നിണം വറ്റുന്ന കര്‍ഷകര്‍; നിറം മങ്ങുന്ന കാര്‍ഷികമേഖല


ജനകോടികള്‍ക്ക് അന്നവും ആത്മസംതൃപ്തിയും ആരോഗ്യകരമായ ജീവിതചര്യകളും തൊഴിലും നല്‍കുന്ന സമ്പദ്വ്യവസ്ഥയുടെ തന്നെ നട്ടെല്ലായ കാര്‍ഷികമേഖല ഇന്ന് നിറം മങ്ങി, കര്‍ഷകരുടെ നിണം വറ്റിയിരിക്കുന്ന ദയനീയസ്ഥിതി നമ്മുടെ രാജ്യത്ത് സര്‍വ്വസാധാരണമായിരിക്കുന്നു. ജനസംഖ്യയില്‍ 60 ശതമാനം പേരും ഏര്‍പ്പെട്ടിരിക്കുന്ന കാര്‍ഷികമേഖലയുടെ ദേശീയവരുമാനത്തിലെ സംഭാവന കേവലം 12 ശതമാനമായി ഇടിഞ്ഞിരിക്കുന്നു. രാജ്യത്തെ തീറ്റിപ്പോറ്റുകയും വ്യവസായികള്‍ക്കാവശ്യമായ അസംസ്കൃതവസ്തുക്കള്‍ സംഭാവന ചെയ്യുകയും വ്യവസായ-സേവന മേഖലകള്‍ക്ക് വിപണി ഒരുക്കുകയും ചെയ്യുന്ന കര്‍ഷകര്‍ പകലന്തിയോളം പണിയെടുത്താലും തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ സാധിക്കാത്ത ദുഃസ്ഥിതിയിലേക്ക് അധഃപതിച്ചിരിക്കുന്നു.
1.ക്രയശേഷിയില്‍ വന്‍ ഇടിവ്….
കര്‍ഷകരുടെ ജീവിതാവസ്ഥ പ്രധാനമായും രണ്ട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒന്നാമതായി തങ്ങളുടെ ഉല്പന്നത്തിന് ലഭിക്കുന്ന വില. രണ്ടാമതായി ആ പണം കൊടുത്ത് വാങ്ങുവാന്‍ സാധിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും വില. ഉദാഹരണത്തിന് റബ്ബറിന്‍റെ കാര്യം എടുക്കാം. 1995-ല്‍ റബ്ബറിന് കിലോക്ക് 70 രൂപാ വിലയുണ്ടായിരുന്ന കാലത്ത് ഒരു കിലോ റബ്ബര്‍ കൊടുത്താല്‍ 10 കിലോ മത്തിയോ അല്ലെങ്കില്‍ 7 കിലോ അയലയോ വാങ്ങാമായിരുന്നു. ഇനി അരിയുടെ കാര്യമെടുത്താല്‍ 1 കിലോ റബ്ബറിന്‍റെ വില കൊടുത്താല്‍ 10 കിലോ അരി വാങ്ങാമായിരുന്നു. നമ്മുടെ മുഖ്യാഹാരമായ അരിയുടെ കാര്യത്തില്‍ കര്‍ഷകരുടെ ക്രയശേഷി നാലിലൊന്നായി ഇടിഞ്ഞിരിക്കുന്നു.
റബ്ബര്‍പോലുള്ള കാര്‍ഷിക ഉല്പന്നങ്ങളുടെ വിലകള്‍ പലതും നേര്‍പകുതിവരെ ഇടിഞ്ഞിട്ടും അത് ഉപയോഗിച്ചുള്ള വ്യാവസായിക ഉല്പന്നങ്ങളുടെ വില ഒരു രൂപപോലും കുറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്.അസംസ്കൃതവസ്തുക്കളുടെ വിലയിലെ ഇടിവ് വഴി ഉണ്ടാകുന്ന ലാഭം ഒരിക്കലും വ്യവസായികള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറ്റം ചെയ്യുന്നതായി കാണുന്നില്ല.
