ഹഗിയ സോഫിയയില്‍ വാങ്കു വിളി ഉയരുമ്പോള്‍: അറിയേണ്ടതും ഓര്‍ത്തിരിക്കേണ്ടതും

തുര്‍ക്കിയിലെ എര്‍ദോഗാന്‍റെ നേതൃത്വത്തിലുള്ള ഗവണ്മെന്‍റ് ഹഗിയ സോഫിയ എന്ന സൗദത്തെ ഒരു മോസ്കാക്കി പരിവര്‍ത്തനം ചെയ്യാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത് ക്രൈസ്തവവിശ്വാസികളും മതേതര അനുഭാവികളും ഞെട്ടലോടെയാണു കേട്ടത്. തുര്‍ക്കിയിലെ ഇസ്ലാമിക ഗവണ്മെന്‍റ് നടത്തിയ ഈ നീക്കത്തെ ചരിത്രപരമായ ഒരു തെറ്റായിട്ടാണു പലരും കണ്ടത്. ഹഗിയ സോഫിയായില്‍നിന്നും വാങ്ക് വിളി ഉയരുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതും ഓര്‍ത്തിരിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. ആ കാര്യങ്ങളാണു ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്.
പൗരസ്ത്യ റോമന്‍ (ബൈസന്‍റൈന്‍) സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ എ.ഡി. 360-ല്‍ പണിതുയര്‍ത്തിയ ക്രൈസ്തവദൈവാലയമായിരുന്ന മാഗ്നാ എക്ലീസിയ അഥവാ വലിയ പള്ളിയുടെ സ്ഥാനത്താണു ഇന്നത്തെ ഹഗിയ സോഫിയ നിലനില്‍ക്കുന്നത്. കോണ്‍സ്റ്റാന്‍റ്റിയൂസ് രണ്ടാമന്‍റെ കാലത്ത് പണിത ഈ ദൈവാലയം എ.ഡി. 404-ല്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. പിന്നീട് തെയഡോഷ്യസ് രണ്ടാമന്‍ എ.ഡി 415-ല്‍ അവിടെ മറ്റൊരു ദൈവാലയം പണിതുയര്‍ത്തി. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ കാലത്ത് നടന്ന ഒരു കലാപത്തില്‍ ഈ ദേവാലയവും നശിപ്പിക്കപ്പെട്ടു. എന്നാല്‍ ബൈസന്‍റൈന്‍ സാമ്രാജ്യത്തിനും പൗരസ്ത്യസഭകള്‍ക്കും പ്രധാനപ്പെട്ടതായിരുന്നതിനാല്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി ഈ ദൈവാലയം വീണ്ടും പണികഴിപ്പിക്കാന്‍ തീരുമാനിച്ചു. അങ്ങനെ പണികഴിച്ച ഹഗിയ സോഫിയ ദൈവാലയം എ.ഡി. 537 ഡിസംബര്‍ 27 -ാം തീയതി കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പാട്രിയാര്‍ക്കായിരുന്ന മെസാസ് ആശീര്‍വദിച്ച് വിശ്വാസികള്‍ക്കായി തുറന്നു നല്‍കി. ഈ ദേവാലയമാണു ഇന്ന് തുര്‍ക്കിയുടെ മതരാഷ്ട്രീയത്തിന്‍റെ ദൂഷ്യഫലങ്ങള്‍ മൂലം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
ബൈസന്‍റൈന്‍ വാസ്തുകലയുടെ മകുടോദാഹരണമായ ഹഗിയ സോഫിയ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പാട്രിയാര്‍ക്കേറ്റിന്‍റെ കത്തീഡ്രല്‍ ആയിരുന്നു. ബൈസന്‍റൈന്‍ ചക്രവര്‍ത്തിമാര്‍ അധികാരമേറ്റിരുന്നതും ഇവിടെ ആയിരുന്നു. ഒരു ക്രൈസ്തവ ദൈവാലയമായി നിലനിന്നിരുന്ന കാലം മുഴുവന്‍ ലോകത്തിലെ ഏറ്റവും വലിയ ദൈവാലയമായിരുന്നു ഹഗിയ സോഫിയ. ചമീെ ലേെ അഴശമെ ീൗേ ഠവലീൗ ടീുവശമെ (ഗ്രീക്കില്‍) അഥവാ “ദൈവത്തിന്‍റെ പരിശുദ്ധ ജ്ഞാനത്തിന്‍റെ ദേവാലയം” എന്നായിരുന്നു ഈ ദൈവാലയത്തിന്‍റെ പൂര്‍ണ്ണനാമം. മനുഷ്യനായി അവതരിച്ച പുത്രനായ ദൈവത്തെയായിരുന്നു ഹഗിയ സോഫിയ അഥവാ ‘പരിശുദ്ധ ജ്ഞാനം’ (രള. 1 കൊറി 1:24) എന്നതുകൊണ്ട് ഉദ്ദേശിച്ചത്.
