കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഏലക്കാ വിലയിടിക്കാന്‍ തമിഴ്‌നാട് ലോബിയുടെയും ഉദ്യോഗസ്ഥരുടെയും ഒത്തുകളി.

ലോക് ഡൗണില്‍ നിര്‍ത്തി വച്ചിരുന്ന ഏലയ്ക്കാ ഇ ലേലം മൂന്നു മാസം മുമ്പാണ് വീണ്ടും ആരംഭിച്ചത്. എന്നാല്‍ ഇക്കാലയളവില്‍ കേരളത്തില്‍ നിന്നുള്ള കച്ചവടക്കാരെ മാറ്റി നിര്‍ത്തി തമിഴ്‌നാട്ടില്‍ നിന്നുള്ള കച്ചവടക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ ഏലയ്ക്കാ ലഭ്യമാക്കാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന വാദമാണ് ഉയരുന്നത്. നിലവില്‍ പുറ്റടി സ്‌പൈസസ് പാര്‍ക്കിലും തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിലുമാണ് ഒന്നിടവിട്ട് ഏലയ്ക്കാ ലേലം നടക്കുന്നത്. ലോക് ഡൗണിനു ശേഷം ലേല കേന്ദ്രങ്ങള്‍ തുറന്ന് മൂന്നു മാസം പിന്നിടുമ്പോഴും തമിഴ്‌നാട്ടിലെ ലേലത്തില്‍ കേരളത്തില്‍ നിന്നുള്ള കച്ചവടക്കാര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളുടെ പേരുപറഞ്ഞാണ് കേരളത്തില്‍ നിന്നുള്ള കച്ചവടക്കാരെ തമിഴ്‌നാട്ടിലെ ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും തടയുന്നത്. അതേസമയം യാതൊരു തടസവുമില്ലാതെ കേരളത്തില്‍ നടക്കുന്ന ലേലത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കച്ചവടക്കാര്‍ പങ്കെടുക്കുന്നുമുണ്ട്. ഒരു ദിവസത്തെ ലേലത്തില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട്ടിലേക്ക് പോയാല്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന നിര്‍ദേശവും കേരളത്തിലെ കച്ചവടക്കാര്‍ക്ക് തിരിച്ചടിയായി. കേരളത്തില്‍ നടക്കുന്ന ലേലത്തില്‍ വില ഉയര്‍ന്നു നിന്നാലും തൊട്ടടുത്ത ദിവസം തമിഴ്‌നാട്ടില്‍ നടക്കുന്ന ലേലത്തില്‍ വില ഇടിഞ്ഞു നില്‍ക്കുന്നതാണ് കാണുന്നത്. കേരളത്തില്‍ നിന്നുള്ള ഏലയ്ക്കാ കുറഞ്ഞ വിലയ്ക്ക് സംഘടിപ്പിച്ച് ഉത്തരേന്ത്യന്‍ ലോബിക്ക് വന്‍വിലയ്ക്ക് മറിച്ചു വില്‍ക്കുകയാണ് തമിഴ്‌നാട് കച്ചവടക്കാര്‍ ചെയ്യുന്നത്. ഇതോടെ കേരളത്തിലെ കര്‍ഷകര്‍ക്കും കൃഷിക്കാര്‍ക്കും ലഭിക്കേണ്ട ലാഭമാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്.

Leave a Reply