വനിതാ കമ്മീഷനും കുമ്പസാരമെന്ന കൂദാശയും

 കൊത്തിക്കൊത്തി മുറത്തില്‍ കയറി കൊത്തുന്നു എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതാണ് ക്രൈസ്തവസഭയിലെ പരിശുദ്ധമായ കുമ്പസാരമെന്ന കൂദാശയെക്കുറിച്ചുള്ള ദേശീയ വനിതാകമ്മീഷന്‍ അദ്ധ്യക്ഷയുടെ പരാമര്‍ശം. കുമ്പസാരം നിരോധിക്കണമെന്നോ സ്ത്രീകളെ പുരുഷന്മാരായ വൈദികര്‍ കുമ്പസാരിപ്പിക്കുന്നത് നിരോധിക്കണമെന്നോ ഉള്ള വനിതാ കമ്മീഷന്‍റെ നിര്‍ദ്ദേശം അജ്ഞതകൊണ്ടാണെങ്കില്‍, കാര്യങ്ങള്‍ നന്നായി മനസ്സിലാക്കി അബദ്ധം ഏറ്റുപറഞ്ഞ് ഉന്നതമായൊരു ദേശീയ പദവിയുടെ അന്തസ്സും വിശ്വാസ്യതയും സംരക്ഷിക്കാന്‍ വനിതാ കമ്മീഷന്‍ തയ്യാറാകണം. മറിച്ച്, ഇന്ത്യയില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വത്തെയും മതസ്വാതന്ത്ര്യത്തെയും നിഷേധിച്ചുകൊണ്ട് ഒരു മതത്തിന്‍റെ തികച്ചും ആദ്ധ്യാത്മികവും ആഭ്യന്തരവും അതീവഗൗരവമുള്ളതുമായ കാര്യത്തില്‍ ഇടപെടുന്നതിനെ ന്യായീകരിക്കാനാണ് തുനിയുന്നതെങ്കില്‍ ഇങ്ങനെയൊരു പദവിക്ക് അര്‍ഹതയില്ലെന്ന് പറയേണ്ടിവരും.
കുമ്പസാരമെന്ന കൂദാശയെക്കുറിച്ച് വിവിധ ക്രൈസ്തവ സഭകളില്‍ വ്യത്യസ്തമായ ചില നിലപാടുകളുണ്ടെങ്കിലും രഹസ്യക്കുമ്പസാരത്തിലെ വിവരങ്ങള്‍ ജീവന്‍ ഹോമിക്കേണ്ടിവന്നാലും വെളിപ്പെടുത്താന്‍ പാടില്ലെന്നുള്ളതാണ് കത്തോലിക്കാ സഭയുടെ കര്‍ക്കശമായ നിയമം. ഈ നിയമം ലംഘിക്കുന്നവര്‍ക്കു കടുത്ത ശിക്ഷതന്നെയാണ് സഭ കല്പിക്കുന്നത്. കുമ്പസാരരഹസ്യം അലംഘനീയമാണ്. തന്മൂലം വാക്കാലോ അടയാളത്താലോ മറ്റേതെങ്കിലും വിധത്തിലോ, എന്തു കാര്യത്തിനായാലും അനുതാപിയെ വെളിപ്പെടുത്തുന്നതില്‍നിന്നും കുമ്പസാരക്കാരന്‍ ശ്രദ്ധാപൂര്‍വ്വം ഒഴിഞ്ഞുനില്‍ക്കേണ്ടതാണ്. (കാനോന 733/1) അനുതാപിക്ക് ദോഷകരമാകുമെങ്കില്‍- വെളിപ്പെടുത്തലിന്‍റെ അപകടം ഒഴിവാക്കപ്പെട്ടിരുന്നാല്‍പ്പോലും- കുമ്പസാരത്തില്‍നിന്നു ലഭിച്ച അറിവ് ഉപയോഗപ്പെടുത്തുന്നതില്‍നിന്ന് കുമ്പസാരക്കാരനെ പൂര്‍ണ്ണമായും തടഞ്ഞിരിക്കുന്നു. (കാനോന 734/1)പാപങ്ങളെക്കുറിച്ച് ഏതെങ്കിലും കാലത്ത് കുമ്പസാരത്തില്‍ തനിക്കു ലഭിച്ച അറിവ് അധികാരത്തിലായിരിക്കുന്ന ഒരാള്‍ ബാഹ്യഭരണത്തിനായി ഒരു വിധത്തലും ഉപയോഗിക്കാന്‍ പാടില്ല. (കാനോന 734/2)
ഇപ്രകാരം കര്‍ക്കശമായ നിയമങ്ങളാണ് കുമ്പസാരരഹസ്യം പാലിക്കുന്നതു സംബന്ധിച്ച് കത്തോലിക്കാ സഭയുടെ നിയമസംഹിതയിലുള്ളത്.
