കാര്‍ഷികമേഖലയില്‍ വരേണ്ട അടിയന്തര ആവശ്യങ്ങള്‍


  1. ക്രിയാത്മകമായ ഇടപെടലാണ് ആവശ്യം
    ‍ വർഷം മുഴുവനായി പരിപാലിച്ച് വിളവെടുപ്പ് നടത്തി വിപണിയില്‍ എത്തിക്കുന്ന കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് പലപ്പോഴും ഉത്പാദനചിലവിന്‍റെ പകുതി കമ്പോളവില പോലും ലഭിക്കുന്നില്ല. കൃഷിച്ചിലവിന്‍റെ അടിസ്ഥാനത്തില്‍ ന്യായമായ ലാഭം കൂടി ലഭിക്കത്തക്കവിധം എല്ലാ കാര്‍ഷിക ഉല്പന്നങ്ങള്‍ക്കും തറവില നിശ്ചയിക്കണം. വളം, കീടനാശിനികള്‍, കൂലിച്ചിലവ് എന്നിവയുടെ അടിസ്ഥാനത്തില്‍ കാലാകാലം തറവില പുതുക്കി നിശ്ചയിക്കണം. കാര്‍ഷികസഹകരണസംഘങ്ങള്‍ മുഖേന കമ്മീഷന്‍ അടിസ്ഥാനത്തില്‍ സാധനം വില്‍ക്കുവാന്‍ സാധിക്കണം. ഓണ്‍ലൈണ്‍ മാര്‍ക്കറ്റിങ്ങ് സംവിധാനങ്ങള്‍ വിപുലീകരിക്കണം. ശീതീകരണ സൗകര്യങ്ങള്‍ക്കുള്ള കാര്‍ഷിക വെയര്‍ഹൗസുകള്‍ സ്ഥാപിക്കണം. കര്‍ഷകരുടെ അധ്വാനത്തെ ദേശീയതൊഴിലുറപ്പുപദ്ധതിയില്‍പെടുത്തി പ്രതിഫലം നല്‍കണം. കാര്‍ഷിക ഉത്പാദന കമ്പനികള്‍, കാര്‍ഷിക കുടുംബാംഗങ്ങളുടെ ഗാര്‍ഹിക കുടില്‍ വ്യവസായങ്ങള്‍ തുടങ്ങി മൂല്യവര്‍ദ്ധിത വസ്തുക്കള്‍ നിര്‍മ്മിച്ച് വരുമാനം വര്‍ദ്ധിപ്പിക്കുവാനും ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും കര്‍ഷകനെ രക്ഷിക്കാനുമാവണം.
  2. വന്യജീവി പ്രശ്നത്തിനൊരു പരിഹാരം
    അദ്ധ്വാനിച്ചുണ്ടാക്കിയ ഏറെ പ്രതീക്ഷകള്‍ അര്‍പ്പിച്ച് കൃഷിചെയ്യുന്ന കര്‍ഷകരുടെ വിളകള്‍ക്ക് നാശം വരുന്നത് കര്‍ഷകരുടെ വരുമാനത്തെയും ഭാവിജീവിതത്തെയും താളം തെറ്റിക്കും. വനത്തില്‍ വസിക്കേണ്ട വന്യജീവികളെ സംരക്ഷണവേലി നിര്‍മ്മിച്ച് വനത്തില്‍തന്നെ സംരക്ഷിക്കുവാന്‍ നടപടി സ്വീകരിക്കണം. ഈറ്റ, മുള, പ്ലാവ്, മാവ്, വെള്ളത്തിനുവേണ്ടി തടയണകള്‍, കുളങ്ങള്‍ എന്നിവ നിര്‍മ്മിക്കണം. മുയല്‍, കാട്ടുകോഴി, ചെറിയ മൃഗങ്ങള്‍ എന്നിവയെ പ്രത്യേകമായി വനത്തിനുള്ളില്‍ വളര്‍ത്തി വന്യജീവികളുടെ ഭക്ഷണം ക്രമീകരിക്കണം. കൃഷിയിടത്തില്‍ അതിക്രമിച്ചു കടക്കുന്ന ജീവികളെ നശിപ്പിക്കുവാന്‍ ഉള്ള അവകാശം കൃഷിക്കാര്‍ക്ക് നല്‍കണം. വംശവര്‍ദ്ധനവിന്‍റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് വന്യജീവികളെ പിടികൂടി അംഗസംഖ്യ നിയന്ത്രിക്കുവാന്‍ നടപടി സ്വീകരിക്കണം. പ്രകൃതി ദുരന്തമോ, വന്യജീവികളുടെ ആക്രമണമോ മൂലം വരുന്ന വിളനാശത്തിന് ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഭാവിയില്‍ ലഭിക്കാവുന്ന വരുമാനത്തിന്‍റെ തോതും കണക്കാക്കി ന്യായമായ നഷ്ടപരിഹാരം നല്‍കണം.
