അതിജീവനത്തിനായി പോരാടുന്ന കര്‍ഷക ജനത

അടുത്തകാലത്തായി കര്‍ഷകര്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ് വന്യമൃഗങ്ങളുടെ ആക്രമണം. ആന, കുരങ്ങ്, പന്നി, മുള്ളിന്‍, കരടി, ചെന്നായ, കുറുക്കന്‍ ഇവയെല്ലാം വനംവിട്ട് കൃഷിയിടങ്ങളില്‍ സ്വൈര്യവിഹാരം നടത്തുന്നു. ഇവ മനുഷ്യന്‍റെ അദ്ധ്വാനത്തിന്‍റെ ഫലങ്ങള്‍ തല്ലിക്കൊഴിക്കുകയും ചവിട്ടി മെതിക്കുകയും പിച്ചിച്ചീന്തുകയും ചെയ്യുമ്പോള്‍ കര്‍ഷകന്‍റെ സ്വപ്നങ്ങളും പ്രതീക്ഷകളും ഭാവിയുമാണ് തകര്‍ത്തെറിയുന്നത്. ഇവയെ സംരക്ഷിക്കാന്‍ ഗവണ്‍മെന്‍റ് എടുക്കുന്ന നിലപാടിന്‍റെ പത്തിലൊന്ന് കര്‍ഷകരെ സംരക്ഷിക്കാന്‍വേണ്ടി എടുത്തിരുന്നെങ്കില്‍ കാര്‍ഷിക മേഖല എന്നേ രക്ഷപ്പെട്ടേനെ. തന്‍റെ കൃഷിയ്ക്ക് നാശം വരുത്തുകയും അരുമയായി വളര്‍ത്തുന്ന മൃഗങ്ങളെയും വീട്ടിലുറങ്ങുന്ന പിഞ്ചോമനകളെയും ആക്രമിക്കുന്ന വന്യമൃഗങ്ങളെ തുരത്താന്‍ ആരെങ്കിലും തുനിഞ്ഞാല്‍ വന്യമൃഗത്തിന്‍റെ ക്രൂരതയെക്കാള്‍ കൂടിയ ശൗര്യത്തോടെ നിയമം കര്‍ഷകനെ ആക്രമിക്കും. നിയമനിര്‍മ്മാതാക്കളും നിയമപാലകരും നീതിപീഠങ്ങളും ആരുടെ പക്ഷത്താണിന്ന് നില്‍ക്കുക. കര്‍ഷകന്‍റെയോ കാട്ടുമൃഗങ്ങളുടെയോ കപട പരിസ്ഥിതി വാദികളുടെയോ?
ഊണും ഉറക്കവുമില്ലാതെ, കാവലിരുന്നും സ്വപ്നം കണ്ടും താലോലിച്ച് വളര്‍ത്തിയ വിളകള്‍ വന്യമൃഗങ്ങള്‍ നശിപ്പിക്കുമ്പോള്‍ നിസ്സഹായനായി നില്‍ക്കുന്ന കര്‍ഷകന്‍ ഈ മണ്ണിലെ ശപിക്കപ്പെട്ട ജീവിയോ?
ഇനിയും ഈ വന്യമൃഗങ്ങളേക്കാള്‍ ആപത്ത് കര്‍ഷകര്‍ക്ക് വരുത്തുന്ന കൂട്ടരാണ് കപട പരിസ്ഥിതി വാദികള്‍. സായാഹ്നത്തില്‍ ടി.വി. ചാനലുകളിലെ ചര്‍ച്ചാവേളകളില്‍ വന്ന് കര്‍ഷകര്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുന്ന ഇവര്‍ പരിസ്ഥിതിയിലെ ഒരു സുപ്രധാന ഘടകമാണ് മനുഷ്യന്‍ എന്ന സത്യം മറക്കുന്നു. വീടും വീട്ടുപേരും മറന്ന് തന്‍റെ പേരിന്‍റെ അറ്റത്ത് ഏതെങ്കിലും ഗ്രാമത്തിന്‍റെ പേരും ചേര്‍ത്ത് ആ ഗ്രാമത്തില്‍ ഒരിക്കലും കാലുകുത്താതെ പട്ടണത്തില്‍ താമസിച്ച് ഗ്രാമീണ കര്‍ഷകര്‍ക്കായി ദ്രോഹം പടച്ചുവിടുന്ന ഇവര്‍ കര്‍ഷകരുടെ വേദനയുടെ കണ്ണീരില്‍ ഉരുകിത്തീരാന്‍ വിധിക്കപ്പെട്ടവരാണ്. പണ്ഡിതരെങ്കിലും മാധവ് ഗാഡ്ഗിലും കസ്തൂരി രംഗനും പോലും മനുഷ്യനെ മറന്നുവെന്നതു സത്യമാണ്.
