റെജി ജോസഫ്
റബര്‍കൃഷിയുടെയും റബര്‍ കര്‍ഷകരുടെയും അസ്തിത്വം ഇല്ലാതാക്കും വിധം റബര്‍ ആക്ട് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. റബര്‍ ബോര്‍ഡ് തന്നെ ഇല്ലായ്മപ്പെടുത്താനോ മറ്റു സമാനമായ കാര്‍ഷികബോര്‍ഡുകളുമായി ലയിപ്പിക്കാനോ സാധ്യത ഒരുക്കാന്‍ നിര്‍ദേശിക്കുന്ന കത്ത് കേന്ദ്ര വാണിജ്യമന്ത്രാലയം റബര്‍ ബോര്‍ഡിനു സമര്‍പ്പിച്ചു. കേവലം ഒരു സാധാരണ സര്‍ക്കുലര്‍ എന്ന നിലയില്‍ രണ്ടാഴ്ച മുമ്പാണ് റബര്‍ ആക്ട് റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ എന്തെങ്കിലും ബോധ്യപ്പെടുത്താനുണ്ടോ എന്ന തരത്തില്‍ കോട്ടയം റബര്‍ ബോര്‍ഡ് ആസ്ഥാനത്ത് കേന്ദ്ര വാണിജ്യമന്ത്രാലയത്തില്‍നിന്നു കത്തു ലഭിച്ചത്.
ഇത്തരത്തിലുള്ള നിര്‍ദ്ദേശം പത്തരലക്ഷം വരുന്ന റബര്‍ കര്‍ഷകരുടെ ജീവിതവും 12 സംസ്ഥാനങ്ങളിലെ റബര്‍ കൃഷിയും ഇല്ലാതാക്കുമെന്ന് വ്യക്തമാക്കി റബര്‍ ബോര്‍ഡ് കേന്ദ്രവാണിജ്യമന്ത്രാലയത്തിനു കഴിഞ്ഞ ദിവസം മറുപടിക്കത്ത് അയച്ചു. കേന്ദ്ര നിയമമന്ത്രാലയത്തിന്‍റെയും കാബിനറ്റ് സെക്രട്ടറിയുടെയും സമ്മര്‍ദ്ദത്തിലാണ് വാണിജ്യമന്ത്രാലയം 1947 ല്‍ നിലവില്‍ വന്ന റബര്‍ ആക്ട് റദ്ദാക്കാന്‍ ആലോചിക്കുന്നത്. ആക്ട് നിലവില്‍ വന്നാല്‍ കപ്പയും ചേനയും കാച്ചിലും പോലെ കൃഷി നടത്താവുന്ന കേവലം ഒരു ഉത്പന്നമായി റബര്‍ മാറും. വില, വാണിജ്യം, കയറ്റുമതി, ഇറക്കുമതി എന്നിവയ്ക്കു യാതൊരു നിയന്ത്രണമോ മേല്‍നോട്ടമോ ഉണ്ടാവില്ല. റബര്‍ മേഖലയില്‍ കൃഷി, വ്യാപാരം, കയറ്റുമതി എന്നിവയ്ക്കൊന്നും ഇനി പ്രത്യേകമായ ലൈസന്‍സും വേണ്ടിവരില്ല. അതതു ദിവസത്തെ റബര്‍ വിലയോ, വാര്‍ഷിക ഉത്പാദനമോ, ഇറക്കുമതി, കയറ്റുമതി നിരക്കോ ഒന്നും പുറത്തറിയില്ല. റബര്‍ ആക്ടിന്‍റെ പരിധിയില്‍ വരുന്ന റബര്‍ ബോര്‍ഡ് എന്ന സംവിധാനം തന്നെ ഇല്ലാതാകുമ്പോള്‍ റബര്‍ മേഖലയില്‍ ഗവേഷണം, സബ്സിഡി, കൃഷി വ്യാപനം, സാങ്കേതിക സഹായം എന്നിവയൊന്നുമുണ്ടാകില്ല. അവശ്യസാഹചര്യത്തില്‍ റബറിനു തറവിലയോ താങ്ങുവിലയോ നിശ്ചയിക്കാനുള്ള സാധ്യതയും ഇല്ലാതാകും. റബര്‍ ഗവേഷണകേന്ദ്രത്തില്‍ ഇനി മുതല്‍ കൊക്കോയോ, കാപ്പിയോ, സുഗന്ധദ്രവ്യങ്ങളോ ഒക്കെയാകാം കൃഷിയും ഗവേഷണവും. റബര്‍ ബോര്‍ഡിലെ ജീവനക്കാരെ ഇതര കാര്‍ഷികബോര്‍ഡുകളിലേക്കോ മറ്റ് സര്‍ക്കാര്‍ വിഭാഗങ്ങളിലേക്കോ മാറ്റി