കുമ്പസാരം നിര്‍ത്തലാക്കേണ്ടേ ?

ഈ അടുത്ത കാലത്തായി കുമ്പസാരമെന്ന കൂദാശയുടെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന നിരവധിയായ വ്യാജപ്രചാരണങ്ങളാണ് ബോധപൂര്‍വ്വം സംഘടിതമായി സോഷ്യല്‍ മീഡിയായിലും മുഖ്യധാരാ മാധ്യമങ്ങളിലും നടത്തിക്കൊണ്ടിരിക്കുന്നത്. ഈ വ്യാജപ്രചരണങ്ങളുടെ പിന്നിലെ യഥാര്‍ത്ഥ വസ്തുത എന്ത് എന്ന് വ്യക്തമാക്കുകയാണ് തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനും പ്രശസ്ത ദൈവശാസ്ത്രജ്ഞനുമായ മാര്‍ ജോസഫ് പാംപ്ലാനിയില്‍.
* കുമ്പസാരമെന്ന കൂദാശ ഈശോ സ്ഥാപിച്ചു എന്നതിന് എന്തെങ്കിലും തെളിവുകളുണ്ടോ, ഇത് സഭയുടെ കണ്ടുപിടിത്തമല്ലേ?
ഈശോ കുമ്പസാരമെന്ന കൂദാശ സ്ഥാപിച്ചു എന്നതിന് വ്യക്തമായ തെളിവ് സുവിശേഷങ്ങളിലെ ഈശോയുടെ പ്രവൃത്തിയാണ്. ഈശോ ശിഷ്യന്മാരെ വിളിച്ചതുതന്നെ പ്രധാനമായും മൂന്നു ദൗത്യങ്ങള്‍ക്കു വേണ്ടിയാണ്. ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കുവാന്‍, പാപങ്ങള്‍ മോചിക്കുവാന്‍, രോഗികളെ ആശ്വസിപ്പിക്കുവാന്‍. ഇതില്‍നിന്നു തന്നെ വ്യക്തമാണ്, ഈശോ ശിഷ്യന്മാരെ വിളിച്ചതിന്‍റെ ഒരു ലക്ഷ്യം പാപങ്ങള്‍ മോചിക്കുക എന്നതാണ് എന്ന്.
കേസറി ഫിലിപ്പി പ്രദേശത്തുവച്ച് ഈശോ സഭ സ്ഥാപിക്കുന്ന രംഗം, ഈശോ പത്രോസിനോട് പറഞ്ഞു “പത്രോസേ നീ പാറയാണ്. ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോല്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും.” (മത്താ. 16:18-19). ഇതൊരു അധികാര കൈമാറ്റമാണ്. സഭയില്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ക്രിസ്തു നല്കുന്ന ഒരധികാരം എന്ന് വ്യക്തമാണ്. മത്തായിയുടെ സുവിശേഷം 18-ാം അധ്യായത്തില്‍ എത്തുമ്പോള്‍ ഈ അധികാരം ശിഷ്യന്മാര്‍ മുഴുവനിലേക്കും കൈമാറ്റം ചെയ്യപ്പെടുന്നു (മത്താ. 18). യോഹന്നാന്‍റെ സുവിശേഷത്തില്‍ ഉത്ഥാനം ചെയ്ത ഈശോ പറയുന്നത്” പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും (യോഹ. 20:21-23) എന്നാണ്.
പാപം മോചിക്കുവാനുള്ള അധികാരം ഈശോ ശിഷ്യന്മാര്‍ക്കു നല്‍കുന്നു എന്നത് വളരെ വ്യക്തമായി ഇതില്‍നിന്നും മനസ്സിലാക്കാം.
