മഹാമാരിയുടെ കാലഘട്ടത്തില്‍ നിന്ന് പ്രതീക്ഷയുടെ പുതുവെളിച്ചവുമായി ഇന്ന് ചിങ്ങം ഒന്ന്. കര്‍ഷിക ദിനം കൂടിയായ ഇന്ന് കാര്‍ഷികവൃത്തിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് കൂടി ഓര്‍മിപ്പിക്കുന്ന ദിവസം കൂടിയാണ്.
പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയ മാസമാണ്. പൊന്നോണ മാസം എന്നതിന് ഉപരി ഇപ്പോള്‍ ചിങ്ങം മലയാള ഭാഷാ മാസവും കൂടിയാണ്. കേരളക്കരയില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്.
അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്ബന്നതയുടെ മാസം. കര്‍ഷക ദിനാഘോഷത്തിനു നാടെങ്ങും ഒരുക്കമാരംഭിച്ചു.
പ്രസന്നമായ കാലാവസ്ഥയാണ് ഈ മാസത്തിലെ ഒരു പ്രത്യേകത.
എന്നാല്‍ ചിങ്ങത്തിലും മൂടിക്കെട്ടിയ ആകാശവും പൊടുന്നനെ പെയ്യുന്ന മഴയും പതിവായി. കാലാവസ്ഥ വ്യതിയാനമാണ് കാരണം. വര്‍ഷം മുഴുവന്‍ സുഖവും സമ്ബദ് സമൃദ്ധിയും കിട്ടാന്‍ വിശ്വാസികളൊക്കെ ആരാധനാലയങ്ങള്‍ സന്ദര്‍ശിയ്ക്കുന്ന ദിവസമാണ് ചിങ്ങം ഒന്ന്.
പോയ ദിനങ്ങള്‍ പരിധികളില്ലാതെ നമ്മെ കൈകോര്‍ക്കാനും ചെറുത്തു നില്‍ക്കാനും പഠിപ്പിച്ചു. ദുരന്തങ്ങളില്‍ നിന്ന് കരുത്തോടെ കരുതലോടെ നമ്മള്‍ മുന്നേറി. മഹാമാരിയുടെ അടച്ചിടലുകള്‍ വ്യത്യസ്തമായ നല്ലകാര്യങ്ങള്‍ നമ്മെ ചെയ്യാന്‍ പ്രേരിപ്പിച്ചു.
ദുരിത വര്‍ഷം പെട്ടിമുടിയിലും കരിപ്പൂരിലും നമ്മുടെ സഹോദരങ്ങളെ നഷ്ടപ്പെടുത്തി. ഒടുവില്‍ ആടിയുടെ അറുതി കഴിഞ്ഞ് ആവണിയുടെ നല്ല തുടക്കത്തിന് ഒരു ജനത ഒന്നാകെ തുടക്കം കുറിക്കുന്നു.
കെട്ടകാലത്തെ പഞ്ഞം ഒരുപക്ഷേ എല്ലാം തികഞ്ഞ ഓണത്തിലേക്ക് എത്തിക്കണമെന്നില്ല. എങ്കിലും ഉള്ളതുകൊണ്ട് ഓണംപോലെ സമൃദ്ധിയിലേക്ക് അധികദൂരമില്ല. കഴിഞ്ഞ രണ്ടു കര്‍ക്കിടവും മലയാളിക്ക് അക്ഷരാര്‍ഥത്തില്‍ പഞ്ഞമാസമായതിനാല്‍ കൃഷിയില്‍ നാം കൂടുതല്‍ ശ്രദ്ധിച്ചു. ഏറെപ്പേര്‍ക്കും തൊഴില്‍ നഷ്ടപ്പെടുകയും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനാകാതെ വിഷമിക്കുകയും ചെയ്യേണ്ടിവരുന്ന അവസ്ഥയാണ് നിലവില്‍.
എങ്കിലും പ്രതീക്ഷകളുടെ മുകളിലാണ് ജീവിതം നിലനില്‍ക്കുന്നത്. ആ പ്രതീക്ഷയുടെ വെളിച്ചം എത്രയും വേഗം തെളിയുമെന്നും മനോഹരമായ പുലരിവിരിയുമെന്നും പ്രത്യാശിക്കുന്നു.
സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുതുവത്സരാശംസകള്‍.
