ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഒ.പി. വിഭാഗം ഉദ്ഘാടനം വ്യാഴാഴ്ച

ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒപി വിഭാഗത്തിന്റെയും പുതിയ മന്ദിരത്തിന്റെയും ഉദ്ഘാടനം വ്യാഴാഴ്ച (ഓഗസ്റ്റ് 27) ഉച്ചയ്ക്ക് 12ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ആരോഗ്യ- കുടുംബ ക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജടീച്ചര്‍ അധ്യക്ഷത വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയായിരിക്കും. റോഷി അഗസ്റ്റിന്‍ എംഎല്‍എ സ്വാഗതമാശംസിക്കും. ആശുപത്രി വികസന സമിതി ചെയര്‍മാനായ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
എംഎല്‍എമാരായ പി ജെ ജോസഫ്, എസ് രാജേന്ദ്രന്‍, ഇ എസ് ബിജിമോള്‍, മുന്‍ എംപി അഡ്വ. ജോയ്‌സ് ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡംഗം സി വി വര്‍ഗീസ് എന്നിവരും തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികളും വിവിധ കക്ഷിനേതാക്കളും ആശുപത്രി വികസന സമിതിയംഗങ്ങളും ആരോഗ്യവകുപ്പ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
85 കോടി രൂപ നിര്‍മാണനുമതി ലഭിച്ച ആശുപത്രി സമുച്ചയത്തില്‍ ഒപി വിഭാഗത്തിന് പുറമെ സ്ഥാപിച്ചിട്ടുള്ള ട്രൂനാറ്റ് പരിശോധന കേന്ദ്രം, ആധുനികസംവിധാനങ്ങളോടുകൂടിയ മോളിക്യുലാര്‍ ലാബ് (ആര്‍ടിപിസിആര്‍ലാബ് മൂന്നാം നിലയില്‍ സെന്‍ട്രല്‍ ലബോറട്ടറി സോണില്‍ സജ്ജമാവുകയും ഐസിഎംആര്‍ ന്റെ അംഗീകാരത്തോടുകൂടി വൈറോളജി ടെസ്റ്റിംഗ് സെന്ററായി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
ജില്ലാ ആശുപത്രിയുടെ പരിമിതമായ സൗകര്യങ്ങളിലാണ് നാളിതുവരെ മെഡിക്കല്‍ കോളേജിന്റെ ഒ.പി. പ്രവര്‍ത്തിച്ചിരുന്നത്. കോവിഡ് 19 ന്റെ വ്യാപനത്തോടെ ആശുപത്രി കോവിഡ് സെന്ററാക്കി മാറ്റിയതോടെ ഒ.പി. വിഭാഗത്തിന്റെ പ്രവര്‍ത്തനം തന്നെ നിലച്ച നിലയിലായിരുന്നു.
റേഡിയോളജി ഉള്‍പ്പടെയുള്ള വിഭാഗങ്ങളും ഒപ്പം അത്യാഹിത വിഭാഗവും പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന രീതി പൂര്‍ണ്ണമായും ഒഴിവാക്കാനാകും. നിലവില്‍ ബ്ലോക്ക് 1 ഹോസ്പിറ്റല്‍ കോംപ്ലക്‌സില്‍ 80 ലധികം രോഗികളെ കിടത്തി ചികിത്സിക്കാന്‍ സംവിധാനം സജ്ജമാണ്. വൈദ്യുതി മന്ത്രി എം.എം. മണിയുടെ നിര്‍ദ്ദേശമനുസരിച്ച് കെഎസ്ഇബിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് ലഭിച്ച 10 കോടി രൂപ ചെലവഴിച്ചാണ് ഹോസ്പിറ്റലിന്റെ ഭൗതിക സൗഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയത്.
കഴിഞ്ഞ മാസം പ്രവര്‍ത്തനം ആരംഭിച്ച രക്തത്തിലെ പ്ലാസ്മ ഉള്‍പ്പടെ വേര്‍തിരിച്ച് സൂക്ഷിക്കാവുന്ന ജില്ലയിലെ ആദ്യത്തെ ബ്ലഡ് സെന്റര്‍, 45 ബെഡ്ഡോഡുകൂടിയ വിവിധ തീവ്ര പരിചരണ വിഭാഗങ്ങള്‍ എന്നിവ ആരംഭിച്ചിട്ടുണ്ട്.
അക്കാദമിക് ബ്ലോക്ക് ഇപ്പോള്‍ കോവിഡ് 19 നുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആക്കിയിരുന്നത്. ട്രൂനാറ്റ് പരിശോധന കേന്ദ്രം, ആധുനിക സംവിധാനങ്ങളോടുകൂടിയ മോളിക്യുലാര്‍ ലാബ് (ആര്‍ടിപിസിആര്‍ ലാബ്) മെഡിക്കല്‍ കോളേജിന്റെ പുതിയ ആശുപത്രി സമുച്ചയത്തിന്റെ മൂന്നാം നിലയില്‍ സെന്‍ട്രല്‍ ലബോറട്ടറി സോണില്‍ സജ്ജമാവുകയും ഐസിഎംആര്‍ ന്റെ അംഗീകാരത്തോടുകൂടി ടെസ്റ്റിംഗ് സെന്ററായി പ്രവര്‍ത്തിച്ചു വരുന്നു. ആരോഗ്യ വകുപ്പില്‍ നിന്നുള്ള 82 ലക്ഷം രൂപ ചെലവഴിച്ചാണ് ആര്‍ടിപിസിആര്‍ ലാബിന്റെ ഭൗതിക – സാങ്കേതിക സൗകര്യങ്ങള്‍ ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്നത്.

Leave a Reply