ഈശോയുടെ ഈ വാക്കുകളെ എങ്ങനെയാണ് ആദിമസഭ മനസ്സിലാക്കിയത് എന്ന് വ്യക്തമാക്കുന്നതാണ് അപ്പസ്തോല പ്രവര്‍ത്തനങ്ങളും ലേഖനങ്ങളും. പൗലോസ് ശ്ലീഹാ ഇപ്രകാരം പറയുന്നു. “നിങ്ങള്‍ ക്ഷമിച്ചവരോട് ഞാന്‍ ക്ഷമിക്കും. ഞാന്‍ എന്തെങ്കിലും ക്ഷമിച്ചിട്ടുണ്ടെങ്കില്‍ അത് ക്രിസ്തുവിന്‍റെ നാമത്തില്‍ നിങ്ങള്‍ക്കുവേണ്ടിയാണ്” (2 കോറി. 2:10). അതായത് പൗലോസ് ശ്ലീഹാ ഒരു വ്യക്തിയുടെ പാപം മോചിച്ചത് ഈശോയുടെ സ്ഥാനത്തുനിന്നുകൊണ്ടാണ് എന്ന് ശ്ലീഹാ സ്ഥാപിക്കുന്നു. ഇനിയും തെളിവുകള്‍ ആവശ്യമെങ്കില്‍ യാക്കോബ് ശ്ലീഹായുടെ ലേഖനം 5-ാം അധ്യായം 14 മുതലുള്ള വാക്കുകളില്‍ ഇപ്രകാരം പറയുന്നുണ്ട്. “നിങ്ങളില്‍ ആരെങ്കിലും രോഗികളായാല്‍ സഭയിലെ ശ്രേഷ്ഠരെ സമീപിക്കട്ടെ. അവര്‍ തൈലം പൂശി പ്രാര്‍ത്ഥിക്കട്ടെ… നിങ്ങള്‍ പാപം ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് മോചനം നേടട്ടെ…” സഭയില്‍ ഈശോമിശിഹാ പാപം മോചിക്കാന്‍ അധികാരം ശിഷ്യന്മാര്‍ക്കു കൊടുത്തു എന്ന് സുവിശേഷം വ്യക്തമാക്കുന്നു. ശിഷ്യന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ ഈ ആശയം വ്യക്തമായി കാണുവാനും കഴിയും. അതുകൊണ്ട് കുമ്പസാരമെന്ന കൂദാശ ഈശോ സ്ഥാപിച്ചോ ഇല്ലയോ എന്നത് വെറും പുകമറ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നവരുടെ തന്ത്രം മാത്രമാണെന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതാണ്.
* പാപമോചനം ഈശോ സ്ഥാപിച്ചതാണ്. പക്ഷേ, അത് വൈദികനിലൂടെ വേണമെന്ന് സഭ നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണ്?
ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ആക്ഷേപം ഇന്നോ ഇന്നലെയോ രൂപപ്പെട്ടതല്ല, മറിച്ച്, പ്രൊട്ടസ്റ്റന്‍റ് വിപ്ലവത്തിന്‍റെ പിതാവായ മാര്‍ട്ടിന്‍ ലൂഥര്‍ കുമ്പസാരമെന്ന കൂദാശയെ തകര്‍ക്കുവാനായി ഉന്നയിച്ച ഒരു വാദം മാത്രമാണ് ഇത്. അതായത് ആറു നൂറ്റാണ്ടുകളായി കുമ്പസാരമെന്ന കൂദാശയെ തകര്‍ക്കുവാന്‍ നിരന്തരം ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആരോപണമാണിത് എന്ന് ആദ്യം മനസ്സിലാക്കണം.