  3. കര്‍ഷകര്‍ക്ക് പെന്‍ഷന്‍
    മണ്ണില്‍ പണിയെടുത്ത്, വിയര്‍പ്പ് ചിന്തി അന്നം വിളയിച്ച്, പട്ടിണിയെ തോല്പിക്കുന്ന കര്‍ഷകര്‍ക്ക് സമൂഹത്തില്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ മുന്തിയ പരിഗണന നല്‍കണം. നിശ്ചയമായും ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യണം. തുല്യയോഗ്യത, തുല്യ പെന്‍ഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തണം. പലിശരഹിത കാര്‍ഷിക വായ്പകള്‍, ഭവനവായ്പകള്‍, വാഹനവായ്പകള്‍, സൗജന്യമായ ചികിത്സാസഹായം കാര്‍ഷിക അവാര്‍ഡുകള്‍ എന്നിവ നല്‍കണം.
  4. കര്‍ഷകര്‍ക്ക് ആവശ്യമായ പരിചരണം
    കൃഷിക്കാര്‍ക്ക് മാന്യത ലഭിക്കുവാന്‍ കര്‍ഷകരെ സമൂഹത്തില്‍ ആദരിക്കണം. കര്‍ഷകദിനമായ ചിങ്ങം ഒന്നിനു പകരം കാര്‍ഷിക മാസമായി ആഘോഷിക്കണം. പഞ്ചായത്ത് തോറും കാര്‍ഷിക മേളകള്‍ സംഘടിപ്പിക്കണം. നാട്ടറിവ്, കേട്ടറിവ്, പാരമ്പര്യഅറിവുകള്‍ എന്നിവ പരിപാലിച്ച് നിലനിര്‍ത്തണം. ഉന്നതവിദ്യാഭ്യാസരംഗത്തെ അവസരങ്ങള്‍ നിശ്ചിത ശതമാനം കര്‍ഷകരുടെ മക്കള്‍ക്ക് നീക്കി വയ്ക്കണം. സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ എന്നിവിടങ്ങളിലെ ചെറിയ ശതമാനം ജോലി കര്‍ഷകരുടെ മക്കള്‍ക്കായി സംവരണം ചെയ്യണം. കര്‍ഷകരെ പ്രത്യേകമായി തിരിച്ചറിയുവാന്‍ പ്രത്യേകമായ മുദ്ര (ഋായഹലാ), സ്ഥാനചിഹ്നങ്ങള്‍ നല്‍കുകയും വാഹനങ്ങള്‍, വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ പതിപ്പിക്കുകയും വേണം. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടികളില്‍ വേദിയില്‍ പ്രത്യേകസ്ഥാനം നല്‍കി കര്‍ഷകരെ ആദരിക്കണം.
