തൃശൂര്‍: റേഷന്‍ കടകളിലൂടെ സൗജന്യമായി വിതരണം ചെയ്ത കോവിഡ് അതിജീവനക്കിറ്റുകള്‍ കൈപ്പറ്റാത്ത ഗുണഭോക്താക്കള്‍ക്ക് റേഷന്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍. കോവിഡ് പശ്ചാത്തലത്തില്‍ ഏപ്രില്‍ രണ്ടാം പകുതി മുതല്‍ മേയ് അവസാനം വരെ നല്കിയ കരുതല്‍ കിറ്റുകള്‍ വാങ്ങാത്ത അേന്ത്യാദയ, മുന്‍ഗണന, സംസ്ഥാന സബ്സിഡീ കാര്‍ഡുടമകള്‍ക്ക് ഇനി മുതല്‍ റേഷന്‍ വിഹിതം നല്‍കേണ്ടതില്ലെന്നാണ് നിര്‍ദേശം. കിറ്റ് വാങ്ങാത്തവര്‍ക്ക് വീണ്ടും റേഷന്‍ വാങ്ങാന്‍ അര്‍ഹത ലഭിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ അവസരം നല്‍കും.
ഇത്തരക്കാര്‍ റേഷന്‍ വാങ്ങാന്‍ അനര്ഹരല്ലെന്ന കണ്ടെത്തലാണ് പൊതുവിതരണ വകുപ്പിനുള്ളത്.
ഇവര്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കിറ്റ് വാങ്ങാത്തവരുടെ കാര്‍ഡ് വിവരങ്ങള്‍ റേഷന്‍ മാനേജ്മെന്റ് സിസ്റ്റത്തില്‍നിന്ന് നീക്കണം.
ദേശീയ ഭക്ഷ്യഭദ്രത നിയമമനുസരിച്ച് ഭക്ഷ്യധാന്യങ്ങള്‍ അവകാശമാണെന്നിരിക്കെ, ഇത് നിഷേധിച്ചാല്‍ കാര്‍ഡ് ഉടമക്ക് നിയമപരമായി ചോദ്യം െചയ്യാന്‍ അവകാശമുണ്ട്. കോവിഡ് തുടക്കത്തില്‍ പലരും വീടുകളിലെത്താന്‍ പറ്റാതെ ലോക്ഡൗണിലായിരുന്നു. ഇങ്ങനെ വരാനാവാത്തവരും രോഗമടക്കം വിവിധ അസൗകര്യങ്ങളാല്‍ ബുദ്ധിമുട്ടിയവര്‍ക്കും കിറ്റ് വാങ്ങാത്തതിെന്റ പേരില്‍ റേഷന്‍ തടയുന്നത് ശരിയല്ലെന്നാണ് ആക്ഷേപം. മാത്രമല്ല, കിറ്റ് ആവശ്യമില്ലാത്തവര്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നത് സര്‍ക്കാര്‍ തന്നെ പ്രോത്സാഹിപ്പിച്ചിരുന്നു.
ഇൗ സൗകര്യം ഉപയോഗപ്പെടുത്തി പലരും കിറ്റ് വേണ്ടെന്ന് വെച്ചിരുന്നു. അതേസമയം, പൊതുവിഭാഗത്തില്‍ ഒരിക്കല്‍ പോലും റേഷന്‍ വാങ്ങാത്തവര്‍ വരെ കിറ്റ് വാങ്ങിയ കൂട്ടത്തിലുണ്ട്. അവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ സര്‍ക്കാറിനായിട്ടില്ലെന്നും ആക്ഷേപമുണ്ട്.