ഇവിടെ പുരോഹിതനെന്ന മദ്ധ്യവര്‍ത്തിയെ സഭ നിറുത്തിയതല്ല, ക്രിസ്തു പുരോഹിതന് അപ്രകാരമൊരു ദൗത്യം നല്‍കിയതാണ്. ഈ ദൗത്യമാണ് ഈശോയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത് “നീ ഭൂമിയില്‍ ആരുടെ പാപങ്ങള്‍ മോചിക്കുന്നുവോ അവ മോചിക്കപ്പെട്ടിരിക്കും. ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും” (യോഹ. 20:23). ഈ പാപമോചനത്തെ എങ്ങനെയാണ് ആദിമ കത്തോലിക്കാ സഭ മനസ്സിലാക്കിയത് എന്നറിയാന്‍ നമ്മെ സഹായിക്കുന്ന ഒരു ഗ്രന്ഥമാണ് വി. ഇഗ്നേഷ്യസിന്‍റെ “ദീദാസ് കാലിയ അപ്പസ്തലോരും.” രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥത്തില്‍ മെത്രാന്മാര്‍ക്കുള്ള ഉപദേശത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. “അല്ലയോ മെത്രാന്മാരേ കെട്ടാനും അഴിക്കാനുമുള്ള അധികാരം ക്രിസ്തു നിങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്നതിനാല്‍ മാമ്മോദീസായ്ക്കുശേഷം വിശ്വാസികള്‍ക്കു സംഭവിക്കുന്ന പാപങ്ങള്‍ കേട്ട് വിധി എഴുതി നിങ്ങള്‍ പരിഹാരം നിര്‍ദ്ദേശിക്കണം.” രണ്ടാം നൂറ്റാണ്ടില്‍ സഭയില്‍ കുമ്പസാരമെന്ന കൂദാശ എപ്രകാരം പരികര്‍മ്മം ചെയ്തിരുന്നു എന്നതിന് ഇതിലും വലിയ ഒരു തെളിവ് ആവശ്യമില്ല.
മദ്ധ്യവര്‍ത്തിയെ സഭ നിയമിച്ചു എന്നല്ല, ക്രിസ്തു ദൈവത്തിനും മനുഷ്യനുമിടയില്‍ മധ്യവര്‍ത്തിയായി നിയമിച്ചത്, സഭയെയാണ് എന്നതാണ് സത്യം. പുരോഹിതന്‍ മധ്യവര്‍ത്തിയാകുന്നത് സഭയുടെ പ്രതിനിധി എന്ന നിലയിലാണ്. അതുകൊണ്ട് മനുഷ്യന്‍റെ രക്ഷയ്ക്കുവേണ്ടിയുള്ള ദൈവികപദ്ധതിയില്‍ തിരുസഭയുടെ മാധ്യസ്ഥ്യമാണ് കുമ്പസാരമെന്ന കൂദാശയില്‍ പുരോഹിതനിലൂടെ സംഭവിക്കുന്നത് എന്ന് തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥ ദൈവശാസ്ത്ര ചിന്ത:
* വാട്സാപ്പിലൂടെയും ഫേയ്സ്ബുക്കിലൂടെയും ഇന്ന് വളരെയേറെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ആക്ഷേപമാണ്. 1246 ല്‍ ലാറ്ററന്‍ സൂനഹദോസിലാണ് കുമ്പസാരം കണ്ടുപിടിച്ചത്. അതിനുമുമ്പ് ജീവിച്ചുമരിച്ച കത്തോലിക്കര്‍ സ്വര്‍ഗ്ഗത്തില്‍ പോയിട്ടില്ലേ…?
ഇത്തരം ആക്ഷേപം ഉന്നയിക്കുന്നവര്‍ ചരിത്രം ശരിയാംവണ്ണം പഠിക്കുവാന്‍ ഉദ്ദേശിക്കാത്തവരാണ്. സത്യം അറിഞ്ഞുകൊണ്ട് വിമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മാത്രമേ സത്യാന്വേഷണം നടത്തേണ്ടതുള്ളൂ. കുറ്റം പറയാന്‍ മാത്രമേ ഉദ്ദേശ്യമുള്ളൂവെങ്കില്‍ മനസ്സില്‍ തോന്നുന്നതെല്ലാം എഴുതാം, വായില്‍ തോന്നുന്നതെല്ലാം പറയാം.
