ഇടുക്കി: ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ ആഘാതത്തില്‍ നിന്നും കേരളം കരകയറിയിട്ടില്ല. എന്നാല്‍ ഉരുല്‍ പൊട്ടലിന് കാരണം പ്രദേശത്തുണ്ടായ മേഘവിസ്ഫോടനമാകാമെന്ന് വിദഗ്ധര്‍ പറയുന്നു.
ഓഗസ്റ്റ് ആദ്യവാരം രണ്ടായിരും മില്ലിലിറ്റര്‍ മഴയായിരുന്നു പെട്ടിമുടിയില്‍ ലഭിച്ചത്. ഇതിനൊപ്പം സമീപത്തെ മലയില്‍ നിന്നും കുത്തിയൊലിച്ച് വെള്ളം എത്തുകയും ചെയ്തതോടെ വലിയ ദുരന്തം സംഭവിക്കുകയായിരുന്നു.
ചെറില കാലയളവില്‍ ഒരു പ്രദേശത്ത് ഉണ്ടാകുന്ന ശക്തമായ മഴയാണ് മേഘവിസ്ഫോടനം. ഉരുള്‍പൊട്ടലുണ്ടായ ഓഗസ്റ്റ് 6 ന് പെട്ടിമുടിയില്‍ പെയ്തത് 612 മില്ലി ലിറ്റര്‍ മഴയാണ്. അങ്ങനെ തുടര്‍ച്ചയായി ഓഗസ്റ്റ് 1 മുതല്‍ ഏഴ് വരെ 2147 മില്ലി ലിറ്റര്‍ മഴ ലഭിച്ചു.
ചരിത്രത്തില്‍ തന്നെ ആദ്യമായാണ് കണ്ണന്‍ദേവന്‍ മലനിരകളില്‍ ഇത്രയും കൂടുതല്‍ മഴ ലഭിക്കുന്നത്. ശരാശരി ഒരു വര്‍ഷം കൊണ്ട് കിട്ടേണ്ട മഴയാണ് ഒറ്റ ആഴ്ച്ചകൊണ്ട് ലഭിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു.
രാജമലയില്‍ നിന്നും മഴവെള്ളം കൂടി പെട്ടിമുടിയിലിലെത്തിയതോടെ 14 അടിയോളം ഉയരത്തില്‍ വെള്ളമെത്തുകയായിരുന്നു. പെട്ടിമുടിയില്‍ കഴിഞ്ഞ ദിവസത്തോടെ തെരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.
ആധുനിക സംവിധാനത്തോടെ ഇന്നലേയും തെരച്ചില്‍ നടത്തിയെങ്കിലും ആരേയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പെട്ടിമുടിയിലെ ഒഴുക്ക് കുറഞ്ഞ ശേഷം അഗ്‌നി രക്ഷാസേന, വനം വകുപ്പ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുമെന്ന് ദേവികുളം സബ്കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു.
ഇനിയും അഞ്ച് പേരെയാണ് കണ്ടെത്താനുള്ളത്. 65 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി. ഉരുള്‍പൊട്ടലില്‍ നാല് ലയങ്ങളിലായി 30 വീടുകള്‍ തകര്‍ന്നിരുന്നു.