നിയമിക്കുകയോ ഒരു വിഭാഗത്തെ നിയമാനുസൃതം പിരിച്ചുവിടാന്‍ പോലും സാധ്യത ഒരുങ്ങും. മുമ്പ് രണ്ടു തവണ റബര്‍ ആക്ട് റദ്ദാക്കാനുള്ള കേന്ദ്ര തീരുമാനം വന്നപ്പോള്‍ റബര്‍ ബോര്‍ഡും കര്‍ഷകസംഘടനകളും വിവിധ സംസ്ഥാനസര്‍ക്കാരുകളും നടത്തിയ ശക്തമായ നീക്കത്തിലാണ് ആ തീരുമാനങ്ങള്‍ റദ്ദാക്കപ്പെട്ടത്. നിലവില്‍ കോവിഡ് പൊതുനിയന്ത്രണങ്ങളുടെ മറവില്‍ ഇങ്ങനെയൊരു നീക്കം അടിച്ചേല്‍പ്പിക്കുക വഴി പാര്‍ലമെന്‍റില്‍ ജനപ്രതിനിധികള്‍ക്ക് പ്രതിഷേധിക്കാനോ കേന്ദ്ര മന്ത്രാലയത്തെ സമീപിക്കാനോ ഉള്ള സാഹചര്യം ഇല്ലാതായിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ മാസങ്ങള്‍ക്കുള്ളില്‍തന്നെ കേവലമൊരു ഉത്തരവിലൂടെ റബര്‍ ആക്ട് റദ്ദാക്കുകയോ റബര്‍ ബോര്‍ഡ് ഉള്‍പ്പെടുന്ന സംവിധാനത്തെ ഇല്ലാതാക്കുകയോ ചെയ്യാം. ഉപജീവനത്തിനുവേണ്ടി റബര്‍ നടുകയും ഉത്പാദനം നടത്തുകയും ചെയ്യുന്ന കര്‍ഷകര്‍ക്കു കിട്ടുന്ന വിലയ്ക്ക് വിപണി നിലവിലുണ്ടെങ്കില്‍ വില്‍ക്കാന്‍ സാഹചര്യം ലഭിക്കും. ലൈസന്‍സിംഗ്, കയറ്റുമതി, ഇറക്കുമതി എന്നിവയൊക്കെ രാജ്യത്ത് റബര്‍ ബോര്‍ഡ് നല്‍കുന്ന ലൈസന്‍സിന്‍റെ അടിസ്ഥാനത്തിലാണ് നിബന്ധനകളോടെ പ്രവര്‍ത്തിക്കുന്നത്. റബര്‍ബോര്‍ഡും പൊതു സംവിധാനങ്ങളും ഇല്ലാതാകുന്നതോടെ റബര്‍ കൃഷിയുടെ ഭാവിതന്നെ എന്നേക്കുമായി ഇരുളടയുന്ന സാഹചര്യമാണുള്ളത്.
റബര്‍ ആക്ടിനും റബര്‍ബോര്‍ഡിനും മരണവാറന്‍റ്;
റബര്‍വില വ്യവസായി നിശ്ചയിക്കും
റബര്‍കൃഷിക്ക് അന്ത്യം കുറിക്കാനും രാജ്യത്തെ 10 ലക്ഷത്തിലേറെ റബര്‍ കര്‍ഷകരെ കുത്തുപാളയെടുപ്പിക്കാനുമിടയാക്കുന്ന നീക്കങ്ങളുമായി കേന്ദ്രവാണിജ്യമന്ത്രാലയം മുന്നോട്ട്. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍നിന്നു വേണ്ടിടത്തോളം റബര്‍ ഇറക്കുമതി ചെയ്യാമെന്നിരിക്കെ ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ റബര്‍ കൃഷിക്ക് പ്രത്യേക പരിഗണന വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം. 1947 ല്‍ നിലവില്‍വന്ന ഇന്ത്യന്‍ റബര്‍ ആക്ട് റദ്ദാക്കുക, അല്ലെങ്കില്‍ നിയമഭേദഗതി വരുത്തുക, റബര്‍ ബോര്‍ഡ് പിരിച്ചുവിടുക, ഗവേഷണകേന്ദ്രം മറ്റ് ഗവേഷണകേന്ദ്രങ്ങളോടു ലയിപ്പിക്കുക, കൃഷി സഹായപദ്ധതികളില്‍ കേരളത്തെ ഒഴിവാക്കുക തുടങ്ങിയ ആലോചനകള്‍ ഒരു പതിറ്റാണ്ടായി കേന്ദ്രത്തിനുണ്ട്.
