കൊവിഡ് വാക്‌സിന്‍ ഡിസംബറോടെ വിപണിയിലെത്തും

ന്യൂഡല്‍ഹി: രാജ്യത്തിന് പ്രതീക്ഷ നല്‍കി കൊവിഡ് വ്യാപനം തടയാനുള്ള കൊവിഡ് വാക്‌സിന്‍ ഡിസംബറോടെ വിപണിയിലെത്തുമെന്ന് പൂനെ ആസ്ഥാനമായ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. രാജ്യത്തെ 20 കോടി പേര്‍ക്ക് ജനുവരിയ്ക്ക് മുമ്ബ് മരുന്ന് നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്നാണ് ഇന്‍സ്റ്റി‌റ്റ്യൂട്ട് അധികൃതര്‍ പറയുന്നത്. ഓക്‌സ്‌ഫോഡ് സര്‍വകലാശാല വികസിപ്പിക്കുന്ന വാ‌ക്‌സിനാകും രാജ്യത്ത് വിപണിയിലെത്തുക.

ഓക്‌സ്‌ഫോഡ് സര്‍വകലാശാല നടത്തിയ മരുന്നിന്റെ മൂന്നാംഘട്ട പരീക്ഷണം നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പരീക്ഷണത്തിന് ശേഷം പ്രതിരോധമരുന്ന് വില്‍ക്കാനുള്ള അനുമതി തേടാനാണ് നീക്കം. ഉത്പാദനം തുടങ്ങി വയ്ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

എന്നാല്‍ വില്‍ക്കാന്‍ ഇപ്പോള്‍ കഴിയില്ല. എല്ലാ ഘട്ടവും പൂര്‍ത്തിയാക്കി അനുമതി കിട്ടിയ ശേഷമേ വില്‍പന തുടങ്ങാനാകൂ. അടുത്ത ജൂണോടെ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനാകുമെന്നും, പ്രാഥമികമായി മരുന്ന് പുനെയിലാകും ഉത്പാദിപ്പിക്കുകയെന്നും സെറം ഇന്‍‌സ്‌റ്റിറ്റ്യൂട്ട് അധികൃതര്‍ പറയുന്നു.

ഇതുവരെ രോഗബാധ വന്നിട്ടില്ലാത്തവര്‍ക്ക് ആദ്യമായി വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചേക്കുമെന്നാണ് സൂചന. രോഗം വന്നവര്‍ക്ക് രക്തത്തില്‍ ആന്റിബോഡികളുണ്ടാകും എന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരിക്കല്‍ രോഗം വന്ന് മാറിയവര്‍ക്ക് വീണ്ടും രോഗം വന്ന കേസുകള്‍ വിരളമാണ്. അതിനാല്‍ പ്രാഥമികപരിഗണനാപട്ടികയില്‍ ഒരിക്കല്‍ രോഗം വന്നവരുണ്ടായേക്കില്ല എന്നതാണ് വിവരം. അതേസമയം, മറ്റ് അസുഖങ്ങളുള്ള അതീവശ്രദ്ധ ആവശ്യമുള്ളവര്‍ക്കും ആദ്യഘട്ടത്തില്‍ പ്രഥമപരിഗണന നല്‍കി വാക്സിന്‍ നല്‍കിയേക്കും.

രാജ്യത്തെ 17 ആശുപതികളിലെ 1400 പേരിലാണ് മൂന്നാംഘട്ട മനുഷ്യ പരീക്ഷണം നടക്കുക. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്സിന് പുറമെ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിന്‍ ഉള്‍പ്പെടെ രണ്ട് വാക്സിനുകളുടെ ആദ്യ ഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടുണ്ട്. ആദ്യദിനം നൂറ് പേരില്‍ വാക്സിന്‍ കുത്തിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പുനെ, മഹാരാഷ്ട്ര, അഹമ്മദാബാദ് എന്നിവിടങ്ങളിലായാണ് പ്രധാനപരീക്ഷണകേന്ദ്രങ്ങള്‍. ഡല്‍ഹി എയിംസ്, സേഥ് ജി.എസ് മെഡിക്കല്‍ കോളേജ്, മുംബയ്, കെ.ഇ.എം ആശുപത്രി, മുംബയ്, ജിപ്‍മെര്‍ ചണ്ഡീഗഢ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മൂന്നാംഘട്ട പരീക്ഷണത്തിന് വിധേയരാവുക.

Leave a Reply