മര്‍ക്കോസിന്‍റെ സുവിശേഷം നാലാം അധ്യായം 35 മുതല്‍ ഉള്ള വാക്യങ്ങളില്‍ യേശു കടലിനെ ശാന്തമാക്കുന്ന ഭാഗമാണ് മാര്‍പാപ്പ പ്രമേയമായി എടുത്തത്.
മര്‍ക്കോസിന്‍റെ സുവിശേഷം നാലാം അധ്യായം 35 ആം വചനം ഇങ്ങനെയാണ്: അന്ന് സായാഹ്നം ആയപ്പോള്‍ അവന്‍ അവരോടു പറഞ്ഞു, അതെ കുറച്ചുനാളുകളായി ലോകം മുഴുവന്‍ സായാഹ്നം ആയ പ്രതീതിയാണ്. നമ്മുടെ നഗരങ്ങളെയും തെരുവുകളെയും ജീവിതങ്ങളെയും കനത്ത നിശബ്ദതയുടെ ഇരുട്ട് പൊതിഞ്ഞിരിക്കുന്നു. ആളുകളുടെ മുഖങ്ങളിലും നോട്ടങ്ങളിലും ഭീതി നിഴലിക്കുന്നു. ശിഷ്യന്മാര്‍ അപ്രതീക്ഷിതമായി കൊടുങ്കാറ്റില്‍ അകപ്പെട്ടതുപോലെ ലോകവും ഒരു പ്രതിസന്ധിയില്‍ ആയിരിക്കുന്നു. നമ്മള്‍ എല്ലാം ഒരേ വള്ളത്തില്‍ യാത്രചെയ്യുന്ന യാത്രക്കാരാണെന്ന് ഈ മഹാമാരി നമ്മെ അനുസ്മരിപ്പിക്കുന്നു. ഒരുമിച്ച് തുഴയേണ്ട, പരസ്പരം ബന്ധപ്പെടുത്തേണ്ട നാളുകളാണ് ഇത്. ഗുരോ ഞങ്ങള്‍ നശിക്കാന്‍ പോകുന്നു എന്നാണ് ശിഷ്യന്‍മാര്‍ നിലവിളിച്ചത്. എല്ലാവര്‍ക്കും വേണ്ടിയുള്ള ഒരേസ്വരത്തില്‍ ഉയര്‍ന്ന നിലവിളിയായിരുന്നു ഇത്. ഈ സംഭവത്തിലെ ഈശോയുടെ പ്രതികരണമാണ് നമുക്ക് മനസ്സിലാക്കാന്‍ ഏറെ പ്രയാസം. ശിഷ്യന്മാര്‍ ഭയന്ന് നിലവിളിക്കുമ്പോഴും ഈശോ ശാന്തമായി ഉറങ്ങുകയാണ്. ഉറങ്ങുന്ന ഈശോയെ സുവിശേഷം ചിത്രീകരിക്കുന്നത് ഇവിടെ മാത്രമാണ്. ഉറക്കമുണര്‍ന്ന് കാറ്റിനെയും കടലിനെയും ശാന്തമാക്കിയ യേശു ചോദിക്കുന്നത് ഇങ്ങനെയാണ്: നിങ്ങള്‍ ഭയപ്പെട്ടത് എന്തിന് നിങ്ങള്‍ക്ക് വിശ്വാസമില്ലേ. നിനക്ക് ഞങ്ങളുടെ കാര്യത്തില്‍ ശ്രദ്ധയില്ല എന്നാണ് ശിഷ്യന്മാര്‍ പരിഭവം പറയുന്നത്. എന്നാല്‍ മറ്റാരെക്കാളും കര്‍ത്താവിന് നമ്മളെക്കുറിച്ച് കരുതല്‍ ഉണ്ട്. അപ്രതീക്ഷിതമായി ഉണ്ടായ കൊടുങ്കാറ്റ് മനുഷ്യന്‍റെ നിസ്സഹായതയും നിസ്സാരതയും വെളിപ്പെടുത്തുന്നുണ്ട്. നമ്മുടെ പദ്ധതികളും പ്ലാനുകളും ബുദ്ധിവൈഭവങ്ങളും രക്ഷിക്കും എന്ന് കരുതി നമ്മള്‍ ആശ്രയിക്കുന്ന സിദ്ധാന്തങ്ങളും എത്ര നിസ്സാരമാണെന്ന് തെളിയിക്കപ്പെടുന്ന സന്ദര്‍ഭങ്ങളാണ് അവ. ആപത്ക്കാലങ്ങളെ മറികടക്കാനുള്ള യഥാര്‍ത്ഥ മരുന്നുകള്‍ നമ്മുടെ കൈകളില്‍ ഇനിയും ഇല്ലെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു.
