കംപ്യൂട്ടര്‍ രംഗത്തെ നൂതന വിപ്ലവങ്ങള്‍ മലയാളം കംപ്യൂട്ടിംഗ്

ഡോ. ജൂബി മാത്യു
അസോ. പ്രൊഫസര്‍, അമല്‍ജ്യോതി കോളേജ്


ആശയവിനിമയത്തിനുള്ള ഒരു മാധ്യമമായ ഭാഷയെ ശബ്ദങ്ങളുടെ ഒരു കൂട്ടം എന്ന് വിശേഷിപ്പിക്കാം. ദ്രാവിഡ-ആര്യന്‍ ഭാഷകള്‍, ആഫ്രിക്കന്‍ ഭാഷകള്‍ എന്നതുപോലെ കംപ്യൂട്ടര്‍ ഭാഷ എന്നൊരു വിഭാഗം കൂടി കടന്നുവന്നിരിക്കുന്നു. ഇംഗ്ലീഷ് ഭാഷ മാത്രം അറിഞ്ഞിരുന്ന കംപ്യൂട്ടറുകളില്‍നിന്നും കാലം ഏറെ പുരോഗമിച്ചിരിക്കുന്നു. ഇംഗ്ലീഷ് പരിജ്ഞാനം ഉള്ളവരുടെയും ഇലക്ട്രോണിക്സ് വിദഗ്ധരുടെയും മാത്രം കുത്തകയായി കംപ്യൂട്ടറിനെ കണ്ടിരുന്ന കാലഘട്ടത്തില്‍നിന്ന് മാറി കംപ്യൂട്ടര്‍ ഇന്ന് ഏറെ ജനകീയമായിരിക്കുകയാണ്. മലയാളം അടക്കമുള്ള പല പ്രാദേശികഭാഷകളും ഇന്ന് കംപ്യൂട്ടറുകളില്‍ ഉപയോഗിച്ചുവരുന്നു. പ്രാദേശികഭാഷാ പിന്തുണയാണ് കംപ്യൂട്ടറിനെ ഇത്രകണ്ട് ജനകീയമാക്കാന്‍ സഹായിച്ചത്.
ഒരു കാലത്ത് നിലവിലിരുന്ന മിക്ക കംപ്യൂട്ടറുകളിലും ഉപയോഗിച്ചിരുന്നത് ആസ്കി (അടഇകക) എന്ന സമ്പ്രദായത്തെ അധിഷ്ഠിതമാക്കിയായിരുന്നു. ഒരക്ഷരത്തിന് എട്ടു ബിറ്റുകള്‍മാത്രം നീക്കിവച്ചിരുന്ന ഈ വ്യവസ്ഥയില്‍ ഇംഗ്ലീഷ് ഒഴിച്ചുള്ള മറ്റ് ഭാഷകള്‍ക്ക് അവയുടെ അക്ഷരങ്ങളെ തനതായി കംപ്യൂട്ടര്‍ ഭാഷയില്‍ പ്രതിനിധീകരിക്കാന്‍ സൗകര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് വിവിധ കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളും മറ്റ് സ്ഥാപനങ്ങളും ചേര്‍ന്ന് യൂണികോഡ് എന്ന പേരില്‍ പുതിയൊരു സംവിധാനത്തിന് രൂപം നല്‍കി. നിലവിലുള്ള ലോകഭാഷകളെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും ഭാവിയില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുവാന്‍ കഴിയുന്നതുമായ ആലേഖനസമ്പ്രദായമാണ് യൂണികോഡ്. യഥാര്‍ത്ഥത്തില്‍ ആസ്കിയെ വിപുലപ്പെടുത്തിയ സമ്പ്രദായമാണെന്ന് പറയാം. ആസ്കിയില്‍ 8 ബിറ്റ് (256 ക്യാരക്ടറുകള്‍) ആണ് ഉപയോഗിച്ചിരിക്കുന്നത്. യൂണികോഡില്‍ 16 ബിറ്റുകളാണുള്ളത്. ഇതില്‍ 65536 ക്യാരക്ടറുകള്‍ വരെ ഉപയോഗിക്കാന്‍ കഴിയും. ഇപ്പോള്‍ നിലവിലുള്ളതും ഇനി വരാന്‍പോകുന്ന ഏത് ഭാഷകളും എന്‍കോഡ് ചെയ്യാം.