ഏകദേശം 1500 വര്‍ഷത്തെ പഴക്കമുള്ള ഹഗിയ സോഫിയക്ക് പല ചരിത്രകഥകളും നമ്മോട് പറയാനുണ്ട്. റഷ്യയെ ക്രൈസ്തവവിശ്വാസത്തിലേക്ക് അടുപ്പിച്ചതുപോലും ക്രൈസ്തവവിശ്വാസം അതിന്‍റെ പാരമ്യത്തില്‍ ആഘോഷിച്ചിരുന്ന ഹഗിയ സൊഫിയ മൂലമാണെന്ന് പറയപ്പെടുന്നുണ്ട്. പതിനൊന്നാം നൂറ്റാണ്ടില്‍ പൗരസ്ത്യ – പാശ്ചാത്യ സഭകള്‍ തമ്മിലുള്ള അകല്‍ച്ചയ്ക്കും ഹഗിയ സോഫിയ മൂകസാക്ഷിയായി. അതിനുശേഷം 1204-ല്‍ നാലാം കുരിശുയുദ്ധത്തിന്‍റെ സമയത്ത് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പിടിച്ചടക്കിയ കുരിശുയുദ്ധ പോരാളികള്‍ ഇത് പാശ്ചാത്യറോമന്‍ കത്തോലിക്കാസഭയുടെ ഒരു കത്തീഡ്രല്‍ ആക്കി മാറ്റി. ബൈസന്‍റൈന്‍ സാമ്രാജ്യത്തിന്‍റെ അടിവേരിളക്കിയ വഴിതെറ്റിയ ഈ നാലാം കുരിശുയുദ്ധത്തിന്‍റെ പേരിലാണു പിന്നീട് മാര്‍പാപ്പ പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയോട് മാപ്പ് ചോദിച്ചത്. പിന്നീട് 1261-ല്‍ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ തിരിച്ചു പിടിച്ച ബൈസന്‍റൈന്‍കാര്‍ ഹഗിയ സോഫിയ വീണ്ടും അത് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പാത്രിയാര്‍ക്കീസിന്‍റെ കത്തീഡ്രല്‍ ആക്കി. എന്നാല്‍ കുരിശുയുദ്ധ പോരാളികള്‍ പിന്‍വാങ്ങി തുടങ്ങിയതും ബൈസന്‍റൈന്‍ സാമ്രാജ്യം ക്ഷയിക്കപ്പെട്ടു തുടങ്ങിയതും അക്കാലത്ത് രൂപം കൊണ്ട ഓട്ടോമന്‍ സൈന്യത്തിനു അനുകൂലമായ സാഹചര്യമൊരുക്കി. ആ സാഹചര്യം മുതലെടുത്ത് ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കാന്‍ ആഗ്രഹിച്ച അവര്‍ക്കു മുമ്പില്‍ 1453 മെയ് 29 നു ബൈസന്‍റൈന്‍ സാമ്രാജ്യത്തിന്‍റെ അവസാന കോട്ടയായിരുന്ന കോണ്‍സ്റ്റാന്‍റിനോപ്പിളും അടിയറവു പറഞ്ഞു.
