കൊച്ചി: സൂമിന് പകരം ഇന്ത്യയുടെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് നിര്‍മ്മിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ ഇന്നവേഷന്‍ ചലഞ്ചില്‍ വിജയികളായ ടെക്ജൻഷ്യ മേധാവി ജോയി സെബാസ്റ്റ്യനെയും ടീം അംഗങ്ങളെയും കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അനുമോദിച്ചു.ചെറിയ തോതില്‍ ആരംഭിച്ച ടെക്ജന്‍ഷ്യ നിസ്വാര്‍ത്ഥ പരിശ്രമത്തിലൂടെ വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്നും ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അഭിമാനമായി ഈ നേട്ടം മാറിയിരിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ അനുമോദന സന്ദേശത്തില്‍ പറഞ്ഞു.
ആലപ്പുഴ രൂപതയിലെ ഓമനപ്പുഴ സെന്റ് ഫ്രാന്‍സിസ് ഇടവകാംഗമായ ജോയി സെബാസ്റ്റ്യന്‍ ഇടവകയിലെ മതാധ്യാപകന്‍ കൂടിയാണെന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും മാര്‍ ആലഞ്ചേരി കൂട്ടിചേര്‍ത്തു. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം സംഘടിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സ് പ്രൊഡക്ട് ഇന്നോവോഷന്‍ ചലഞ്ചില്‍ ടെക്ജന്‍ഷ്യ സോഫ്റ്റ്‌വെയര്‍ ടെക്‌നോളജീസ് വിജയികളായത് 1983 മത്സരാര്‍ത്ഥികളെയാണ് പിന്നിലാക്കിയത്.