കാഞ്ഞിരപ്പള്ളി: ഓണക്കാലമായതോടെ വിപണിയിൽ പച്ചക്കറികൾക്ക് തോന്നുംപടി കുത്തനെ വിലകൂട്ടി വ്യാപാരികൾ. രണ്ടു ദിവസം കൊണ്ടാണ് പലയിനങ്ങൾക്കും വില കുതിച്ചുയർന്നത്.കോവിഡ് കാലമായിട്ടും ഓണവിപണി ചെറിയതോതിൽ സജീവമാകാൻ തുടങ്ങിയതാണ് വിലക്കയറ്റത്തിനു കാരണം കോവിഡ് 19 പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടവും സാന്പത്തിക ബുദ്ധിമുട്ടുമൂലം നട്ടംതിരിയുന്ന സാധാരണക്കാർക്ക് നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റം വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മുൻ വർഷങ്ങളിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വിപണിയിൽ കാര്യമായ ഇടപെടലുകൾ നടത്തിയെങ്കിലും പച്ചക്കറി വിപണിയിൽ ഇത്തവണ കാര്യമായ ഇടപെടലുകൾ കാണുന്നില്ല.
ഒരേ സ്ഥലങ്ങളിൽ ഒരേ ഉത്പന്നങ്ങൾക്ക് തോന്നുംപടി യാണ് വില ഈടാക്കുന്നത്. വിപണിയിൽ കൃത്രിമവിലക്കയറ്റം രൂക്ഷമായിട്ടും അധികാരികളുടെ ഭാഗത്തുനിന്നും യാതോരു വിധ നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. സഹകരണ ബാങ്കുകളുടെയും സ്വാശ്രയ സംഘങ്ങളുടെയും നേതൃത്വത്തിൽ വരും ദിവസങ്ങളിൽ ഓണച്ചന്തകൾ ആരംഭിക്കുമെന്നതാണ് സാധാരണക്കാരന്റെ പ്രതീക്ഷ.