അതിനുശേഷം കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ നടന്നത് അതിക്രൂരമായ പ്രവൃത്തികള്‍ ആയിരുന്നു. യുദ്ധം ചെയ്യുവാന്‍ പ്രാപ്തിയുണ്ടായിരുന്ന എല്ലാ പുരുഷന്മാരെയും ഓട്ടോമന്‍കാര്‍ കൊന്നൊടുക്കി. അന്ന് പിന്തുടര്‍ന്നു പോന്നിരുന്ന ഇസ്ലാമിക രീതിയനുസരിച്ച് മൂന്ന് ദിവസത്തേക്ക് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കൊള്ളയടിക്കുവാന്‍ സുല്‍ത്താന്‍ മെഹമ്മദ് തന്‍റെ പടയാളികളെ അനുവദിച്ചു. അതിക്രൂരന്മാരായിരുന്ന ഓട്ടോമന്‍ പടയാളികള്‍ കോണ്‍സ്റ്റന്‍റിനോപ്പിളില്‍ അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു. നഗരത്തിന്‍റെ സുപ്രധാന സ്വത്തുക്കളെല്ലാം അവിടുത്തെ പ്രധാന ദേവാലയമായ “ഹഗിയ സോഫിയായില്‍” ആയിരിക്കുമെന്ന് കരുതിയ ഓട്ടോമന്‍കാര്‍ ആ ദൈവാലയത്തിന്‍റെ പ്രധാന വാതില്‍ നശിപ്പിച്ച് അകത്തു കടന്നു അവിടം കൊള്ളയടിച്ചു. അക്കാലത്ത് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പടയാളികളുടെ ഭാര്യമാരുടെയും കുഞ്ഞുങ്ങളുടെയും വയോധികരുടെയുമൊക്കെ അഭയകേന്ദ്രം കൂടി ആയിരുന്നു ഹഗിയ സോഫിയ. യുദ്ധത്തില്‍ തോല്‍പ്പിക്കുന്ന ജനതകളെ അടിമകളാക്കുവാനും മറ്റും ഇസ്ലാമിക രീതികളില്‍ അനുവാദമുള്ളതുകൊണ്ട് ഹഗിയ സോഫിയായില്‍ അഭയം തേടിയിരുന്നവരെയും അവര്‍ വെറുതെ വിട്ടില്ല. അവിടെ ഉണ്ടായിരുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ലൈംഗിക അടിമകളും വെപ്പാട്ടികളുമൊക്കെ ആക്കുകയും കുഞ്ഞുങ്ങളെ ഉള്‍പ്പെടെ അടിമത്തത്തിലേക്ക് തള്ളി വിടുകയും ചെയ്തു.
മൂന്നു ദിവസത്തിനുശേഷം സുല്‍ത്താന്‍ ഹഗിയ സോഫിയ കത്തീഡ്രലില്‍ എത്തിയപ്പോള്‍ ആ കത്തീഡ്രലിന്‍റെ മനോഹാരിത കണ്ട് അവിടം ഉടന്‍ തന്നെ ഒരു മോസ്ക് ആക്കി മാറ്റണമെന്ന് ഉത്തരവിട്ടു. അങ്ങനെ ആയിരത്തിലധികം വര്‍ഷം ക്രൈസ്തവര്‍ ആരാധന നടത്തിക്കൊണ്ടിരുന്ന, പൗരസ്ത്യസഭകളുടെ ആസ്ഥാനമായിരുന്ന ഹഗിയ സോഫിയ വലിയ പള്ളി, ‘ആയ സോഫിയ മോസ്ക്’ ആയി മാറി. ഹഗിയ സോഫിയാ ദേവാലയത്തില്‍ ഉണ്ടായിരുന്ന ക്രൈസ്തവ ഐക്കണുകളും മറ്റു ചിഹ്നങ്ങളുമൊക്കെ പെയിന്‍റ് ചെയ്തും പ്ലാസ്റ്റര്‍ ചെയ്തുമൊക്കെ മറയ്ക്കപ്പെട്ടു. മറ്റു മതസ്ഥരുടെ ദേവാലയങ്ങള്‍ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്ത് അവിടെ തങ്ങളുടെ ആരാധനാലയം പണിതുയര്‍ത്തിയിരുന്ന ഈ രീതി ഇന്ത്യയുള്‍പ്പെടെയുള്ള ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഇസ്ലാമിക സുല്‍ത്താന്‍മാര്‍ പിന്തുടര്‍ന്നിരുന്നു.