ലിനക്സ്, വിന്‍ഡോസ് തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ പുതിയ പതിപ്പുകളില്‍ യൂണികോഡ് ഉപയോഗം വന്നുതുടങ്ങിയിട്ടുണ്ട്. ഇന്‍റര്‍നെറ്റിലെ ഉള്ളടക്കം ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ യൂണികോഡിലേക്ക് മാറിയെന്നു പറയാം. സ്മാര്‍ട്ട്ഫോണുകള്‍ സാര്‍വത്രികമായതോടുകൂടി യൂണികോഡിന്‍റെ പ്രാധാന്യം വര്‍ദ്ധിച്ചിരിക്കുന്നു. ഇന്ന് നിലവിലുള്ള എല്ലാ സ്മാര്‍ട്ട്ഫോണുകളിലും യൂണികോഡ് തന്നെയാണ് ഉപയോഗിക്കുന്നത്. എങ്കിലും ഇന്ന് കൂടുതല്‍ ഉപയോഗിക്കുന്ന പേജ്മേക്കര്‍, ഫോട്ടോഷോപ്പ് തുടങ്ങിയ സോഫ്റ്റ്വെയറുകളില്‍ യൂണികോഡ് ഉപയോഗിക്കാന്‍ പറ്റില്ല എന്നുള്ളത് ഒരു ന്യൂനതയാണ്. എന്നാല്‍ ഇതിന്‍റെ ആധുനിക രൂപങ്ങളായ ഇന്‍ഡിസൈന്‍, ഇല്യുസ്ട്രേറ്റര്‍ എന്നിവ യൂണികോഡ് അധിഷ്ഠിതമാണ്. മലയാളഭാഷ കൃത്യതയോടെ ഉപയോഗിക്കുന്നതിനും മലയാളം ലിപി വായിക്കുന്നതിനും ശരിയായ യൂണികോഡ് മലയാളം ഫോണ്ടുകള്‍ നമ്മുടെ കംപ്യൂട്ടറില്‍ ഉണ്ടായിരിക്കേണ്ടതുണ്ട്. അജ്ഞലി, രചന, തൂലിക, മീര, രഘുമലയാളം, അരുണ തുടങ്ങിയ ധാരാളം മലയാളം ഫോണ്ടുകള്‍ ഇന്ന് ലഭ്യമാണ്.
ഇന്ന് ഒത്തിരിയേറെ ആള്‍ക്കാര്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ടൈപ്പ്ഇറ്റ്. യൂണികോഡില്‍, മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത കാര്യങ്ങള്‍ എളുപ്പത്തില്‍ ടൈപ്പ് ഇറ്റ് ഉപയോഗിച്ച് എഫ്.എം.എല്‍. (എങഘ) മലയാളം ഫോണ്ടിലേക്ക് മാറ്റാം. ഗൂഗിള്‍ ക്രോം ബ്രൗസറില്‍, ഗൂഗിള്‍ എഴുത്ത് ഉപകരണങ്ങള്‍ എന്നത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ നമുക്ക് മംഗ്ലീഷില്‍, മലയാളം ടൈപ്പ് ചെയ്യാന്‍ കഴിയും.
മലയാളം ടൈപ്പ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അക്ഷരത്തെറ്റുകള്‍ എടുത്തു കാണിച്ച് അവ തിരുത്താന്‍ സഹായിക്കുന്ന സ്പെല്‍ ചെക്കര്‍, ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തിരിക്കുന്ന വിവരങ്ങള്‍ മലയാളത്തിലേക്ക് മാറ്റുവാന്‍ സഹായിക്കുന്ന ഗൂഗിള്‍ ട്രാന്‍സിലേറ്റര്‍ പോലുള്ള ട്രാന്‍സിലേഷന്‍ ടൂളുകള്‍, സ്കാന്‍ ചെയ്തെടുക്കുന്ന രേഖകളില്‍നിന്ന് പദങ്ങള്‍ മാത്രം വേര്‍തിരിച്ചെടുക്കാന്‍ സഹായമായിട്ടുള്ള ഒസിആര്‍, ഗൂഗിള്‍ ലെന്‍സ്, കാഴ്ച ശക്തി ഇല്ലാത്തവര്‍ക്ക് ഏറെ പ്രയോജനകരമായിട്ടുള്ള ടെക്സ്റ്റ് ടു സ്പീച്ച്, പറയുന്ന കാര്യങ്ങള്‍ കേട്ട് എഴുതുന്ന സ്പീച്ച് ടു ടെക്സ്റ്റ്, തുടങ്ങിയ മേഖലകളിലെല്ലാംതന്നെ ഇന്ന് മലയാളം ഭാഷ പിന്തുണയ്ക്കുന്നുണ്ട്. പുതിയ സാങ്കേതികവിദ്യകളും പുരോഗമനവും മലയാളം കംപ്യൂട്ടിംഗ് രംഗത്ത് വരും നാളുകളില്‍ പ്രതീക്ഷിക്കാം.

Leave a Reply