2.സമ്പത്തിന്‍റെ കേന്ദ്രീകരണം…..
റബ്ബര്‍പോലുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ തുച്ഛമായ വിലയ്ക്ക് കോര്‍പ്പറേറ്റുകള്‍ വാങ്ങി മൂല്യവര്‍ദ്ധിത ഉല്പന്നമായി മാറ്റി കോടികള്‍ കൊയ്തുകൂട്ടിയിട്ടും കര്‍ഷകരെ മറന്ന് നികുതി ഇനത്തിലും ലഭിക്കുന്നു ആനുകൂല്യങ്ങള്‍. ഭൂരിപക്ഷം വരുന്ന കര്‍ഷകരുടെ ക്രയശേഷിയിലെ ഇടിവും വളരെ ചെറിയ ന്യൂനപക്ഷത്തിന്‍റെ കരങ്ങളിലേക്കുള്ള സമ്പത്തിന്‍റെ ക്രമാതീതമായ ഒഴുക്കും സമ്പദ്വ്യവസ്ഥയില്‍ ഒരു അസന്തുലിത വളര്‍ച്ചയ്ക്ക് കാരണമാകും.
3.ഉത്തേജനം വരേണ്ടത് കാർഷികമേഖലയി ലൂടെ…
സമ്പദ്വ്യവസ്ഥയില്‍ സ്ഥായിയായ വളര്‍ച്ചയും തൊഴില്‍ അവസരങ്ങളും ഉണ്ടാകണമെങ്കില്‍ ഉല്പന്നങ്ങള്‍ക്ക് വര്‍ദ്ധിച്ച ഡിമാന്‍റ് ഉണ്ടാകണം. ഈ ഡിമാന്‍റ് സൃഷ്ടിക്കുന്നതാകട്ടെ പ്രധാനമായും കാര്‍ഷികമേഖലയാണ്. എന്നാല്‍, അതിന് വേണ്ടത് കര്‍ഷകരിലേക്കുള്ള പണത്തിന്‍റെ ഒഴുക്കാണ്. സമ്പന്നരില്‍ കുന്നുകൂടുന്ന പണത്തിന്‍റെ ഒരു ചെറിയഭാഗം മാത്രമാണ് ക്രയവിക്രയങ്ങള്‍ക്കായി മാര്‍ക്കറ്റിലെത്തുക. അതിനാല്‍ തന്നെ സമ്പന്നരിലെ ഈ പണത്തിന്‍റെ കേന്ദ്രീകരണം ഭാവിയില്‍ സമ്പദ്വ്യവസ്ഥയുടെ തളര്‍ച്ചയ്ക്ക് കാരണമാകാം.
4.ബാങ്ക്നയവും കര്‍ഷകര്‍ക്ക് പ്രതികൂലം…..
സമ്പന്നര്‍ക്ക് ഉയര്‍ന്ന നിക്ഷേപത്തിന് ഉയര്‍ന്ന പലിശയും, ഉയര്‍ന്ന വായ്പയ്ക്ക് പലിശ ഇളവും ഒപ്പം പരിധിയില്ലാത്ത വായ്പയും നല്‍കുന്നതുവഴി ബാങ്കുകള്‍ സമ്പന്നരോടും കോര്‍പ്പറേറ്റുകളോടും മൃദുസമീപനമാണ് സ്വീകരിക്കുന്നത്. തന്‍റേതല്ലാത്ത കാരണങ്ങളാല്‍ തിരിച്ചടവില്‍ വീഴ്ചവരുത്തുന്ന ദരിദ്രരോട് കര്‍ക്കശനിലപാടു സ്വീകരിച്ചും മിനിമം ബാലന്‍സില്‍ കുറവ് വരുമ്പോള്‍ പിഴ ഈടാക്കിയും ബാങ്കുകള്‍ തങ്ങളുടെ വിവേചനം തുടരുന്നു. പത്തുലക്ഷംകോടി രൂപായുടെ കിട്ടാക്കടത്തില്‍ ഭൂരിപക്ഷവും കോര്‍പ്പറേറ്റുകളുടെ ആണ് എന്നത് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ്.
