ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ അഡ്വ.പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ വിധിച്ച് സുപ്രീം കോടതി.ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലുള്ളതാണ് കേസ്. പിഴ അടക്കാന്‍ തയ്യാറായില്ലെങ്കില്‍ മൂന്ന് മാസം തടവു ശിക്ഷയും അനുഭവിക്കേണ്ടി വരും. അഭിഭാഷക വൃത്തിയില്‍ നിന്ന് മൂന്നു വര്‍ഷം വിലക്കും വരും.
പ്രശാന്ത് ഭൂഷണ്‍ മാപ്പുപറയാന്‍ വിസമ്മതിക്കുകയും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തതോടെയാണ് ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ച് ശിക്ഷ വിധിച്ചത്. മാപ്പ് പറയാനുള്ള നിരവധി അവസരം കോടതി നല്‍കിയിരുന്നു.
പ്രശാന്ത് ഭൂഷണ് പുനഃപരിശോധനാ ഹര്‍ജിക്കുള്ള അവസരവും ഉണ്ടായിരിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചു.സെപ്റ്റംബര്‍ 15നകം പിഴയടച്ചില്ലെങ്കില്‍ തടവ് ശിക്ഷയനുഭവിക്കേണ്ടി വരും. അഭിഭാഷക വൃത്തിയില്‍ നിന്നുള്ള വിലക്കും നേരിടേണ്ടി വരും.
ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷന്‍ ചെയ്ത ട്വീറ്റ് കോടതിയലക്ഷ്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മാപ്പു പറയണമെന്ന് ഭൂഷനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിനു തയാറായില്ല. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നാഗ്പൂരില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കിലിരിക്കുന്ന ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ആറുവര്‍ഷത്തെ നാലു ചീഫ് ജസ്റ്റിസുമാരെക്കുറിച്ചുമായിരുന്നു ട്വീറ്റുകള്‍. ഇവ വസ്തുതാപരമായി ശരിയല്ലെന്ന് കോടതി കണ്ടെത്തിയിരുന്നു.