മത്തായിയുടെ മരണം: നടപടി ആവശ്യപ്പെട്ട് ക്രൈസ്തവസഭകൾ, സർക്കാർ പ്രതിരോധത്തിൽ

പത്തനംതിട്ട : ചിറ്റാര്‍ കുടപ്പനകുളം പടിഞ്ഞാറെ ചരുവില്‍ പി.പി. മത്തായിയുടെ മരണത്തില്‍ സര്‍ക്കാരിനു കുരുക്കു മുറുകുന്നു. സംഭവത്തില്‍ കുറ്റക്കാരായ വനപാലകര്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ക്രൈസ്‌തവ സഭകള്‍ ഒന്നിച്ചതോടെ സര്‍ക്കാര്‍ കൂടുതല്‍പ്രതിരോധത്തിലായി. സാഹചര്യം മുതലെടുത്തു തുടക്കം മുതല്‍തന്നെ കോണ്‍ഗ്രസ്‌ സമരരംഗത്തുണ്ട്‌.
ഓര്‍ത്തഡോക്‌സ്‌ സഭാ വിശ്വാസിയാണ്‌ അന്തരിച്ച പി.പി. മത്തായി. കത്തോലിക്കാ സഭയും മാര്‍ത്തോമ്മാ സഭയും മത്തായിയുടെ കുടുംബം നടത്തുന്ന സമരത്തിനു പിന്തുണയുമായി രംഗത്തുണ്ട്‌. ഓര്‍ത്തഡോക്‌സ്‌ സഭയില്‍നിന്നു സുന്നഹദോസ്‌ സെക്രട്ടറി യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ്‌, കുര്യാക്കോസ്‌ മാര്‍ ക്ലീമിസ്‌, ജോഷ്വാ മാര്‍ നിക്കോദിമോസ്‌, മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ജോസഫ്‌ മാര്‍ത്തോമ്മാ എന്നിവര്‍ മത്തായിയുടെ വീട്ടിലെത്തി പിന്തുണ അറിയിച്ചിരുന്നു.

കത്തോലിക്കാ സഭാ മെത്രാന്‍ സമിതി സമരത്തിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. മത്തായിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സത്യാഗ്രഹത്തിൽ താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമീജിയോസും കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കലും പങ്കെടുത്തിരുന്നു. ഇത് നല്ലൊരു ചലനം സൃഷ്ടിച്ചിരുന്നു. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടു ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ മുഖ്യമന്ത്രിയെ കണ്ടിരുന്നു.
കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന വിവിധ മലയോര കര്‍ഷക സംഘടനകളും സമരരംഗത്താണ്‌. വടക്കന്‍ ജില്ലകളില്‍നിന്നുള്ള മലയോര കര്‍ഷകര്‍ ചിറ്റാറിലെത്തി സമരത്തിനു നേതൃത്വം നല്‍കിയിരുന്നു.
രാഷ്‌ട്രീയ നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ്‌ ചെന്നിത്തല, പി.ജെ. ജോസഫ്‌, പി.സി. ജോര്‍ജ്‌, അനൂപ്‌ ജേക്കബ്‌, ജോണി നെല്ലൂര്‍, കെ. ഫ്രാന്‍സിസ്‌ ജോര്‍ജ്‌, തോമസ്‌ ചാഴിക്കാടന്‍ തുടങ്ങിയവര്‍ മത്തായിയുടെ വീടു സന്ദര്‍ശിച്ചു. എന്നിട്ടും മത്തായിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ മന്ത്രിമാരും ഇടതു നേതാക്കളും തയ്യാറായില്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്‌.
മത്തായിയുടെ മരണം വിവാദമായപ്പോള്‍ തന്നെ സമരവുമായി രംഗത്തിറങ്ങാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. കോണ്‍ഗ്രസ്‌ ചിറ്റാറില്‍ ആരംഭിച്ച റിലേ സത്യഗ്രഹം പത്തു ദിവസം പിന്നിട്ടു. കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ അനുഭാവ സത്യഗ്രഹവും നടന്നു.
മുമ്ബ്‌ യു.ഡി.എഫിന്റെ കുത്തകയായിരുന്നു പത്തനംതിട്ട ജില്ലയിലെ ഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളും. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോന്നി ഒഴികെ എല്ലാ മണ്ഡലങ്ങളും ഇടത്തോട്ടു ചരിയാന്‍ കാരണം ക്രൈസ്‌തവ വോട്ടുകളുടെ ഏകോപനമായിരുന്നുവെന്നാണ്‌ വിലയിരുത്തല്‍.
ഉപതെരഞ്ഞെടുപ്പില്‍ കോന്നി സീറ്റും ഇടതിനു വഴിമാറി. അതോടെ ജില്ലയില്‍ ഒറ്റ സീറ്റും കോണ്‍ഗ്രസിനില്ലാതെയായി. ഇൗ കോട്ടം പരിഹരിക്കാന്‍ മത്തായിയുടെ മരണം വിവാദമാക്കുന്നതിലൂടെ യു.ഡി.എഫിനു കഴിയുമെന്നാണ്‌ കണക്കുകൂട്ടല്‍.
സംഭവവുമായി ബന്ധപ്പെട്ട വനം വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയെടുക്കാതെ മത്തായിയുടെ മൃതദേഹം സംസ്‌കരിക്കേണ്ടതില്ലെന്ന നിലപാടിലാണു കുടുംബം. മൃതദേഹം അടക്കുന്നതു തന്റെ ജോലിയല്ലെന്ന മന്ത്രി കെ. രാജുവിന്റെ പ്രസ്‌താവന ഇതിനിടെ വന്‍ പ്രതിഷേധത്തിനു കാരണമാകുകയും ചെയ്‌തിരുന്നു.

Leave a Reply