അതിര്‍ത്തിയില്‍ വെടിവയ്പ്പ്: ഔദ്യോഗിക സ്ഥിരീകരണവുമായി ചൈന, പ്രതികരിക്കാതെ ഇന്ത്യ

ദില്ലി: ഇന്ത്യാ ചൈനാ അതിര്‍ത്തിയില്‍ വെടിവയ്പ്പ് നടന്നെന്ന് സ്ഥിരീകരിച്ച്‌ ചൈന. ഇന്ത്യന്‍ സേനയാണ് ആദ്യം വെടിവച്ചതെന്ന് ചൈനീസ് സേനാ വക്താവ് ഷാങ് ഷൂയി ആരോപിച്ചു. തിരിച്ചടിച്ചു എന്നുമാണ് ചൈനീസ് സേനയുടെ വിശദീകരണം. ചൈനയുടെ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ചൈനയുടെ കടന്നുകയറ്റ ശ്രമം ഇന്ത്യ ചെറുത്തുവെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും കൂടുതല്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ 40 കൊല്ലത്തിനു ശേഷമാണ് വെടിവയ്പ്പ് നടക്കുന്നത്. ഇന്ത്യയുടേത് ഗുരുതരമായ പ്രകോപനമാണെന്നും ചൈനീസ് സേന പറയുന്നു.
കിഴക്കന്‍ ലഡാക്ക് സെക്ടറിലെ അതിര്‍ത്തിയില്‍ വെടിവയ്പ്പ് നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഫിംഗര്‍ ഏരിയ ഉള്‍പ്പെടെ ഒന്നിലധികം പ്രദേശങ്ങളില്‍ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങളെച്ചൊല്ലി ഇന്ത്യയും ചൈനയും ഏപ്രില്‍-മെയ് മാസങ്ങള്‍ മുതല്‍ സംഘര്‍ഷത്തിലാണ്.

ജൂണില്‍ ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിനെ തുടര്‍ന്ന് സ്ഥിതി കൂടുതല്‍ വഷളായി. കഴിഞ്ഞ മൂന്ന് മാസമായി അഞ്ച് ലെഫ്റ്റനന്റ് ജനറല്‍ ലെവല്‍ ചര്‍ച്ചകള്‍ ഉള്‍പ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നു. പ്രതിരോധ മന്ത്രിമാരും ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇരുരാജ്യങ്ങളും പാംഗോഗ് തീരത്തെ നിയന്ത്രണരേഖക്ക് സമീപം സൈനിക ശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്. വന്‍ ആയുധ ശേഖരവും ഇവിടെ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ലഡാക്കില്‍ തങ്ങിയ കരസേന മേധാവി ജനറല്‍ എം എം നരവനെ സൈനിക വിന്യാസം നേരിട്ട് വിലയിരുത്തിയിരുന്നു.

ചൈന പ്രകോപനം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ തുടരണമെന്നും ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാരുടെ മോസ്കോ കൂടിക്കാഴ്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രകോപനത്തിന് കാരണം ഇന്ത്യയാണെന്നായിരുന്നു ചര്‍ച്ചക്ക് ശേഷം ഇറക്കിയ വാര്‍ത്താകുറിപ്പില്‍ ചൈന മറുപടി നല്‍കിയത്.

Leave a Reply