ന്യൂഡല്‍ഹി: ചൈനീസ് സൈന്യത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ച കിഴക്കന്‍ ലഡാക്കിലെ പാംഗോങ് മേഖലയില്‍ യുദ്ധസമാനസാഹചര്യം. അതേ നാണയത്തില്‍ തിരിച്ചടി കിട്ടിയതിന്റെ ജാള്യം തീര്‍ക്കാന്‍ ചൈന കിണഞ്ഞു ശ്രമിക്കവേ, ഇന്ത്യന്‍ കര-വ്യോമസേനാമേധാവികള്‍ ലഡാക്കിലെത്തി സൈനികസന്നാഹം വിലയിരുത്തി. യഥാര്‍ഥ നിയന്ത്രണരേഖ(എല്‍.എ.സി)യ്‌ക്കടുത്തു കൂടുതല്‍ മലനിരകളില്‍ ചുവടുറപ്പിച്ച ഇന്ത്യ പിന്മാറില്ലെന്നു ചൈനയെ അറിയിച്ചു. തന്ത്രപ്രധാന പോയിന്റുകളിലെ ഇന്ത്യന്‍ മുന്നേറ്റം ചൈനയെ ഞെട്ടിച്ചു. ഈ മേഖലകളില്‍നിന്ന് ഇന്ത്യ പിന്മാറണമെന്നായിരുന്നു ചൈനയുടെ ആവശ്യം.
ഡെംചോക് മുതല്‍ ചുമാര്‍ വരെ ഉയര്‍ന്നമേഖലകളില്‍ ടാങ്ക് വേധ മിസൈല്‍ ഉള്‍പ്പെടെ എത്തിച്ചാണ് ഇന്ത്യന്‍ സൈനികവിന്യാസം.
1962-നുശേഷം ഇതുവരെ കടക്കാത്ത പ്രദേശങ്ങളിലും ചൈനീസ് ടാങ്കുകള്‍ തകര്‍ക്കാന്‍ കഴിയുന്ന മിസൈലുകള്‍ വിന്യസിച്ചു. കഴിഞ്ഞദിവസത്തെ പ്രത്യാക്രമണത്തില്‍ ഇന്ത്യ പിടിച്ചെടുത്ത ബ്ലാക്‌ടോപ്, റക്വീന്‍ ചുരം, ഹെല്‍മെറ്റ് ടോപ്, സ്‌പാന്‍ഗുര്‍ പോസ്‌റ്റ് എന്നിവിടങ്ങളില്‍ കൂടുതല്‍ സൈന്യത്തെയും സ്‌പെഷല്‍ ഫ്ര?ണ്ടിയര്‍ ഫോഴ്‌സിനെയും നിയോഗിച്ചു. ഇവര്‍ക്കു പിന്തുണയേകാന്‍ എല്‍.എ.സിക്കു സമീപം മോര്‍ട്ടാര്‍ യൂണിറ്റുകളും മധ്യദൂരപീരങ്കികളും വിന്യസിച്ചു. ഡെപ്‌സാങ്-ചുമാര്‍ മേഖലകളില്‍ നിരീക്ഷണം ശക്‌തമാക്കി.
അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തിനു തോക്കിലൂടെ മറുപടി നല്‍കാന്‍ സൈന്യത്തിനു കേന്ദ്രസര്‍ക്കാര്‍ അന്തിമാനുമതി നല്‍കിയെന്നാണു സൂചന. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആയുധമെടുക്കില്ലെന്ന 1972-ലെ കരാര്‍ റദ്ദാക്കുമെന്നു ഗല്‍വാന്‍ സംഘര്‍ഷത്തിനുശേഷം സര്‍ക്കാര്‍ വ്യക്‌തമാക്കിയിരുന്നു. ഇക്കാര്യം ഉത്തരവായി സൈനികതലത്തില്‍ ലഭിച്ചെന്നാണു സൂചന. ഏതു നീക്കത്തിനും സജ്‌ജമാണെന്ന് ഉന്നതോദ്യോഗസ്‌ഥര്‍ കര-വ്യോമസേനാമേധാവികളെ അറിയിച്ചു. കരസേനാമേധാവി ജനറല്‍ എം.എം. നരവനെ അതിര്‍ത്തിക്കു സമീപം വിന്യസിച്ച ടാങ്ക് റെജിമെന്റുകളും ലൈറ്റ് ആര്‍ട്ടിലറി റെജിമെന്റുകളും സന്ദര്‍ശിച്ചു. വ്യോമസേനാമേധാവി ആര്‍.കെ.എസ്. ബധുരിയ ദൗലത് ബേഗ് ഓള്‍ഡിയിലെ എയര്‍ സ്‌ട്രിപ്പും പുതുതായി വിന്യസിച്ച അപ്പാഷെ ഹെലികോപ്‌ടറുകളും പരിശോധിച്ചു.
വേണ്ടിവന്നാല്‍ സൈനികനടപടിക്കും തയാറാണെന്നു സംയുക്‌തസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് പ്രസ്‌താവിച്ചതിനു പിന്നാലെയാണ് ലഡാക്കില്‍ വ്യോമ-കരസേനാമേധാവികളുടെ സന്ദര്‍ശനം. തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദേശപ്രകാരം ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം വിളിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, സംയുക്‌ത സൈനികമേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ഇന്റലിജന്‍സ് ഉദ്യോഗസ്‌ഥര്‍, സൈനിക തലവന്മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. കര-വ്യോമസേനാമേധാവികള്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയശേഷമാകും യോഗം. ഇരുരാജ്യങ്ങളുടെയും ബ്രിഗേഡ് കമാന്‍ഡര്‍ തലത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചയും ഫലം കണ്ടില്ല. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലെ ചുഷൂലിലായിരുന്നു ചര്‍ച്ച.
പിന്മാറ്റം ഇപ്പോള്‍ സാധ്യമല്ലെന്നും ആദ്യം ചൈന മുന്‍ധാരണപ്രകാരം സേനയെ പിന്‍വലിക്കണമെന്നും ഇന്ത്യ നിലപാടെടുത്തു. നയതന്ത്ര-സൈനികതലത്തില്‍ നിരവധി ചര്‍ച്ച നടന്നിട്ടും ചൈന വഴങ്ങാത്ത സാഹചര്യത്തില്‍ പ്രതികരിക്കുക മാത്രമാണു ചെയ്‌തതെന്നും ഇന്ത്യന്‍ പ്രതിനിധി ഇന്നലത്തെ ചര്‍ച്ചയില്‍ വ്യക്‌തമാക്കി.