അടിസ്ഥാനശില പാകി; ‘ഹഗിയ സോഫിയ’ സിറിയയിൽ അടുത്ത വർഷം ഉയരും

ദമാസ്‌ക്കസ്: തുർക്കി ഭരണകൂടം മുസ്ലീം പള്ളിയാക്കി മാറ്റിയ ‘ഹഗിയ സോഫിയ’ ദൈവാലയം റഷ്യയുടെ സഹായത്തോടെ സിറിയൻ മണ്ണിൽ പുനർജനിക്കും! ഹഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി മാറ്റിയ തുർക്കി ഭരണകൂടത്തിന് എതിരായ പ്രതിഷേധമെന്ന നിലയിൽ ‘ഹഗിയ സോഫിയ’യുടെ ചെറുപതിപ്പ് റഷ്യയുടെ സഹായത്തോടെയാണ് സിറിയ നിർമിക്കുന്നത്.സിറിയയുടെ മധ്യ പ്രവിശ്യയായ ഹാമായിലെ അൽസുക്കൈലാബിയയിലാണ് ദൈവാലയം നിർമിക്കുക. ഗ്രീക്ക് ഓർത്തഡോക്‌സ് ഭൂരിപക്ഷ നഗരമാണ് അൽസുക്കൈലാബി. ഹാമായിലെ ഓർത്തഡോക് സഭാ നേതൃത്വത്തിന്റെയും റഷ്യൻ, സിറിയൻ സൈനീക പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഇന്നലെയായിരുന്നു (സെപ്തംബർ അഞ്ച്) ശിലാസ്ഥാപന കർമം.
ഹമായിലെ ഗ്രീക്ക് ഓർത്തഡോക്‌സ് ബിഷപ്പ് നിക്കോളാസ് ബാൽബക്കി കാർമികത്വം വഹിച്ചു. സിറിയയിലെ റഷ്യൻ സൈനീക ഗണത്തിന്റെ ചുമതലയുള്ള ലഫ്റ്റനന്റ് ജനറൽ അലക്‌സാണ്ടർ ചെയ്‌ക്കോയും സന്നിഹിതനായിരുന്നു. ഈ ദൈവാലയം, ഭൂതകാലത്തിലെയും വർത്തമാന കാലത്തിലെയും ഭാവി കാലത്തിലെയും മികവുറ്റ ആത്മീയ ധാർമിക പാരമ്പര്യങ്ങൾ തമ്മിലുള്ള ചരിത്രപരമായ പാലമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഹഗിയ സോഫിയയുടെ ചെറുപതിപ്പ് എന്ന ആശയം മുന്നോട്ടുവെച്ചതും ദൈവാലയ നിർമാണത്തിന് ആവശ്യമായ സ്ഥലം നൽകിയതും സിറിയൻ ഭരണകൂടത്തെ അനുകൂലിക്കുന്ന പോരാളികളുടെ തലവൻ നബിയുൽ അൽഅബ്ദുള്ളയാണെന്നതും ശ്രദ്ധേയമാണ്. ബിഷപ്പ് നിക്കോളാസ് ബാൽബക്കിയുടെ അംഗീകാരത്തോടെ പദ്ധതിയുടെ രൂപരേഖ സിറിയയിലെ റഷ്യൻ സൈന്യത്തിന് ആഴ്ചകൾക്ക് മുമ്പ് സമർപ്പിരുന്നു.അതേ തുടർന്ന്, ലഡാക്കിയയിലെ ഹമെയിമിംമിലുള്ള റഷ്യൻ സൈനിക കേന്ദ്രത്തിലെ ഒരു സംഘം സൈനീകർ നിർമാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ഒരു വർഷത്തിനകം തിരുക്കർമങ്ങൾക്കായി ദൈവാലയം തുറന്നുകൊടുക്കണം എന്ന ലക്ഷ്യത്തോടെയാണ് നിർമാണ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സിറിയയുടെ പ്രധാന സഖ്യകക്ഷിയായ റഷ്യ, സിറിയയിലെ ക്രൈസ്തവരുടെ സുരക്ഷാ കാര്യങ്ങളിലും വലിയ പങ്കുവഹിക്കുന്നുണ്ട്.

Leave a Reply