കോണ്‍സ്റ്റാന്‍റിനോപ്പിളിന്‍റെ വീഴ്ചയ്ക്കുശേഷം ശക്തമായ ഒരു ഇസ്ലാമിക ഖാലിഫേറ്റായി മാറിയ ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ അന്ത്യം ഒന്നാം ലോകമഹായുദ്ധത്തില്‍ പരാജയപ്പെട്ടതോടെയായിരുന്നു. മുസ്തഫ കെമാലിന്‍റെ നേതൃത്വത്തില്‍ തുര്‍ക്കിയില്‍ അക്കാലത്ത് രൂപംകൊണ്ട ദേശീയ പ്രസ്ഥാനത്തിന്‍റെ പരിശ്രമഫലമായി തുര്‍ക്കി ഒരു റിപ്പബ്ലിക്ക് ആയി മാറി. ഇസ്ലാമിക ഖാലിഫേറ്റിനു അന്ത്യം കുറിച്ച് ഒരു റിപ്പബ്ലിക്ക് ആയി മാറിയ തുര്‍ക്കി മതേതരത്വത്തിന്‍റെ വഴികളാണു സ്വീകരിച്ചത്. അതിലേക്കുള്ള ഒരു സുപ്രധാന മാര്‍ഗം എന്ന നിലയില്‍ ഓട്ടോമന്‍ കാലത്ത് മോസ്കാക്കി മാറ്റിയ ഹഗിയ സോഫിയ ഒരു മ്യൂസിയമായി മാറ്റാന്‍ അന്നത്തെ തുര്‍ക്കി പ്രസിഡന്‍റായിരുന്ന മുസ്തഫ കെമാല്‍ തീരുമാനിച്ചു. തത്ഫലമായി ഹഗിയ സോഫിയായിലെ മറയ്ക്കപ്പെട്ട ക്രൈസ്തവ ചുമരുകള്‍ ഒക്കെ വീണ്ടും വെളിച്ചം കണ്ടു. നൂറ്റാണ്ടുകള്‍ക്കുശേഷം പെയിന്‍റുകളും പ്ലാസ്റ്ററിങ്ങുമൊക്കെ ഉപയോഗിച്ച് മറച്ചിരുന്ന ഐക്കണുകള്‍ ലോകം ദര്‍ശിച്ചു. ചരിത്രപരമായ ഒരു തെറ്റ് തിരുത്താനുള്ള ശ്രമമായിരുന്നു അതിന്‍റെ പുറകില്‍. വീണ്ടും ഒരു ക്രൈസ്തവദേവാലയമായി മാറ്റാന്‍ സാധിച്ചില്ലെങ്കില്‍ കൂടി ഒരു മ്യൂസിയം എന്ന നിലയില്‍ ലോകചരിത്രത്തിന്‍റെ സജീവ സാന്നിധ്യമായി നിലകൊള്ളാന്‍ ഹഗിയ സോഫിയ മ്യൂസിയത്തിനു സാധിച്ചിരുന്നു. ഐക്യരാഷ്ട്രസംഘടന ഇതിനെ “ലോകത്തിന്‍റെ സ്മാരകമായി” അംഗീകരിച്ചു, അതിന്‍റെ പുനരുദ്ധാരണത്തിനു നേതൃത്വം നല്‍കി. എന്നാല്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും തുര്‍ക്കിയില്‍ ഇസ്ലാമിക ദേശീയവാദം വീണ്ടും ശക്തമായി. ഈ മതദേശീയവാദത്തിന്‍റെ പരിണിതഫലമാണു ഹഗിയ സോഫിയായെ വീണ്ടും മോസ്കാക്കി മാറ്റിക്കൊണ്ടുള്ള തുര്‍ക്കി ഗവണ്മെന്‍റിന്‍റെ തീരുമാനം.
തീവ്ര ഇസ്ലാമിക കാഴ്ചപ്പാടുകള്‍ വച്ചു പുലര്‍ത്തുന്ന ആളുകള്‍ ഒഴികെ ലോക ജനത തുര്‍ക്കിയുടെ ഈ തീരുമാനത്തെ വളരെ നിരാശയോടെയാണു കണ്ടത്. ഹഗിയ സോഫിയായില്‍നിന്നും ഉയരുന്ന ഓരോ വാങ്കുവിളിയും ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും മുഖമടച്ചുള്ള അടിയാണ്. ഈ വാങ്കുവിളികള്‍ ഓരോന്നും ഓരോ ക്രിസ്ത്യാനിക്കുമുള്ള ഓരോ ഓര്‍മ്മപ്പെടുത്തലും കൂടിയാണ്. എല്ലാ തരത്തിലും ശക്തമായ ഒരു സഭ പണിതുയര്‍ത്തുവാന്‍ നമുക്ക് സാധിക്കുന്നില്ലെങ്കില്‍ കോണ്‍സ്റ്റാന്‍റിനോപ്പിളുകള്‍ ഇനിയും വീഴും. ഹഗിയ സോഫിയ ദൈവാലയങ്ങള്‍ ഇനിയും പരിവര്‍ത്തനം ചെയ്യപ്പെടും. പരിശുദ്ധാത്മാവിന്‍റെ ആലയമായ നമ്മെയും നമ്മുടെ കുടുംബങ്ങളെയും കൂട്ടായ്മകളെയും ഒക്കെ ഇങ്ങനെ പരിവര്‍ത്തനം ചെയ്യാനുള്ള ശ്രമങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നത് കാണുമ്പോള്‍… ഹഗിയ സോഫിയയുടെ ചരിത്രം നമുക്ക് മറക്കാതിരിക്കാം.

Leave a Reply