അവര്‍ണ്ണനീയമായ ദാനത്തിനു നന്ദി വൈദികന് ഒരു കത്ത്.

അങ്ങ് അണിഞ്ഞിരിക്കുന്ന വസ്ത്രത്തിന്‍റെയും, അങ്ങില്‍ മുദ്രിതമായ പൗരോഹിത്യത്തിന്‍റെയും മഹത്വം മനസ്സിലാക്കി ഞങ്ങള്‍ക്കുവേണ്ടി ജീവിക്കുന്ന പ്രിയപ്പെട്ട പുരോഹിതനായി….
അങ്ങയെ ഉള്‍ക്കൊള്ളാതെ, അങ്ങയുടെ വില മനസ്സിലാക്കാതെ, സോഷ്യല്‍ മീഡിയായില്‍ വരുന്ന വാര്‍ത്തകള്‍ ഏറ്റെടുത്ത് ആഘോഷമാക്കി അങ്ങയുടെ വിലകുറച്ച് മക്കളുടെ മുന്നില്‍, സമൂഹത്തിന്‍റെ മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ ഞങ്ങള്‍ ചിന്തിക്കണം ജീവിതത്തില്‍ അങ്ങയുടെ പ്രാധാന്യം എത്രമാത്രമുണ്ടെന്ന്.
‘വിശ്വാസജീവിതത്തില്‍ അങ്ങയുടെ സ്ഥാനം’
എനിക്ക് ജന്മം നല്‍കി, എന്‍റെ കഴിവുകളെ കണ്ടെത്തി, നല്ല വിദ്യാഭ്യാസം നല്‍കി ഹൃദയപൂര്‍വ്വം എന്നെ വളര്‍ത്തിയത് എന്‍റെ മാതാപിതാക്കളാണ്. എങ്കിലും ആത്മീയജീവിതത്തിന്‍റെ തുടക്കത്തില്‍ ജന്മപാപവും പേറി ദേവാലയകവാടത്തില്‍ എത്തിയപ്പോള്‍ എന്നെ സ്വീകരിക്കാന്‍ അങ്ങ് അവിടെ ഉണ്ടായിരുന്നു. അവിടെനിന്ന് എനിക്ക് ഒരു വിശുദ്ധയുടെ പേരു നല്‍കി ദേവാലയത്തിനുള്ളിലേക്കു കൊണ്ടുപോയി വിശുദ്ധ ജലം തളിച്ച് എന്നിലെ ജന്മപാപം ഇല്ലാതാക്കി. എന്നെ പുതിയ വ്യക്തിയാക്കി, കത്തോലിക്കാ സഭയില്‍ അംഗമാക്കി. അന്നുമുതല്‍ എന്‍റെ ജീവിതയാത്രയിലുടനീളം അങ്ങയുടെ നിറസാന്നിദ്ധ്യമുണ്ട്.
പരിശുദ്ധാത്മാവിനെ എനിക്കായി നേടിത്തന്ന്, പ്രാര്‍ത്ഥനയിലും വിശ്വാസത്തിലും അടിയുറച്ചു നില്‍ക്കാന്‍ സഹായകമാംവിധം ആത്മാവിന്‍റെ ഫലങ്ങളും, ദാനങ്ങളും കൊണ്ട് നിറയ്ക്കുന്ന സ്ഥൈര്യലേപനം നല്‍കിയത് അങ്ങാണ്.
ആദ്യമായി എന്‍റെ ഈശോയെ സ്വീകരിച്ച നിമിഷം. എന്‍റെ ആത്മാവിന് ജീവനായ ആ നിമിഷവും ഒരു കാര്‍മ്മികനായി അങ്ങയുടെ സാന്നിദ്ധ്യം ഞാന്‍ അറിഞ്ഞു.
എന്നെ ദൈവവുമായി അടുപ്പിക്കുന്ന അനുരഞ്ജനകൂദാശയുടെ നിമിഷം. ദൈവ-മനുഷ്യബന്ധത്തില്‍നിന്ന് അകന്നുപോയ എന്നെ യോജിപ്പിക്കുന്ന കണ്ണിയായി കുമ്പസാരക്കൂട്ടില്‍ ഞാന്‍ അങ്ങയെ കണ്ടു.