ഈ കൊടുങ്കാറ്റില്‍ നമ്മുടെ താന്‍പോരിമയുടെെ പൊയ്മുഖങ്ങളള്‍ അഴിഞ്ഞു വീണിരിക്കുന്നു. ഒരുമിച്ച് നില്‍ക്കുക അല്ലെങ്കില്‍ നശിക്കുക എന്നത് യാഥാര്‍ഥ്യമായിരിക്കുന്നു. നിങ്ങള്‍ എന്തിനു ഭയപ്പെടുന്നു, നിങ്ങള്‍ക്ക് വിശ്വാസമില്ലേ എന്ന ഈശോയുടെ വാക്കുകള്‍ക്ക് ഈ പ്രതിസന്ധിഘട്ടത്തില്‍ നമ്മള്‍ ചെവി കൊടുക്കണം. നമ്മള്‍ സ്നേഹിക്കുന്നതിലും ഉപരി ദൈവം ഭൂമിയെ സ്നേഹിക്കുന്നുണ്ടല്ലോ. എന്നാല്‍ നമ്മളാകട്ടെ തിരക്കിട്ട, ആര്‍ത്തിപൂണ്ട ജീവിതത്തിനിടയില്‍ പലതും വിസ്മരിച്ചു. എല്ലാം നമ്മളെക്കൊണ്ട് തന്നെ സാധ്യമാണെന്ന് തെറ്റിദ്ധരിച്ചു. പ്രപഞ്ചത്തെ രോഗാതുരമാക്കി നമുക്ക് നിലനില്‍ക്കാമെന്ന് വ്യാമോഹിച്ചു. യുദ്ധങ്ങളും, അനീതികളും പാവങ്ങളുടെ നിലവിളികളും കണ്ടില്ലെന്നു നടിച്ചു. ഇനി നമുക്കിപ്പോള്‍ ഒരുമിച്ച് നിലവിളിക്കേണ്ടതുണ്ട്. കര്‍ത്താവേ ഉണര്‍ന്നാലും. ദൈവമേ അവിടുന്നു ഞങ്ങളെ ആഴമേറിയ വിശ്വാസത്തിലേക്ക് ക്ഷണിക്കുന്നുണ്ട്, ഈ പ്രതിസന്ധി നാളുകളില്‍. ദൈവം ഉണ്ടോ എന്ന് വിശ്വസിക്കാന്‍ അല്ല, അവിടുന്നില്‍ ശരണപ്പെടാനുള്ള സമയമാണിത്. മുഴുഹൃദയത്തോടെ എന്നിലേയ്ക്ക് തിരിയുക ജോയല്‍ പ്രവാചകന്‍റെ പുസ്തകം 2:12 ല്‍ ദൈവം ആഹ്വാനം ചെയ്യുന്നു. ഇത് അവിടുത്തെ വിധിയുടെ നാളുകളല്ല. നമ്മള്‍ നമ്മളെത്തന്നെ വിധിക്കാനുള്ള നാളുകളാണ്. ഏതാണ് സത്യം ഏതാണ് മിഥ്യ എന്ന് തിരിച്ചറിഞ്ഞ് സത്യത്തിലേയ്ക്ക് കടന്നുവരാനുള്ള നാളുകള്‍.