1246 ല്‍ ലാറ്ററല്‍ കൗണ്‍സിലാണ് കുമ്പസാരം കണ്ടുപിടിച്ചത് എന്ന് പറയണമെന്നുണ്ടെങ്കില്‍ അവര്‍ സത്യത്തെ അത്രമാത്രം മൂടിവയ്ക്കാന്‍ എന്തും ചെയ്യും എന്നുള്ളവരാണ്. ഈ ആക്ഷേപത്തിന്‍റെ പിന്നിലെ സത്യം, കുമ്പസാരം എന്ന കൂദാശയെ തിരുസഭയുടെ അഞ്ചുകല്പനകളിലൊന്നാക്കി മാറ്റിയത് ലാറ്ററന്‍ സൂനഹദോസില്‍ വച്ചായിരുന്നു എന്നതാണ്. ഉദാഹരണമായി പറഞ്ഞാല്‍, ഇന്ത്യന്‍ പീനല്‍കോഡ് നിലവില്‍ വന്നത് 1830 ലാണ് എന്നത് ചരിത്രവസ്തുതയാണ്. ഇന്ത്യന്‍ പീനല്‍ കോഡില്‍ പറയുന്നുണ്ട് കൊലപാതകം തെറ്റാണ്. കൊലപാതകം ശിക്ഷാര്‍ഹമാണ് എന്ന്. 1830 നുമുമ്പ് കൊലപാതകം ശിക്ഷാര്‍ഹമായിരുന്നില്ല എന്നോ അതു നിയമാനുസൃതമായിരുന്നു എന്നോ ഊഹിക്കാന്‍ പറ്റുമോ. ഒരു കാര്യം ഒരു നൈയ്യാമികതയുടെ ഭാഗമായി രേഖപ്പെടുത്തുന്നു എന്നത് നാലാം ലാറ്ററല്‍ സൂനഹദോസില്‍ സംഭവിക്കുന്ന കാര്യമാണ്. പക്ഷേ, കുമ്പസാരമെന്ന കൂദാശ സഭയുടെ ആരംഭം മുതല്‍ ഉണ്ടായിരുന്നു എന്ന സത്യത്തെ നിഷേധിക്കാന്‍ ഈ നൈയ്യാമിക ഇടപെടലിനെ ഒരു തെളിവായി ഒരിക്കലും സ്വീകരിക്കാന്‍ സാധിക്കുകയില്ല.
വൈദികന്‍റെ അടുക്കല്‍ രഹസ്യമായി പാപം പറയുന്ന രഹസ്യകുമ്പസാരം പശ്ചാത്യസഭയിലാണ് ആദ്യ നൂറ്റാണ്ടുമുതല്‍ നിലനിന്നിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ എ.ഡി. 615 നും 620 നും ഇടയില്‍ ഐറിഷ് മിഷനറിമാരുടെ വരവോടെയാണ് രഹസ്യകുമ്പസാരം പൗരസ്ത്യസഭകളില്‍ വ്യാപകമായത്. ഇതിനുമുമ്പ് പൗരസ്ത്യസഭകളില്‍ എപ്രകാരമാണ് കുമ്പസാരം നടന്നിരുന്നത് എന്ന് തീര്‍ച്ചയായും നാം അന്വേഷിക്കേണ്ടതാണ്.
ഏഴാം നൂറ്റാണ്ടുവരെ പൗരസ്ത്യസഭയില്‍ നിലനിന്നിരുന്ന കുമ്പസാരം വൈദികനോ മെത്രാനോ അധ്യക്ഷനായ ഒരു സഭാസമൂഹത്തിനുമുമ്പില്‍ വന്ന് തങ്ങളുടെ പാപം വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു. ഇത് സഭയില്‍ പലവിധ പ്രതിസന്ധികള്‍ക്കും ഇടയാക്കി. അതിനാലാണ് പരസ്യകുമ്പസാരം രഹസ്യകുമ്പസാരത്തിലേക്ക് മാറാന്‍ ഇടയായത്. പക്ഷേ, പരസ്യകുമ്പസാരത്തിലും പാപം കേള്‍ക്കുന്നതും വിധികല്‍പിക്കുന്നതും മോചിക്കുന്നതും വൈദികനോ മെത്രാനോ ആണ്. ദൈവജനം സാക്ഷികളാണ്. ഈ സാക്ഷികളെ ഒഴിവാക്കി എന്നു മാത്രമാണ് രഹസ്യകുമ്പസാരത്തില്‍ സംഭവിച്ച മാറ്റം.
