ക്രൈസ്തവർ ഇറാഖിലേക്ക് തിരിച്ചുവരണം, പ്രധാനമന്ത്രി മുസ്തഫ അൽ ഖാഥിമി

ബാഗ്ദാദ്: ഇറാഖിൽനിന്ന് പലായനം ചെയ്ത ക്രൈസ്തവ സമൂഹം രാജ്യത്തേക്ക് തിരിച്ചുവരണമെന്നും രാജ്യത്തിന്റെ യഥാർത്ഥ മക്കൾ ക്രൈസ്തവരാണെന്നും ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാഥിമി. കൽദായ കാത്തലിക് പാത്രിയാർക്ക് കർദിനാൾ ലൂയിസ് റാഫേൽ സാക്കോയുടെ നേതൃത്വത്തിൽ ബാഗ്ദാദിലെ ബിഷപ്പുമാർ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേ തുടർന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.‘രാജ്യം എല്ലാവരുടേതുമാണ്. രാജ്യത്തെ യഥാർത്ഥ മക്കൾ ക്രൈസ്തവരാണ്. രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്ന രാജ്യത്തെ പൗരന്മാരെ വേർതിരിച്ച് കാണാനാവില്ല. ക്രൈസ്തവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിലും ക്രൈസ്തവ കുടുംബങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും കൂടുതൽ ഗൗരമാണ് പുലർത്തുന്നത്. ഇറാഖിന്റെ പുനർനിർമാണത്തിനായി ക്രൈസ്തവർ രാജ്യത്തേക്ക് തിരിച്ചെത്തുന്നത് സന്തോഷകരമാണ്,’ പ്രധാനമന്ത്രി വ്യക്തമാക്കി.പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ, പലായനം ചെയ്ത അനേകം ക്രൈസ്തവർക്ക് തിരികെ വരാൻ ആഗ്രഹമുണ്ടെന്ന കാര്യം പാത്രിയാർക്കാ അറിയിച്ചിരുന്നു. ക്രൈസ്തവരുടെ മടങ്ങിവരവിന് പ്രധാനമന്ത്രിയുടെ പിന്തുണയും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ‘ഇറാഖിന്റെ ഐഡന്റിറ്റിയിൽ ക്രൈസ്തവർ അഭിമാനിക്കുന്നു. അവർക്ക് കൂടുതൽ സുരക്ഷിതത്വം വേണം,’ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന.

Leave a Reply