90 ലക്ഷം ഡോളറിന്റെ സഹായ പദ്ധതിയുമായി പേപ്പൽ ഫൗണ്ടേഷൻ

ഫിലാഡെല്‍ഫിയ: 59 രാജ്യങ്ങളിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഫിലാഡെല്‍ഫിയ ആസ്ഥാനമായുള്ള പേപ്പല്‍ ഫൗണ്ടേഷന്‍ 90 ലക്ഷം ഡോളര്‍ ചെലവഴിക്കും. 110 പദ്ധതികള്‍ക്ക് വേണ്ടിയാണ് ഈ ഗ്രാന്റ് വിതരണം ചെയ്യുക. പ്രധാനമായും വികസ്വര രാജ്യങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ധനസഹായമെന്ന് 2020-ലെ ധനസഹായം സംബന്ധിച്ച് പേപ്പല്‍ ഫൗണ്ടേഷന്‍ പുറത്തുവിട്ട പ്രഖ്യാപനത്തില്‍ പറയുന്നു. അപ്പസ്തോലിക ന്യൂണ്‍ഷോ, പ്രാദേശിക മെത്രാന്‍ തുടങ്ങിയവര്‍ വഴി വത്തിക്കാന്‍ സെക്രട്ടറിയേറ്റിന് ലഭിച്ച അപേക്ഷകള്‍ ടാമ്മി ടെനാഗ്ലിയ അദ്ധ്യക്ഷനായുള്ള ഫൗണ്ടേഷന്റെ ഗ്രാന്റ് റിവ്യൂ കമ്മിറ്റി വിശകലനം ചെയ്ത ശേഷമാണ് ധനസഹായത്തിനര്‍ഹതയുള്ള പദ്ധതികള്‍ കണ്ടെത്തുന്നത്. പാപ്പയുടെ നിര്‍ദ്ദേശപ്രകാരം ബോര്‍ഡ് ഓഫ് ട്രസ്റ്റാണ് അവസാന അനുമതി നല്‍കുന്നത്.

$15,000 മുതല്‍ വരുന്ന തുകകളായാണ് ഗ്രാന്‍ഡ്‌ വിതരണം ചെയ്യുന്നത്. ദേവാലയങ്ങള്‍ക്കായി $1,744,431, കോണ്‍വെന്റുകള്‍, ധ്യാനകേന്ദ്രങ്ങള്‍ എന്നിവക്കായി $39,56431, സ്കൂളുകള്‍ക്കായി $1,336,691, സെമിനാരികള്‍ക്കായി $2,21,468, ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കുമായി $5,94,243 സാങ്കേതിക ആവശ്യങ്ങള്‍ക്കായി (റേഡിയോ സ്റ്റേഷനുകള്‍) $1,16,986, മാനവ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി $3,04,227, വിദ്യാഭ്യാസത്തിനും രൂപീകരണ (ഫോര്‍മേഷന്‍) പ്രവര്‍ത്തനങ്ങള്‍ക്കുമായി $4,97,501, എന്നിങ്ങനെയാണ് തുകകള്‍ വകയിരുത്തിയിരിക്കുന്നത്.

ഉഗാണ്ടയിലെ മൊറോട്ടോ രൂപതക്കും റെജീന മുണ്ടിയിലെ ക്രിസ്ത്യന്‍ സമൂഹത്തിനും പുതിയ കത്തീഡ്രല്‍ നിര്‍മ്മിക്കുന്നതിനായി 1,00,000 ഡോളറും, അങ്കോളയിലെ ലുബാങ്ങോയില്‍ സ്കൂള്‍ നിര്‍മ്മിക്കുന്നതിനായി ‘ഡൊമിനിക്കന്‍ മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് ദി റോസറി’ക്ക് 99,990 ഡോളറും വടക്ക്-കിഴക്കന്‍ തായ്ലാന്‍ഡിലെ ഉഡോണ്‍ താനി രൂപതയില്‍ എച്ച്.ഐ.വി/എയിഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ‘മദര്‍ ഓഫ് പെര്‍പെച്ച്വല്‍ ഹെല്‍പ്പ് സെന്ററിന് 38,718 ഡോളറും, സിംബാബ്‌വേയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ ‘ഫോര്‍മേഷന്‍’ പരിപാടികള്‍ക്കായി 85,000 ഡോളറും ഇതിനോടകം കൈമാറിയിട്ടുണ്ട്.

Leave a Reply