5.ഒഴുകട്ടെ വരുമാനം കര്‍ഷകരിലേക്ക്….
കോര്‍പ്പറേറ്റുകളുടെ പക്കല്‍ കേന്ദ്രീകരിച്ചിരിക്കുന്ന സമ്പത്തിന്‍റെ ഒരു ഭാഗം കാര്‍ഷിക ഉന്നമനത്തിനായി തിരിച്ചുവിടേണ്ടിയിരിക്കുന്നു. ഇതിനായി ഉയര്‍ന്ന കോര്‍പ്പറേറ്റ് നികുതി ഈടാക്കി പ്രസ്തുത തുക കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് നല്‍കിയാല്‍ അത് ഭാവിയില്‍ കാര്‍ഷിക വ്യവസായ മേഖലകളുടെ ഉണര്‍വിന് കാരണമാകും. മാത്രമല്ല, സാമ്പത്തികശാസ്ത്രത്തിലെ മള്‍ട്ടിപ്ലയറും ആക്സലേറ്ററും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതുവഴി ഭാവിയില്‍ ഉയര്‍ന്ന വരുമാനത്തിനും സ്ഥായിയായ വളര്‍ച്ചയ്ക്കും മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ക്കും കാരണമാകും. എന്നാല്‍, സര്‍ക്കാര്‍ നയം കോര്‍പ്പറേറ്റ് നികുതി കുറയ്ക്കുന്നതിന് ഉയര്‍ന്ന ജി.എസ്.ടി വഴി കര്‍ഷകരില്‍നിന്നും സാധാരണക്കാരില്‍നിന്നും ഉയര്‍ന്ന നികുതി പിരിച്ച് എടുക്കുക എന്നതുമാണ്.
6.വേണം നമുക്കൊരു കാര്‍ഷികാഭിമുഖ്യ വിദ്യാഭ്യാസം…..
തലമുറകളായി നമ്മെ തീറ്റിപ്പോറ്റി വളര്‍ത്തുന്ന നമ്മുടെ കാര്‍ഷികമേഖലയെ പാടെ മറന്നുള്ള ഇന്നത്തെ വിദ്യാഭ്യാസരീതിതന്നെ അടിമുടി മാറേണ്ടിയിരിക്കുന്നു. സ്കൂള്‍തലം മുതല്‍തന്നെ കൃഷിയോടാഭിമുഖ്യം വളര്‍ത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ഒരു പാഠ്യപദ്ധതിയാണ് നമുക്കാവശ്യം. ശാസ്ത്രസാങ്കേതികരംഗങ്ങളിലെ മികവ് നമ്മുടെ കാര്‍ഷികമേഖലയില്‍ പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കണം. കലാലയങ്ങളില്‍ സയന്‍സ് ലാബ് ഒരുക്കുന്നതുപോലെ കാമ്പസിനുള്ളില്‍ കാര്‍ഷിക ലാബ് ഒരുക്കേണ്ടിയിരിക്കുന്നു. ജൈവരീതിയിലുള്ള ഒരു കാര്‍ഷിക സംസ്കാരം വളര്‍ത്തിയെടുക്കണം. ചെറുപ്പംമുതല്‍ കാര്‍ഷികസംസ്കാരവുമായി ഇഴുകിച്ചേര്‍ന്ന് പഠിച്ചും പരിശീലിച്ചും വരുന്നവര്‍ക്ക് കൃഷിയോടും കൃഷിക്കാരോടും ആദരവ് ഉണ്ടായിരിക്കും. ഒപ്പംതന്നെ സര്‍ക്കാര്‍ കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ന്യായമായ വിലകൂടി ഉറപ്പാക്കുമ്പോള്‍ കൃഷി അഭിമാനാര്‍ഹമായ ഒരു തൊഴിലായി മാറും.

Leave a Reply