ഇസ്താംബൂൾ: ഹഗിയ സോഫിയയ്ക്കു പിന്നാലെ, ചരിത്രപ്രസിദ്ധമായ ഹോളി സേവ്യർ ഓർത്തഡോക് ദൈവാലയവും മുസ്ലീം പള്ളിയാക്കാൻ തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ നീക്കം നടത്തുന്നുവെന്ന് റിപ്പോർട്ടുകൾ. ബൈസന്റൈൻ രീതിയിൽ 11-ാം നൂറ്റാണ്ടിൽ നിർമിച്ച ദൈവാലയം ഓട്ടോമൻ ആധിപത്യത്തിൻ കീഴിൽ മുസ്ലീം പള്ളിയാക്കിയെങ്കിലും 1948 മുതൽ മ്യൂസിയമാക്കി മാറ്റുകയായിരുന്നു. അന്താരാഷ്ട്ര ഇടപെടൽ അടിയന്തിരമായി ഉണ്ടായില്ലെങ്കിൽ, ഹഗിയ സോഫിയയുടെ അവസ്ഥ ഹോളി സേവ്യർ ദൈവാലയത്തിനുണ്ടാകും എന്ന ആശങ്കയിലാണ് തുർക്കിയിലെ ക്രിസ്ത്യൻ ജനത.കോറാ ദൈവാലയം എന്നുകൂടി പേരുള്ള ഹോളി സേവ്യർ ദൈവാലയം വീണ്ടും മുസ്ലീം പള്ളിയാക്കി മാറ്റാൻ തുർക്കിയിലെ പരമോന്നത അഡ്മിനിസ്‌ട്രേറ്റീവ് കോടതിയായ ‘ദ കൗൺസിൽ ഓഫ് സ്റ്റേറ്റ്‌സ്’കഴിഞ്ഞ നവംബറിൽ ഉത്തരവിട്ടിരുന്നെങ്കിലും അത് നടപ്പാക്കിയിരുന്നില്ല. എന്നാൽ, ഹഗിയ സോഫിയ മുസ്ലീം പള്ളിയാക്കിയ സാഹചര്യം വിലയിരുത്തുമ്പോൾ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് അസ്ഥാനത്തല്ല എന്നാണ് നിരീക്ഷകരുടെ അഭിപ്രായം. രാഷ്ട്രീയ പരമായ വെല്ലുവിളികൾ നേരിടുന്ന എർദോഗൻ മുസ്ലീം പിന്തുണ ഉറപ്പാക്കാൻ ഇതും അവസരമാക്കിയേക്കാമെന്നാണ് അവരുടെ നിഗമനം.ഇസ്താംബൂളിലെ കോറയിൽ സ്ഥിതിചെയ്യുന്ന ഹോളി സേവ്യർ ഓർത്തഡോക്‌സ് ദൈവാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് 11-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ്. കെട്ടിടത്തിന്റെ ആദ്യരൂപത്തിൽ 12-ാം നൂറ്റാണ്ടിലും 14-ാം നൂറ്റാണ്ടുകളിലും കൂട്ടിച്ചേർക്കലുകളും പുനർനിമാണവും നടന്നിരുന്നു. 1315- 21 കാലഘട്ടത്തിലാണ് ചുമർചിത്രങ്ങളും മൊസൈക്ക് ചിത്രങ്ങളുംകൊണ്ട് അലങ്കരിക്കപ്പെട്ടത്.ആദം വരെ നീളുന്ന ക്രിസ്തുവിന്റെ വംശാവലിയുടെ ചിത്രീകരണമാണ് ഇതിൽ ശ്രദ്ധേയം. കൂടാതെ, യേശുക്രിസ്തുവിന്റെയും വിശുദ്ധരുടെയും നിരവധി ചിത്രങ്ങളും ദൈവാലയത്തിലുണ്ട്. 1453ൽ ഓട്ടോമൻ തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ കീഴടക്കി അരനൂറ്റാണ്ട് പിന്നിട്ടപ്പോഴേക്കും (1510) ദൈവാലയം ‘കരിയ കാമി’ എന്ന പേരിൽ മുസ്ലീം പള്ളിയാക്കി മാറ്റപ്പെട്ടു. കുമ്മായംപോലുള്ള വസ്തു തേച്ച്പിടിപ്പിച്ചാണ് ക്രിസ്ത്യൻ ചിത്രങ്ങളെല്ലാം മറച്ചത്.രണ്ടാം ലോകമഹായുദ്ധാനന്തരം മതേതര തുർക്കി സ്ഥാപിതമായപ്പോൾ, ആധുനിക തുർക്കിയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുസ്തഫ കമാൽ അത്താതുർക്ക് കോറാ ദൈവാലയത്തെ മ്യൂസിയമാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഹഗിയ സോഫിയ മ്യൂസിയമാക്കിയതും ഇദ്ദേഹമാണ്. ‘ബൈസാന്റിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക’ നേതൃത്വത്തിൽ വിദഗ്ദ്ധർ ഏതാണ്ട് ഒരു പതിറ്റാണ്ടു കൊണ്ടാണ്, ഇവിടത്തെ ചുമർ ചിത്രങ്ങൾ വീണ്ടെടുത്തത്.
- കല്ലാർ ഡാമിലെ സയറൺ വീണ്ടും മാറ്റി സ്ഥാപിച്ചു
- കമ്പംമെട്ട് വെടിവെയ്പ്പ്; ചക്രപാണി സന്തോഷ് പിടിയില്