തല്ലിക്കൊഴിക്കപ്പെട്ട സ്വപ്നങ്ങളും ചവിട്ടിമെതിക്കപ്പെട്ട അദ്ധ്വാനങ്ങളും നിറകണ്ണുകളോടെ നോക്കി നില്‍ക്കുന്ന കര്‍ഷകന്‍റെ ചിത്രം ആരുടെ മനസ്സിനെയാണ് നൊമ്പരപ്പെടുത്താത്തത്.
അതിക്രൂരമായി മനുഷ്യനെ വെട്ടിക്കൊല ചെയ്തവര്‍ക്ക് ജാമ്യവും പരോളും അനുവദിക്കുന്ന നിയമം, കാട്ടുമൃഗത്തെ തുരത്താന്‍ ശ്രമിച്ചവനെയും, വൃദ്ധരെയും കുഞ്ഞുങ്ങളെയും നിര്‍ദ്ദയം ആക്രമിച്ച് കൊല്ലുന്ന തെരുവുമൃഗങ്ങളെ തുരത്താന്‍ ശ്രമിയ്ക്കുന്നവനെയും ജാമ്യമില്ലാത്ത തടവിന് ശിക്ഷിക്കുമ്പോള്‍ ഉത്തരം കിട്ടാത്ത ചോദ്യവുമായി നിന്നുപോകുന്ന കര്‍ഷകന് തന്‍റെ സ്വത്തും ജീവനും സംരക്ഷിക്കാന്‍ അവകാശമില്ലേ? കാട്ടുമൃഗങ്ങളേക്കാളും തെരുവുമൃഗങ്ങളേക്കാളും ക്രൂരമായി, കൂട്ടമായി ആക്രമിക്കപ്പെടേണ്ടവനാണോ കര്‍ഷകന്‍?
ഇന്നത്തെ ഭക്ഷണവും നാളത്തെ വിത്തുമായി നില്‍ക്കുന്ന കര്‍ഷകന്‍റെ കൃഷി നശിപ്പിക്കുമ്പോള്‍ ദുരന്തങ്ങള്‍ പിറക്കുകയാണ്. പട്ടിണി നിറഞ്ഞ ‘ഇന്നും” ശൂന്യത നിറഞ്ഞ “നാളെയും” ആയിരിക്കും ഈ ദുരന്തങ്ങള്‍ ലോകത്തിനു നല്‍കുക.
ഒരു കാലത്ത് മലയോര ജനത അതിജീവനത്തിനുവേണ്ടി അടരാടിയത് മലമ്പാമ്പിനോടും മലമ്പനിയോടും കാട്ടുമൃഗങ്ങളോടുമായിരുന്നെങ്കില്‍, ഇന്ന് അത് കപടപരിസ്ഥിതി വാദികളോടും കപട മൃഗ സ്നേഹികളോടും, കര്‍ഷകര്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന, ആത്മാര്‍ത്ഥതയില്ലാത്ത നേതാക്കളോടും ആണ്. ആഗോള താത്പര്യവും ആളാം വീതമുള്ള വിഹിതവും നോക്കി ആളുകളെ വീതം വച്ച ഭരണാധിപന്മാര്‍, കമ്പനികളും വിദേശരാജ്യങ്ങളുമായി തങ്ങള്‍ ഒപ്പിട്ട കരാറുകളിലൂടെ നമ്മുടെ കാര്‍ഷികവിഭവങ്ങളുടെ വില തകര്‍ക്കുകയും വിത്തിന്‍റെ പത്തായങ്ങളെ ശൂന്യമാക്കുകയും ചെയ്തു.
