ബ്ലോക്ക് ചെയിന്‍

വിവിധ തരത്തിലുള്ള കവര്‍ച്ചകളെക്കുറിച്ച് എത്രയെത്ര വാര്‍ത്തകളാണ് ഓരോ ദിവസവും കേള്‍ക്കുന്നത്. വീട്ടില്‍ പണവും സ്വര്‍ണ്ണവും സൂക്ഷിക്കുന്ന ഏര്‍പ്പാട് ഏതാണ്ട് എല്ലാവരും അവസാനിപ്പിച്ചിട്ടും മോഷണത്തിന് കുറവില്ല. എ റ്റി എം കാര്‍ഡുകളും തുടര്‍ന്ന് മൊബൈല്‍ മണി വാലറ്റുകള്‍ നിലവില്‍ വന്നപ്പോള്‍ “പോക്കറ്റടിയും” ഇതേപോലെ വേഷം മാറി രംഗത്തെത്തി. ഇന്‍റര്‍നെറ്റ് ബാങ്കിംഗിലൂടെ ഡിജിറ്റല്‍ പണമിടപാട് വേരുപിടിച്ചതിനൊപ്പം നെറ്റ് ബാങ്കിംഗ് തട്ടിപ്പുകളും കൂടി വരികയാണ്. ഇതിനെല്ലാം മറുപടിയാണ് ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ.
ഇന്ന് ഡിജിറ്റല്‍ ലോകത്തില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന വാക്ക് ആയി മാറിയിരിക്കുകയാണ് ബ്ലോക്ക് ചെയിന്‍. ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന് മൂല്യമേറിയതോടെയാണ് ഈ സാങ്കേതികവിദ്യ ചര്‍ച്ചാവിഷയമാകാന്‍ തുടങ്ങിയത്. ഐ ബി എം, മൈക്രോസോഫ്റ്റ് തുടങ്ങിയ വന്‍കിട കമ്പനികള്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയെ കൂടുതല്‍ പ്രയോജനപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചുവരുന്നു.
സുതാര്യമായ തുറന്ന ഡാറ്റബേസ് ആണ് ബ്ലോക്ക് ചെയിന്‍. ഈ ഡേറ്റാബേസിലേക്ക് ചേര്‍ക്കപ്പെടുന്ന ഓരോ കാര്യവും അതിനുമുമ്പ് ചേര്‍ക്കപ്പെടുന്നവയുമായി ബന്ധപ്പെട്ട് കിടക്കും. ആര്‍ക്കും ഒരുവിധ തിരുത്തലുകളോ കൃത്രിമ ഇടപെടലുകളോ നടത്താന്‍ സാധിക്കില്ല. ഓരോ ഇടപാടും തട്ടുകള്‍ അല്ലെങ്കില്‍ ബ്ലോക്കുകളായി പരിണമിച്ച് അവസാനം ഒരു ചെയിന്‍ ആയി മാറുന്നു. ഈ അര്‍ത്ഥത്തിലാണ് ബ്ലോക്ക് ചെയിന്‍ എന്ന പേരുതന്നെ ഈ സാങ്കേതികവിദ്യയ്ക്ക് വന്നത്. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയില്‍ ഒരിക്കലും ഒരു വിവരം അഥവാ ഇന്‍ഫര്‍മേഷന്‍സ് സെന്‍ട്രല്‍ കമ്പ്യൂട്ടറില്‍ ശേഖരിച്ചുവയ്ക്കുന്നില്ല. പകരം ഒരു കൂട്ടം കമ്പ്യൂട്ടറുകളിലായിരിക്കും വിവരങ്ങള്‍ വിതരണം ചെയ്യുക.
ഒരു ബ്ലോക്കിന് പ്രധാനമായും താഴെ പറയുന്ന ഭാഗങ്ങളാണുള്ളത്.
ഒന്ന്, ഡാറ്റ:- ഡാറ്റ എന്നു പറയുന്നത് ബ്ലോക്ക് ചെയിനിന്‍റെ ഉദ്ദേശം പോലെ മാറിയിരിക്കും. ഉദാഹരണത്തിന്, ഒരു ബിറ്റ്കോയിന്‍ ഡാറ്റയില്‍, അയയ്ക്കുന്നയാളെ സംബന്ധിച്ച വിവരം, സ്വീകര്‍ത്താവിനെകുറിച്ചുള്ള വിവരം, അയയ്ക്കുന്ന ബിറ്റ്കോയിന്‍റെ മൂല്യം, സമയം എന്നിവ രേഖപ്പെടുത്തിയിരിക്കുന്നു.
രണ്ട്, ഹാഷ്:- ഒരു ബ്ലോക്കിന്‍റെ ഹാഷിനെ ഒരാളുടെ ഫിംഗര്‍ പ്രിന്‍റുമായി താരതമ്യം ചെയ്യാം. അതായത്, ഒരു ബ്ലോക്ക് ചെയിനിലെ ഓരോ ബ്ലോക്കിനും ഒരു പ്രത്യേക ഹാഷ് (കമ്പ്യൂട്ടര്‍ നിര്‍മ്മിത നമ്പര്‍) നല്‍കിയിരിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന ഹാഷ്, ബ്ലോക്ക് ചെയിനിലെ ഓരോ ബ്ലോക്കിനെയും മറ്റുള്ള ബ്ലോക്കില്‍നിന്നു വ്യത്യസ്തമാക്കുന്നു. ഒരു ബ്ലോക്കിലെ ഏതെങ്കിലും ഒരു വിവരത്തില്‍ മാറ്റം വരുത്തിയാല്‍പോലും അതിന്‍റെ ഹാഷ് മാറുകയും അത് തികച്ചും വ്യത്യസ്തമായ മറ്റൊരു ബ്ലോക്കായി രേഖപ്പെടുത്തുകയും ചെയ്യുന്നു.
ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയുപയോഗിച്ച് വ്യത്യസ്തമായ നെറ്റ്വര്‍ക്കുകളില്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനാല്‍ ഏതെങ്കിലും ഒരു കമ്പ്യൂട്ടര്‍ അക്രമിച്ച് മാറ്റം വരുത്തിയിട്ടും കാര്യമില്ല. പിയര്‍ ടു പിയര്‍ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കില്‍, നെറ്റ്വര്‍ക്കില്‍ അംഗമായ എല്ലാ നോഡുകളിലും ഒരേ വിവരം സൂക്ഷിച്ചുവയ്ക്കുകയും ഇവ വ്യക്തമായ പരിശോധനകള്‍ക്കുശേഷം ഒരേ സമയം പുതുക്കുകയും ചെയ്യുന്നതുകൊണ്ട് ഹാക്കര്‍മാര്‍ ഏതെങ്കിലും ഒരു കമ്പ്യൂട്ടറില്‍ മാറ്റം വരുത്തിയിട്ട് കാര്യമില്ല. മറ്റ് നോഡുകള്‍ ഇങ്ങനെ അനധികൃതമായി മാറ്റം വരുത്തിയ ബ്ലോക്കുകളെ അതിന്‍റെ ഹാഷ് പരിശോധിച്ച് തള്ളിക്കളയുന്നു. ശരിയായ വിവരങ്ങളെ വീണ്ടും കമ്പ്യൂട്ടറിലേക്ക് അപ്ഡേറ്റ് ചെയ്യുന്നു. ഒരു ബ്ലോക്ക് ചെയിന്‍ മാറ്റിയെടുക്കണമെങ്കില്‍ അതിന്‍റെ 51 ശതമാനം നോഡുകളിലെ വിവരങ്ങളും മാറ്റിയെടുക്കണം.
സാമ്പത്തിക ഇടപാടുകളില്‍ തട്ടിപ്പിന്‍റെ അപകട സാധ്യത പരമാവധി കുറയ്ക്കാനാകുമെന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രത്യേകത. ബാങ്കിംഗ്, ഫിനാന്‍സ്, റീട്ടെയില്‍, ഈ-കോമേഴ്സ് രംഗങ്ങളില്‍ ബ്ലോക്ക് ചെയിന്‍ ഉപയോഗിക്കാന്‍ കഴിയും. വ്യക്തിഗത വിവരങ്ങള്‍ സൂക്ഷിക്കാനും ഇത് ഉപയോഗിക്കാം. 2019 സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തോടെ എസ് ബി ഐ, ബ്ലോക്ക് ചെയിന്‍ സാങ്കേതികത നടപ്പിലാക്കാനിരിക്കുകയാണ്. വരും ദശാബ്ദത്തില്‍ സമൂഹത്തെയും സമ്പദ്ഘടനയെയും രൂപപ്പെടുത്തിയെടുക്കുന്ന സുപ്രധാന ഘടകമായിരിക്കും ബ്ലോക്ക് ചെയിന്‍.
ബ്ലോക്ക് ചെയിന്‍ സംവിധാനത്തിന്‍റെ സൗകര്യം സാധാരണക്കാരന് ലഭ്യമാകണമെങ്കില്‍ നമുക്ക് നിക്ഷേപമുള്ള ബാങ്കുകളുടെയും വിവിധ സേവന ദാതാക്കളായ കമ്പനികളുടെയും പ്രവര്‍ത്തനം ഇത്തരം സംവിധാനത്തിലേക്ക് മാറേണ്ടതുണ്ട്. കറന്‍സിയും നാണയങ്ങളൊന്നുമില്ലാതെ നമ്മുടെ സമ്പാദ്യം ഇന്‍റര്‍നെറ്റിലെ ഡിജിറ്റല്‍ സിഗ്നാലായി ഒരാളുടെ കമ്പ്യൂട്ടറില്‍നിന്ന് മറ്റൊരാളുടെ കമ്പ്യൂട്ടറിലേക്ക് മാറ്റുന്ന ഉയര്‍ന്ന സുരക്ഷാ സംവിധാനമാണ് ബ്ലോക്ക് ചെയിന്‍ എന്ന് വിശേഷിപ്പിക്കാം. പരമ്പരാഗത ബിസിനസ്സ് മാതൃകകളുടെ സ്ഥാനത്ത് പുതിയ രീതികള്‍ ഉടലെടുക്കുന്ന വിധത്തില്‍ ബ്ലോക്ക് ചെയിന്‍ വലിയ മാറ്റങ്ങളാവും സമൂഹത്തില്‍ സൃഷ്ടിക്കുക.

 

 

 

 

ഡോ. ജൂബി മാത്യു

Leave a Reply