ഈ മഹാവിപത്തിനെ നേരിടാന്‍ സ്വയം ജീവിതം ഈ നാളുകളില്‍ ഹോമിച്ച എല്ലാവരെയും മാതൃകയാക്കേണ്ടതുണ്ട്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍, തൂപ്പുകാര്‍, ശുശ്രൂഷകര്‍, ഡ്രൈവര്‍മാര്‍, നിയമപാലകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, വൈദികര്‍, സന്യാസിനികള്‍ തുടങ്ങിയ എല്ലാവരെയും ഞാന്‍ അനുസ്മരിക്കുന്നു. തങ്ങളുടെ പതിവ് ജീവിതശൈലികള്‍ മാറ്റിവെച്ച് എത്രയോ ആളുകള്‍ കുടുംബത്തിനു വേണ്ടിയും സമൂഹത്തിന് വേണ്ടിയും ലോകം മുഴുവന് വേണ്ടിയും ഈ നാളുകളില്‍ ത്യാഗം ചെയ്യുന്നുണ്ട്. എത്രയോ ആളുകള്‍ മധ്യസ്ഥ പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെടുന്നുണ്ട്. പ്രാര്‍ത്ഥനയും നിശബ്ദ സേവനവുമാണ് നമ്മുടെ വിജയ ആയുധങ്ങള്‍. നിങ്ങള്‍ എന്തിനു ഭയപ്പെടുന്നു, നിങ്ങള്‍ക്ക് വിശ്വാസമില്ലേ. എനിക്ക് രക്ഷ ആവശ്യമുണ്ട് എന്ന തിരിച്ചറിവില്‍ നിന്നാണ് വിശ്വാസം ജന്മമെടുക്കുന്നത്. നമ്മള്‍ നമ്മില്‍ തന്നെ എല്ലാം തികഞ്ഞവരല്ല. ദൈവകൃപ നമ്മുക്ക് ആവശ്യമാണ്. ആദ്യകാല നാവികര്‍ക്ക് ദിശകാട്ടാന്‍ നക്ഷത്രങ്ങള്‍ ആവശ്യമുണ്ടായിരുന്നതു പോലെ തന്നെ. ക്രിസ്തുവിനെ നമ്മുക്ക് നമ്മുടെ ജീവിത വള്ളങ്ങളിലേയ്ക്ക് ക്ഷണിക്കാം. നമ്മുടെ ഭയങ്ങള്‍ അവന് വിട്ടുകൊടുക്കാം. അവന്‍ അവയെ പരാജയപ്പെടുത്തിക്കൊള്ളും. അവിടുന്ന് കൂടെയുള്ളപ്പോള്‍ വള്ളം തകരില്ലന്ന് ഉറപ്പാണ്. ശുഭകാലങ്ങളില്‍ ആകട്ടെ അശുഭ കാലങ്ങളില്‍ ആകട്ടെ കര്‍ത്താവ് ജീവിത വള്ളത്തില്‍ ഉള്ളപ്പോള്‍ നമ്മുടെ ശാന്തത ഒരിക്കലും നഷ്ടപ്പെടില്ല. കാരണം അവിടുന്നുള്ളിടത്ത് നിത്യജീവന്‍ ഉണ്ട്. എല്ലാം തകരുന്നു എന്നു തോന്നുന്ന ഈ നാളുകളില്‍ സ്വയം നവീകരിക്കപ്പെടാനും, പരസ്പരം തണല്‍ ആകാനും പ്രതീക്ഷ പകരാനും ദൈവം നമ്മെ ക്ഷണിക്കുന്നു. നിശ്ചയമായും കര്‍ത്താവ് ഉണരും. നമ്മളെ ഒരു പുതിയ ജീവിത ശൈലിയിലേയ്ക്ക് ഉണര്‍ത്താന്‍, സംശയമില്ല. നമ്മള്‍ രക്ഷിക്കപ്പെട്ട കുരിശു തന്നെയാണ് ഈ കോളിളക്കത്തില്‍ നമുക്ക് നങ്കൂരം. അവിടുത്തെ രക്ഷാകര സ്നേഹത്തില്‍ നിന്ന് ഒരു വിപത് കാലത്തിനും നമ്മെ അകറ്റിക്കളയാനാകില്ല.