നമുക്കൊന്നേ പറയാനുള്ളൂ. ഞങ്ങളുടെ പൂര്‍വ്വികര്‍ അദ്ധ്വാനിച്ചുണ്ടാക്കിത്തന്ന ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്കു വേണം. അത് അന്യാധീനപ്പെടാന്‍ ഞങ്ങള്‍ സമ്മതിക്കുകയില്ല. ഭാവിയെ നോക്കി നിലവിളിക്കാനും നെടുവീര്‍പ്പിടാനും ഞങ്ങള്‍ തയ്യാറല്ല. ഞങ്ങള്‍ക്ക് ഭാവിയെ നോക്കി പുഞ്ചിരിക്കണം. ഞങ്ങള്‍ക്ക് സ്വപ്നങ്ങള്‍ കാണണം. നിറമില്ലാത്ത സ്വപ്നങ്ങളല്ല, നിറമുള്ള സ്വപ്നങ്ങള്‍ ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് സസ്യങ്ങളുടെയും വൃക്ഷലതാദികളുടെയും പച്ചപ്പുണ്ടാവണം. അവയില്‍ വിരിയുന്ന പൂക്കള്‍പോലെ ഞങ്ങളുടെ സ്വപ്നങ്ങള്‍ക്കും സപ്തവര്‍ണ്ണങ്ങളുണ്ടാവണം. അവയില്‍ കായ്ക്കുന്ന ഫലമൂലാദികള്‍ക്കും നിറമുണ്ടാവണം. അതില്‍ ഒരു നിറവും കുറയാന്‍ പാടില്ല. ഈ സ്വപ്നങ്ങള്‍ തല്ലികൊഴിക്കാനോ പിച്ചിച്ചീന്താനോ ചവിട്ടിമെതിക്കാനോ ആരെയും ഞങ്ങളനുവദിക്കുകയില്ല. അത് കാട്ടുമൃഗങ്ങളായാലും അവയുടെ സ്വഭാവമുള്ള കാട്ടാളന്മാരായാലും കപടപരിസ്ഥിതിവാദികളായാലും ഞങ്ങളനുവദിക്കില്ല. ഞങ്ങള്‍ക്ക് ജീവിക്കണം, ജീവിച്ചേ പറ്റൂ. മരിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല. ആത്മഹത്യ ചെയ്യാന്‍ ഞങ്ങള്‍ക്ക് ആഗ്രഹവുമില്ല. അതിന് ഞങ്ങള്‍ക്ക് നേരവുമില്ല. ഞങ്ങള്‍ക്ക് അഭിമാനത്തോടെ ജീവിക്കണം.
കരയാന്‍ ഞങ്ങള്‍ക്ക് മനസില്ല, പൊഴിക്കാന്‍ കണ്ണീരുമില്ല. എന്നാല്‍ ചോര നീരാക്കി അദ്ധ്വാനിച്ച്, ഈ ഭൂമിയില്‍ വിയര്‍പ്പു ചിന്താന്‍ ഞങ്ങള്‍ തയ്യാറാണ്. ഞങ്ങളുടെ സ്വേദകണങ്ങള്‍കൊണ്ട് ഭൂമി നനയ്ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. അതില്‍നിന്ന് ഞങ്ങള്‍ക്ക് വിളവ് കൊയ്യണം, ആ വിളവിന് ന്യായമായ വിലയും ഞങ്ങള്‍ക്ക് ലഭിച്ചേ മതിയാകൂ. അതെ പ്രിയപ്പെട്ടവരെ, നമുക്കു ജീവിക്കണം. ീവിക്കാന്‍ വേണ്ടി നാം സംഘടിക്കണം. അതിജീവനത്തിനായാണ് നാം പോരാടുന്നത്. ആരെയും തോല്‍പ്പിക്കാനല്ല. ജീവിക്കാനായാണ് നാം സംഘടിക്കുന്നത്.

Leave a Reply