എന്‍റെ നെറ്റിയില്‍ കുരിശുവരച്ചു എന്നെ അനുഗ്രഹിച്ചപ്പോള്‍…, എന്‍റെ ഭവനം വെഞ്ചിരിച്ചപ്പോള്‍…. കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ചപ്പോള്‍…., പുതിയ പാഠങ്ങള്‍ പകര്‍ന്നുതന്ന് നേതൃത്വത്തിലേക്ക് എന്നെ കൊണ്ടുവന്നപ്പോള്‍…. ആത്മീയവളര്‍ച്ചയുടെ നിമിഷങ്ങളില്‍ കൂടെനിന്ന് സഹായിച്ചപ്പോള്‍…. എന്‍റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ അങ്ങയുടെ മുഖം ഉണ്ടായിരുന്നു.
എന്‍റെ ജീവിതത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം വിവാഹം. ഗാര്‍ഹിക സഭയായ കുടുംബത്തിന് ഞാന്‍ രൂപം നല്‍കിയപ്പോള്‍ അവിടെയും പ്രാര്‍ത്ഥനയായി, ആശീര്‍വാദമായി അങ്ങ് ഉണ്ടായിരുന്നു.
കാലങ്ങള്‍ ഇനിയും കടന്നുപോവും, സാഹചര്യങ്ങള്‍ മാറിവരും, പുതിയ തലമുറകള്‍ വരും.
എന്‍റെ ജീവിതം അവസാനിക്കാറാവുമ്പോള്‍ നിത്യപ്രകാശത്തിലേക്ക് നയിക്കുവാന്‍, എന്‍റെ പാപക്കറകള്‍ ഇല്ലാതാക്കി വിശുദ്ധീകരിക്കാന്‍, എന്‍റെ സ്വര്‍ഗ്ഗയാത്രയില്‍ തിരുപാഥേയമായും അങ്ങ് ഉണ്ടാവും.
എന്‍റെ ഭവനത്തോടും, ബന്ധുജനങ്ങളോടും, കൂദാശകള്‍ സ്വീകരിച്ച ദേവാലയത്തോടും ഞാന്‍ യാത്ര പറയുന്ന ആ നിമിഷവും, എന്‍റെ ശരീരം വിശ്രമിക്കുന്ന കല്ലറ വെഞ്ചരിക്കാനും അങ്ങ് ഉണ്ടാവും.
അവിടം കൊണ്ടും തീര്‍ന്നില്ല അങ്ങയുടെ സ്ഥാനം. എന്‍റെ ആത്മാവിനുവേണ്ടി ബലികള്‍ അര്‍പ്പിച്ചു ദൈവസന്നിധിയില്‍ എത്തിക്കുന്നതിലും അങ്ങ് വഹിക്കുന്ന പങ്ക് വലുതാണ്.
അങ്ങനെ, എന്‍റെ ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ളതാണ് അങ്ങയുടെ പൗരോഹിത്യം. അങ്ങയുടെ പൗരോഹിത്യത്തിന്‍റെ മൂല്യം മനസ്സിലാക്കാതെ നൂറില്‍ പത്ത് ശതമാനം ആള്‍ക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ താറടിക്കുമ്പോഴും ചവിട്ടിത്തേക്കുമ്പോഴും അങ്ങ് പതറരുത്… പ്രാര്‍ത്ഥനയായി ഞങ്ങള്‍ കുടെയുണ്ട്. കാരണം ഞങ്ങളുടെ ജീവിതത്തില്‍ മാറ്റിനിര്‍ത്താന്‍ പറ്റാത്ത വ്യക്തിയാണ് അങ്ങ്. ഞങ്ങളുടെ ആത്മാവിനുവേണ്ടി ജീവിക്കുന്ന ഒരു ദൈവിക മനുഷ്യന്‍.
ഞാന്‍ അങ്ങേയ്ക്കു വാക്ക് തരുന്നു. ഏതു സാഹചര്യം വന്നാലും എന്‍റെ കുടുംബത്തിലും, സമൂഹത്തിലും, എന്‍റെ മക്കളുടെ മുന്നിലും അങ്ങയുടെ കുറ്റങ്ങള്‍ പറയുകയോ, വില കുറച്ചു ചിത്രീകരിക്കുകയോ ഇല്ല…. അങ്ങ് വിശുദ്ധിയില്‍ തുടരാന്‍, ഒരു വിശുദ്ധനായിത്തീരുവാന്‍, ഞാനും എന്‍റെ കുടുംബവും എല്ലാദിവസവും പ്രാര്‍ത്ഥിക്കും….


രോഷ്നി മാര്‍ട്ടിന്‍ മുണ്ടയ്ക്കല്‍

Leave a Reply