കുമ്പസാര രഹസ്യം രഹസ്യമായിത്തന്നെ സൂക്ഷിക്കുമെന്ന് ആവർത്തിച്ചുറപ്പിച്ച് ഓസ്‌ട്രേലിയയിലെ കത്തോലിക്കാ സഭ.

ക്വീൻസ്‌ലാൻഡ്: കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നത് സഭയുടെ കാനോനിക നിയമങ്ങൾക്ക് വിരുദ്ധമായതിനാൽ, കുമ്പസാരം എന്ന കൂദാശയിൽ ഒരു വ്യക്തി ഏറ്റുപറയുന്ന വിവരങ്ങൾ രഹസ്യമായിതന്നെ സൂക്ഷിക്കുമെന്ന് ആവർത്തിച്ചുറപ്പിച്ച് ഓസ്‌ട്രേലിയയിലെ കത്തോലിക്കാ സഭ. കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ വൈദികരെ നിർബന്ധിരാക്കുന്ന നിയമം ക്വീൻസ്‌ലാൻഡ് സംസ്ഥാനം ഇക്കഴിഞ്ഞ ദിവസം പാസാക്കിയെങ്കിലും, കാനോനിക നിയമങ്ങൾക്ക് വിരുദ്ധമായതിനാൽ ഇക്കാര്യത്തിൽ പുനർവിചിന്തനമില്ല എന്ന നിലപാടിലാണ് സഭാ നേതൃത്വം.

കുട്ടികൾക്ക് എതിരായ ലൈംഗീക പീഡനം തടയാൻ, പീഡനം സംബന്ധിച്ച കുമ്പസാര രഹസ്യങ്ങൾ അധികാരികളോട് വെളിപ്പെടുത്തണമെന്നാണ് നിയമം. അതായത്, പീഡനത്തിനിരയായ കുട്ടികൾ പറയുന്ന കുമ്പസാര രഹസ്യങ്ങൾ വെളിപ്പെടുത്തണം, പീഡനം നടത്തിയവർ കുമ്പസാരിക്കാൻ എത്തുമ്പോൾ അവർക്ക് പാപമോചനം നൽകാതെ നിയമപാലകർക്ക് ഏൽപ്പിച്ചു കൊടുക്കണം. ഇതിന് തയാറാകത്ത ബിഷപ്പുമാരും വൈദികരും നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മൂന്നു വർഷത്തെ തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും നിയമം നിഷ്‌ക്കർഷിക്കുന്നു.

കുട്ടികൾക്ക് എതിരായ അതിക്രമങ്ങൾ തടയാൻ ‘റോയൽ കമ്മീഷൻ’ സമർപ്പിച്ച 100ൽപ്പരം ശുപാർശകളിൽ ഒന്നാണ് കുമ്പസാര രഹസ്യം വെളിപ്പെടുത്തണം എന്നത്. ഒട്ടുമിക്ക നിർദേശങ്ങളും സഭ അംഗീകരിച്ചെങ്കിലും കാനോനിക നിയമത്തെ മുൻനിറുത്തി കുമ്പസാര രഹസ്യം വെളിപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സഭാ നേതൃത്വം ഉന്നയിച്ച വാദങ്ങളും എതിർപ്പും കണക്കിലെടുക്കാതെയാണ് ക്യൂൻസ്‌ലാൻഡിൽ നിയമം പാസാക്കിയിരിക്കുന്നത്.

‘കൂദാശകൾ എങ്ങനെയാണ് പരികർമം ചെയ്യുന്നത് എന്നതിനെ കുറിച്ച് കൃത്യമായ അറിവില്ലാത്തതാണ് ഇത്തരം നിയമ നിർമാണത്തിന് കാരണം. കുമ്പസാര രഹസ്യം വെളിപ്പെടുത്താനുള്ള നിയമം കൊണ്ടുവന്നതുകൊണ്ട് ചെറുപ്പക്കാരുടെ സുരക്ഷയിൽ കാര്യമായ വ്യത്യാസമോ ഉറപ്പോ ഉണ്ടാകില്ല,’ ബ്രിസബൈൻ ആർച്ച്ബിഷപ്പ് മാർക്ക് കോളറിഡ്ജ് ചൂണ്ടിക്കാട്ടി. വൈദികനെ ദൈവശുശ്രൂഷകൻ എന്നതിൽനിന്ന് ഭരണകൂടത്തിന്റെ പ്രതിനിധിയാക്കി മാറ്റാൻ വഴിവെക്കുന്ന നിയമ നിർമാണത്തിനെതിരെ തുറന്നടിച്ച അദ്ദേഹം, മതസ്വാതന്ത്ര്യത്തിനെതിരായ നീക്കമാണിതെന്നും ചൂണ്ടിക്കാട്ടി.

വിക്ടോറിയ, ടാസ്മാനിയ, ദക്ഷിണ ഓസ്‌ട്രേലിയ, ഒസ്‌ട്രേലിയൻ കാപ്പിറ്റൽ ടെറിറ്ററി എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെയാണ് ക്യൂൻസ്‌ലാൻഡും പ്രസ്തുത നിയമം പാസാക്കിയത്. മറ്റ് സംസ്ഥാനങ്ങളിലും ഇതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിൽ, കുമ്പസാര രഹസ്യങ്ങളെ സംബന്ധിച്ച സഭാനിയമത്തിൽ യാതൊരുവിധ മാറ്റവും വരുത്താൻ തയാറല്ലെന്ന് അടുത്തിടെ വത്തിക്കാനും ഓസ്‌ട്രേലിയൻ ഭരണകൂടത്തെ രേഖാമൂലം അറിയിച്ചിരുന്നു.

വത്തിക്കാന്റെ തീരുമാനം ഓസ്‌ട്രേലിയൻ മെത്രാൻ സമിതി, അറ്റോണി ജനറലിനെ അറിയിക്കുകയായിരുന്നു. എന്നാൽ, സഭയിൽ ബാലപീഡനങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും വത്തിക്കാൻ ഉറപ്പുനൽകി. പാപ്പ നൽകിയ മാർഗനിർദേശങ്ങൾ സ്വീകരിച്ച് ഇത്തരത്തിലുള്ള സാഹചര്യങ്ങളെ സഭാപരമായും സർക്കാർ സഹകരണത്തോടെയും നേരിടാൻ തക്ക ചട്ടക്കൂട് രൂപപ്പെടുത്തിയിട്ടുണ്ടെന്നും ഓസ്‌ട്രേലിയൻ മെത്രാൻ സമിതി വ്യക്തമാക്കി.

Leave a Reply