങളേ, ഈ നാളുകളില്‍ ഭവനങ്ങളിലായിരുന്നുകൊണ്ട് നമ്മുടെ ഗാര്‍ഹിക പരിസരങ്ങളെ വേണ്ടവിധം വിശ്വാസത്തിലും അഭിവൃദ്ധിയിലും വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കുമല്ലോ. നമുക്കിപ്പോള്‍ അപ്രതീക്ഷിതമായി ലഭിച്ച സമയത്തെ വേണ്ടവിധം ഉപയോഗപ്പെടുത്താതിരുന്നാല്‍ അത് തീരാ നഷ്ടമായിരിക്കും. ക്രിയാത്മകമായി എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ട് ഈ അവസരം ഫലപ്രദമാക്കാന്‍ നാം ശ്രദ്ധിക്കണം. പച്ചക്കറിച്ചെടികള്‍ വീട്ടുവളപ്പില്‍ നട്ടുപിടിപ്പിച്ചും കരകൗശല വസ്തുക്കള്‍ നിര്‍മിച്ചും വിവിധ കൈത്തൊഴിലുകളിലേര്‍പ്പെട്ടും നമ്മുടെ കുടുംബാന്തരീക്ഷം ക്രിയാത്മകമാക്കാന്‍ കഴിയും. സഭാപ്രബോധനങ്ങളുടെ പഠനം, മൂല്യാധിഷ്ഠിത വായന, ക്രിയാത്മകമായ എഴുത്തുകള്‍, പ്രചോദനാത്മക സന്ദേശങ്ങള്‍ പങ്കുവയ്ക്കല്‍ തുടങ്ങിയവയെല്ലാം നമ്മെ ഉപരി വളര്‍ത്തുകതന്നെ ചെയ്യും. നമ്മുടെ രൂപതയിലെ വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വൈദികരുടെയും നേതൃത്വത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ പഠന പദ്ധതികള്‍, ക്വിസ് പ്രോഗ്രാമുകള്‍ തുടങ്ങിയവ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ്. ഇവയിലൊക്കെ സജീവമായി പങ്കുചേരുവാന്‍ ശ്രദ്ധിക്കുമല്ലോ.
ഈ സാഹചര്യത്തില്‍ വി. ഗ്രന്ഥം ധ്യാനപൂര്‍വ്വം വായിച്ചു സ്വാംശീകരിക്കുന്നത് വളരെ അനുഗ്രഹപ്രദമാണ്. സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥനയായ യാമ പ്രാര്‍ത്ഥനകള്‍ ഒരുമിച്ചു ചൊല്ലിയും കൊന്തനമസ്കാരം, കുരിശിന്‍റെ വഴി, കരുണയുടെ ജപമാല തുടങ്ങിയവ പ്രാര്‍ത്ഥിച്ചും നമുക്ക് കുടുംബങ്ങള്‍ ദൈവാലയങ്ങളാക്കി മാറ്റുവാന്‍ കഴിയട്ടെ. ബഹുമാനപ്പെട്ട വൈദികര്‍ നമുക്കുവേണ്ടി പരിശുദ്ധ കുര്‍ബാനയര്‍പ്പിക്കുമ്പോള്‍ ഭവനങ്ങളിലായിരുന്നുകൊണ്ട് തല്‍സമയത്തു തന്നെ അതില്‍ യോഗ്യതാപൂര്‍വം പങ്കുചേരുവാന്‍ നമ്മള്‍ ശ്രമിക്കണം. ഇടവക ദൈവാലയങ്ങളില്‍ തനിച്ചായിരിക്കുന്ന ബഹു. അച്ചന്മാരെ സ്നേഹപൂര്‍വം ഓര്‍മിച്ചു പ്രാര്‍ത്ഥിക്കുവാന്‍ നമ്മള്‍ മറക്കരുത്. നമ്മുടെ വൈദികരോടും സന്യസ്തരോടും ചേര്‍ന്ന്, കാലിക സാഹചര്യങ്ങളില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രോഗത്തിലും രോഗീശുശ്രൂഷകളിലുമായിരിക്കുന്ന, എല്ലാവര്‍ക്കും വേണ്ടി നമുക്ക് മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാന്‍ സാധിക്കട്ടെ. ഞാനും നിങ്ങള്‍ എല്ലാവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് സ്നേഹപൂര്‍വം കൂടെയുണ്ട്.
ഈ പീഡാനുഭവകാലവും കടന്ന് ഉത്ഥാനത്തിന്‍റെ സമാധാനത്തിലേക്ക് നമ്മള്‍ പ്രവേശിക്കുക തന്നെ ചെയ്യും. കോവിഡ് 19 പിന്നിടുമ്പോള്‍ ലോക ക്രമങ്ങളില്‍ തന്നെ വലിയ മാറ്റങ്ങള്‍ക്കു സാധ്യതയുണ്ട്. ഒരു പുതിയ ആകാശവും പുതിയ ഭൂമിയും നമ്മുടെ ഹൃദയത്തില്‍ രൂപപ്പെടുത്തിയെടുക്കുവാന്‍ നമ്മള്‍ ശ്രമിക്കണം. സുവിശേഷത്തിന്‍റെ ചൈതന്യത്തില്‍ നിറഞ്ഞ പുതിയൊരു ജീവിതക്രമം കുടുംബത്തിലും സമൂഹത്തിലും പാലിക്കുവാന്‍ ഇതൊരു അവസരമായിത്തീരണം. ദൈവത്തെ ഉപരി സ്നേഹിച്ചുകൊണ്ട് മനുഷ്യനെയും പ്രകൃതിയെയും ആദരിക്കുന്ന പുതിയ സംസ്കൃതിക്ക് രൂപം നല്‍കാന്‍ നമുക്ക് കഴിയട്ടെ. സഭയോടു ചേര്‍ന്ന് പ്രാര്‍ത്ഥിച്ചും പങ്കുവച്ചും നമുക്കൊരുമിച്ച് യാത്ര തുടരാം. ഈ തോണിയുടെ അമരത്ത് മിശിഹാ നമ്മോടൊപ്പമുണ്ടെന്നു മറക്കാതിരിക്കാം. ഉയിര്‍പ്പു തിരുനാളിന്‍റെ ശാന്തിയും കൃപകളും നിങ്ങള്‍ ഓരോരുത്തര്‍ക്കും സ്നേഹപൂര്‍വം ആശംസിക്കുന്നു.

Leave a Reply