എ.ഡി. 325 ല്‍ നടന്ന നിഖ്യാ സൂനഹദോസിന്‍റെ 13-ാം കാനോനയില്‍ മെത്രാന്മാര്‍ക്കുള്ള ഉപദേശത്തില്‍ കുമ്പസാരം എന്ന കൂദാശ എപ്രകാരം പരികര്‍മ്മം ചെയ്യണം എന്ന് കൃത്യമായ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. നാലാം നൂറ്റാണ്ടില്‍ നടന്ന നിഖ്യാസൂനഹദോസിലെ രേഖകള്‍ പരാമര്‍ശിക്കാതെ 13-ാം നൂറ്റാണ്ടിലെ നാലാം ലാറ്ററല്‍ സൂനഹദോസിനെ മാത്രം പരിഗണിക്കുന്നവരുടെ പിന്നിലെ ഗൂഢലക്ഷ്യവും ദുരുദ്ദേശവും എന്തെന്ന് തിരിച്ചറിയുക.
എ.ഡി. 459 ല്‍ ലിയോ ഒന്നാമന്‍ മാര്‍പാപ്പയും ‘മാഞ്ഞ ഇന്തിക്നാസിയോണ’ എന്ന ചാക്രിക ലേഖനത്തില്‍ കുമ്പസാരത്തെക്കുറിച്ച് കൃത്യമായി വിവരിക്കുന്നുണ്ട്.
ഇതിനുംമുമ്പ്, ആദ്യകാലക്രിസ്തീയ നടപടികള്‍ വിവരിക്കുന്ന ‘ഡിഡാക്കെ’ എന്ന ഗ്രന്ഥത്തില്‍ 13-ാം അധ്യായത്തില്‍ കുമ്പസാരമെന്ന കൂദാശ പരികര്‍മ്മം ചെയ്യേണ്ടതെങ്ങനെയെന്നു നിര്‍ദ്ദേശിക്കുന്നുണ്ട്: ‘ഡിഡാക്കേ’ എന്ന ഈ ഗ്രന്ഥം എ.ഡി. 130 നും എ.ഡി 140 നും ഇടയില്‍ എഴുതപ്പെട്ടതാണ് എന്ന് മനസ്സിലാക്കുമ്പോള്‍ കുമ്പസാരത്തെക്കുറിച്ചുള്ള കുപ്രചരണങ്ങളുടെ പിന്നിലെ ഗൂഢലക്ഷ്യം എത്ര വലുതാണ് എന്ന് തിരിച്ചറിയാനാകും. കുമ്പസാരമെന്ന കൂദാശയ്ക്ക് തിരുസഭയോളം പഴക്കമുണ്ട് എന്ന വസ്തുത നിരവധി എഴുത്തുകളിലൂടെയും തെളിവുകളിലൂടെയും നിലനില്‍ക്കെ ഈ അബദ്ധപ്രചരണങ്ങള്‍ എന്തിന്, ആരു നടത്തുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
* കുമ്പസാരമെന്ന കൂദാശയുടെ സാധുത കുമ്പസാരക്കാരന്‍റെ വിശുദ്ധിയെ ആശ്രയിച്ചല്ലേ നിലനില്‍ക്കുന്നത്?