പാപം മോചിക്കുവാന്‍ ദൈവത്തിനു മാത്രമേ അധികാരമുള്ളു എന്നു സഭ ഉറച്ചുവിശ്വസിക്കുന്നു. എന്നാല്‍ ഈ അധികാരം സഭയിലൂടെ നിര്‍വ്വഹിക്കാന്‍ ദൈവം സഭയെ തന്‍റെ ഉപകരണമാക്കിയിക്കുന്നു എന്നതിനു സുവിശേഷംതന്നെ സാക്ഷിയാണ്. ഈശോ പത്രോസിനോടു പറഞ്ഞു: സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും (മത്താ 16:19). ഈശോ പത്രോസ് വഴി സഭയ്ക്കു  നല്‍കിയ ഈ അധികാരം പൗരോഹിത്യ ശുശ്രൂഷയിലൂടെയാണു സഭയില്‍ തുടരുന്നത്. അതിനാല്‍ അനുതാപിയുടെ കുമ്പസാരം കേള്‍ക്കുകയും പാപം മോചിക്കുകയുംചെയ്യുന്ന വൈദികന്‍ ദൈവത്തിന്‍റെ അധികാരത്തിലാണ് അതുചെയ്യുന്നത്; തന്‍റെ സ്വന്തം അധികാരത്താലല്ല.
കത്തോലിക്കാ സഭയിലെ കൂദാശകളെല്ലാം ഇപ്രകാരം ദൈവത്തിന്‍റെ പ്രവൃത്തികളാണ്. അതനു പുരോഹിതരെ തന്‍റെ ഉപകരണങ്ങളാക്കുകയാണ്. സഭയുടെ ആരാധനക്രമത്തിന്‍റെ  കേന്ദ്രമായ വിശുദ്ധ കുദാശകളില്‍ ഈശോ അദൃശ്യനായി അരൂപിയില്‍ സന്നിഹിതനായിരിക്കുന്നു എന്നതാണു സഭയുടെ ശക്തിസ്രോതസ്. ക്രൈസ്തവ വിശ്വാസത്തിന്‍റെയും സഭയുടെയും അടിത്തറയാണിത്. ഈ അടിത്തറയെ ഇളക്കാന്‍ സഭയ്ക്കുള്ളിലോ സഭയ്ക്കു പുറത്തോ ആര്‍ക്കെങ്കിലും അധികാരമുണ്ടെന്ന് സഭ വിശ്വസിക്കുന്നില്ല.
മതവിശ്വാസത്തിന്‍റെ അടിത്തറയെ- ഏതു മതത്തിന്‍റേതായാലും- ആദരിക്കുന്ന, സംരക്ഷിക്കുന്ന വ്യവസ്ഥിതിയാണ് ഇന്ത്യയുടെ മതേതരത്വം. അതംഗീകരിക്കുന്നതാകണം എല്ലാ ഭരണസംവിധാനങ്ങളും. അപ്പോഴാണ് രാജ്യത്ത് പരസ്പര വിശ്വാസവും സമാധാനവും കൈവരുന്നത്.
കുമ്പസാരംപോലെയുള്ള മതത്തിന്‍റെ വിശ്വാസവിഷയങ്ങള്‍ പൊതുവേദിയില്‍ വിവാദവിഷയമാക്കേണ്ടതല്ല. അവ കൈകാര്യം ചെയ്യാന്‍ അവയുടേതായ നിയമാനുസൃത സംവിധാനങ്ങളുണ്ട്. ചാനല്‍ ചര്‍ച്ചകളും പാനല്‍ ചര്‍ച്ചകളുമൊന്നുമല്ല ഇവിടെ വേണ്ടത്. എന്തും ഏതും എങ്ങനെയും എവിടെയും വിവാദവിഷമാക്കി ചിന്താക്കുഴപ്പവും അസ്വസ്ഥതകളും സൃഷ്ടിക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കപ്പെടരുത്. പക്വതയോടും വിവേകത്തോടുംകൂടി പ്രതികരിക്കാന്‍ ഏവര്‍ക്കും സാധിക്കണം. സീസറിന്‍റേത് സീസറിനും ദൈവത്തിന്‍റേത് ദൈവത്തിനും ആയിരിക്കട്ടെ.
ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം

Leave a Reply