വീടുകളിലും, മുറികളിലും ലോക് ഡൗണ്‍ ചെയ്യപ്പെട്ടിരിക്കുന്ന ഈ നാളുകളില്‍ പലരും കടുത്ത ഏകാന്തത അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഒരു കാര്യം മറക്കരുത് ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തു ഏത് അടഞ്ഞ വാതിലുകള്‍ക്കുള്ളിലും ഭയപ്പെടേണ്ട എന്ന സന്ദേശവുമായി എത്തും. പ്രത്യാശയുടെ തിരിനാളം ഒരിക്കലും അണയാതെ നമ്മള്‍ സൂക്ഷിക്കേണ്ടതുണ്ട്. അവിടുത്തെ കുരിശിനെ ആശ്ലേഷിക്കുക എന്നാല്‍ ഈ നാളുകളിലെ മുഴുവന്‍ കഷ്ട്ടതകളേയും ആശ്ലേഷിക്കുക എന്ന് തന്നെയാണര്‍ത്ഥം. അധികാരത്തിനും സ്വന്തമാക്കലുകള്‍ക്കുമുളള അമിതാവേശങ്ങള്‍ ഈ നാളുകളില്‍ എങ്കിലും മാറ്റിവയ്ക്കാം. കുടുതലായി കര്‍ത്താവിനെ പുണരാം. അവിടുത്തെ ആശ്ലേഷിക്കുക എന്നാല്‍ സകല ഭയത്തില്‍ നിന്നും നമ്മെ വിടുവിക്കുന്ന പ്രത്യാശയെ ആശ്ലേഷിക്കുക എന്ന് തന്നെയാണ്. പത്രോസിന്‍റെ ഉറച്ച പാറമേല്‍ സ്ഥാപിതമായിരിക്കുന്ന ഈ സ്ഥലത്ത് നിന്ന് ഞാന്‍ നിങ്ങള്‍ എല്ലാവരെയും കര്‍ത്താവിന്‍റെ കരുതലിന്‍റെ കരങ്ങളിലേക്ക് ഭരമേല്‍പ്പിക്കുന്നു. രോഗികളുടെ ആരോഗ്യവും, കോളിളകുന്ന കടലില്‍ ഉഷകാല നക്ഷത്രവുമായ പരിശുദ്ധ കന്യാമറിയത്തിന്‍റെ തുണ ഉണ്ടാകട്ടെ നിങ്ങള്‍ക്ക്. റോമാ നഗരത്തെയും ലോകം മുഴുവന്‍ ആശ്ലേഷിക്കുന്ന ഈ വത്തിക്കാന്‍ ചത്വരത്തില്‍ നിന്ന് കര്‍ത്താവിന്‍റെ സമാശ്വാസവും അനുഗ്രഹങ്ങളും നിങ്ങള്‍ക്ക് ഞാന്‍ നേരുന്നു.
ദൈവമേ ലോകത്തെ ആശീര്‍വദിക്കണമേ. ഞങ്ങളുടെ ശരീരങ്ങളെ ആരോഗ്യത്താലും ഹൃദയങ്ങളെ വിശ്വാസത്താലും നിറയ്ക്കണമേ. അങ്ങ് ഞങ്ങളെ ഒരു കൊടുങ്കാറ്റിനും വിട്ടുകൊടുക്കില്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഭയപ്പെടേണ്ട എന്ന് വീണ്ടും വീണ്ടും ഞങ്ങളോട് മന്ത്രിച്ചാലും. പത്രോസ് ശ്ലീഹായോട് ചേര്‍ന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു : നിങ്ങളുടെ ഉല്‍ക്കണ്ഠകള്‍ കര്‍ത്താവിനെ ഏല്‍പ്പിക്കുക. അവിടുന്ന് നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്. (1 പത്രോസ് 5:7 )
കടപ്പാട്: ഫാ. സാബു തോമസ്
- ഇരുള്ഭൂപടങ്ങളിലെ ഉത്ഥാനവെളിച്ചം
- കോവിഡ് 19, നമ്മള്‍ അറിഞ്ഞിരിക്കേണ്ടത്