കുമ്പസാരക്കൂട്ടിലിരിക്കുന്ന പുരോഹിതന്‍ മാലാഖായേപ്പോലെ പരിശുദ്ധനാണ് എന്ന് ഒന്നും സഭ ഒരിക്കലും പറഞ്ഞിട്ടില്ല. കുമ്പസാരക്കാരന്‍റെ പരിശുദ്ധി എന്നത് ആ വ്യക്തി സ്വയം ആര്‍ജ്ജിച്ചെടുക്കേണ്ട മൂല്യവും പുണ്യവുമാണ്. പക്ഷേ, കുമ്പസാരക്കൂടിന്‍റെ പരിശുദ്ധി ഇതിന് കളങ്കം വരുത്തുന്ന പുരോഹിതനെ ഏറ്റവും ഗൗരവമായ ശിക്ഷ നല്കണമെന്നാണ് സഭ നിഷ്കര്‍ഷിക്കുന്നത്. ലെയോ ഒന്നാമന്‍ മാര്‍പാപ്പായുടെ ‘മാഞ്ഞ ഇന്തിക്നാസിയോണ’ എന്ന രേഖയില്‍ പറയുന്നത് ‘കുമ്പസാരരഹസ്യം, ഏതെങ്കിലും രീതിയില്‍ വെളിപ്പെടുത്തിയാല്‍ അയാള്‍ ജീവിതകാലം മുഴുവനും എല്ലാവരാലും തിരസ്കൃതനായി അലഞ്ഞു തിരിഞ്ഞ് നടന്നു മരിക്കട്ടെ’ എന്നാണ്. അതായത് അവന്‍റെ വൈദികവൃത്തി അവന് നഷ്ടപ്പെടുന്നു എന്നു മാത്രമല്ല അവന്‍ ഒരു മനുഷ്യനായിട്ടുപോലും പരിഗണിക്കാനാവാത്തവണ്ണം അത്ര മ്ലേച്ഛമായ തെറ്റായിട്ട് അതു മാറുന്നു എന്നാണ്.
മാത്രമല്ല കുമ്പസാരത്തിന്‍റെ പരിശുദ്ധിയെ മലിനപ്പെടുത്തുന്ന എന്തെങ്കിലും ഒരു പ്രവൃത്തി ചെയ്താല്‍ കത്തോലിക്കാസഭയില്‍ മാര്‍പാപ്പായ്ക്കു മാത്രം മോചിപ്പിക്കുവാന്‍ കഴിയുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ പാപമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇതുമാത്രമല്ല ആ പ്രവൃത്തിയില്‍ ക്രിമിനല്‍ സ്വഭാവം ഉണ്ടെങ്കില്‍ രാജ്യം അനുശാസിക്കുന്ന എല്ലാ ശിക്ഷകള്‍ക്കും വൈദികന്‍ വിധേയനാകണം എന്നു തന്നെയാണ് സഭയുടെ നിലപാട്.
ഇതുപറയുമ്പോള്‍, അല്ലെങ്കില്‍ ഇന്നത്തെ ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയായിലും മറ്റും നടത്തുന്ന കുപ്രചരണങ്ങള്‍ കാണുമ്പോള്‍ തോന്നും ഓരോ കത്തോലിക്കാ വൈദികനും രാവിലെ മുതല്‍ കുമ്പസാരരഹസ്യം പറഞ്ഞു നടക്കുകയാണെന്ന്. പത്ത് നൂറ്റിയെണ്‍പതോളം കോടി കത്തോലിക്കര്‍ 2000 വര്‍ഷമായി കുമ്പസാരിക്കുന്നു. അവര്‍ക്കാര്‍ക്കെങ്കിലും ഇങ്ങനെയൊരു ആക്ഷേപം ഉന്നയിക്കാനുണ്ടോ? എവിടെയോ കുമ്പസാരമെന്ന കൂദാശ ദുരുപയോഗിച്ചു എന്നൊരു സംശയം, അല്ലെങ്കില്‍ ആരോപണം ഉന്നയിക്കപ്പെട്ടപ്പോഴേ കുമ്പസാരമെന്ന കൂദാശയെ ആക്ഷേപിക്കുവാനും ചെളി വാരിയെറിയാനും ശ്രമിക്കുന്നവരുടെ ആത്മാര്‍ത്ഥതയും സഭാസ്നേഹവും സംശയാസ്പദമാണ്. അവരുടെ ലക്ഷ്യം സഭയുടെ വിശുദ്ധിയോ വളര്‍ച്ചയോ അല്ല. അസത്യത്തിന്‍റെ പുകമറ സൃഷ്ടിച്ച് സഭയുടെ കെട്ടുറപ്പ് ഇല്ലാതാക്കുക എന്നതു തന്നെയാണ്.

Leave a Reply