കോവിഡ് വ്യാപനപശ്ചാത്തലത്തില്‍ കര്‍ഷകരിലും ജനപ്രതിനിധികളിലും നിന്ന് പ്രതിഷേധം ഉയരാനിടയില്ലെന്ന സാഹചര്യത്തിലാണ് റബര്‍ കര്‍ഷകരുടെ ജീവിതം അന്യാധീനപ്പെടുത്താനുള്ള നീക്കം വേഗത്തിലാക്കിയിരിക്കുന്നത്. പുതിയ ക്ലോണുകള്‍ വികസിപ്പിക്കുക, രോഗങ്ങള്‍ തടയുക തുടങ്ങിയ തനതു ഗവേഷണം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചി (ഐസിഎആര്‍)നു കീഴിലാക്കുകയോ കാര്‍ഷിക സര്‍വകലാശാലകളെ ഏല്‍പ്പിക്കുകയോ ചെയ്യാനും ആലോചനയുണ്ട്.
രാജ്യത്ത് റബര്‍ കൃഷിയും വ്യവസായവും അഭിവൃദ്ധിപ്പെടുത്താനാണ് ഇന്ത്യന്‍ റബര്‍ ആക്ട് കൊണ്ടുവന്നത്. ഇതിനുള്ള ഏജന്‍സിയെന്ന നിലയില്‍ 1947 ല്‍ റബര്‍ ബോര്‍ഡ് സ്ഥാപിതമായി. റബര്‍ ആക്ട് ഇല്ലാതാകുന്നോടെ അനാഥമാകുന്ന റബര്‍ കൃഷിക്കും കര്‍ഷകനും ഭാവിയോ പരിഗണനയോ ഉണ്ടാകില്ല. പാര്‍ലമെന്‍റില്‍ നിലവിലുള്ള ഭൂരിപക്ഷത്തിന്‍റെ ബലത്തില്‍ റബര്‍ ആക്ടില്‍ എന്തു നടപടിയെടുക്കാനും കേന്ദ്രസര്‍ക്കാരിന് സാധിക്കും.
നിയമം റദ്ദാകുന്നതോടെ രാജ്യത്തെ റബര്‍ ഉത്പാദനം, ഉപയോഗം എന്നിവയൊന്നും സംബന്ധിച്ച് ഒരു കണക്കും നിലവിലുണ്ടാകണമെന്നില്ല. ഉത്പാദനക്കണക്കില്‍ പലപ്പോഴും അവ്യക്തതയുണ്ടെങ്കിലും റബര്‍ ബോര്‍ഡ് നല്‍കുന്ന ഉപയോഗക്കണക്കില്‍ കൃത്യതയുണ്ട്. മൂന്നു മാസം ഇടവിട്ട് ഉപഭോഗത്തിന്‍റെ കണക്ക് രജിസ്ട്രേഷനുള്ള എല്ലാ ഉത്പാദക കമ്പനികളും റിട്ടേണ്‍ നല്‍കണം എന്ന വ്യവസ്ഥയിലാണ് റബര്‍ ബോര്‍ഡ് ലൈസന്‍സ് അനുവദിക്കുന്നത്. റബര്‍ ആക്ടും ബോര്‍ഡും ഇല്ലാതായാല്‍ ഇത്തരത്തില്‍ കണക്കു ചോദിക്കാനും വെളിപ്പെടുത്താനും ഒരു സംവിധാനവുമുണ്ടാകില്ല. ടയര്‍ കമ്പനികള്‍ക്കും മറ്റും അവരുടെ ഉപഭോഗം സംബന്ധിച്ച കണക്കുകള്‍ അവരുടെ താല്‍പര്യമനുസരിച്ച് പുറത്തുവിടുകയോ വിടാതിരിക്കുകയോ ചെയ്യാം. അനിയന്ത്രിതമായി ഇറക്കുമതി തുടങ്ങുന്നതി നൊപ്പം വ്യവസായികള്‍ നല്‍കുന്ന തുച്ഛവിലയില്‍ റബര്‍ വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും. നിലവില്‍ റബര്‍ ബോര്‍ഡ് അതാതു ദിവസം നിശ്ചയിക്കുന്ന വിലവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് ലൈസന്‍സി ഡീലര്‍മാര്‍ മുഖേന വ്യാപാരം നടക്കുന്നത്.