  5. കര്‍ഷകരെ പുച്ഛത്തോടെ…
    അന്നം ഉണ്ടാക്കുന്ന കൈകളെ വന്ദിക്കുവാന്‍ പഠിപ്പിക്കണം. വിശപ്പിന്‍റെ വില യുവതലമുറയെ പറഞ്ഞ് മനസ്സിലാക്കണം. കൃഷി പ്രകൃതിയുടെ നിലനില്പാണ് എന്നു പഠിപ്പിക്കണം. സ്കൂള്‍തലം മുതല്‍ കൃഷിയെ പഠനത്തിന്‍റെ ഭാഗം ആക്കണം.
  6. കൃഷിയില്‍ നിശ്ചിതവരുമാനം
    അടിക്കടി കാലാവസ്ഥയില്‍ വരുന്ന വ്യതിയാനംമൂലം ഉത്പന്നത്തിന്‍റെ വിപണന സമയത്തെ വിലയിടിവ്, രോഗബാധ, കീടബാധ, ആഗോളതാപനം, പ്രകൃതിയുടെ തിരിച്ചടി, വരള്‍ച്ച, പ്രളയം, കൊടുങ്കാറ്റ് തുടങ്ങിയവയാല്‍ ഉണ്ടാകുന്ന വിളത്തകര്‍ച്ചകൊണ്ട് പ്രതീക്ഷിക്കുന്ന വരുമാനം കര്‍ഷകര്‍ക്ക് പലപ്പോഴും ലഭിക്കുന്നില്ല.
  7. പ്രകൃതിദുരന്തത്തിന്‍റെ കാരണങ്ങള്‍
    തലയിലെ കെട്ടിന്‍റെ കുഴപ്പംകൊണ്ട് സൈക്കിളില്‍ നിന്നു വീണു എന്നു പറയുന്നതുപോലെയാണ് ഇക്കാര്യം. യഥാര്‍ത്ഥപ്രകൃതിയുടെ സംരക്ഷകന്‍ ആണ് കൃഷിക്കാര്‍. കാലാവസ്ഥയേയും കാറ്റിനേയും, വെയിലിനേയും, വെള്ളത്തേയും, മഴയേയും നിയന്ത്രിക്കുന്നവന്‍ ആണ് കര്‍ഷകന്‍. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ കര്‍ഷകന്‍ നിയന്ത്രിക്കുന്നു. കര്‍ഷകരുടെ കൃഷിയിടങ്ങള്‍ പ്രാണവായുവായ ഓക്സിജന്‍റെ ഉത്പാദനഫാക്ടറികളാണ്.
  8. കാര്‍ഷികമേഖലയിലേയ്ക്ക് ആരെങ്കിലും
    അസ്ഥിരമായ വരുമാനം, സമൂഹത്തിന്‍റെ മാന്യതകുറവ്, കൃഷിഭൂമിയുടെ ലഭ്യതക്കുറവ്, ലാഭകരമല്ലാത്ത കൃഷി ഉപേക്ഷിച്ച് വിള മാറ്റി മറ്റു കൃഷി ചെയ്യാനുള്ള നിയമതടസ്സം, മൂലധനമുടക്കിലെ ഭീമമായ പലിശച്ചെലവ്, തൊഴിലാളിക്ഷാമം എന്നിവമൂലം പുതുതായി കടന്നു വരുവാന്‍ സാധിക്കാതെ വരുന്നു
  9. കര്‍ഷകന്‍ ആയിപ്പോയതുകൊണ്ട്
    ഉദ്യോഗസ്ഥര്‍, സംഘടിതതൊഴില്‍ മേഖലയില്‍ പണിയെടുക്കുന്നവര്‍, വ്യാപാരി വ്യവസായി എന്നിവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കര്‍ഷകന്‍റെ വരുമാനവും, ക്രയവിക്രയശേഷിയും കുറഞ്ഞു പോകുന്നു. തന്മൂലം കര്‍ഷകര്‍ സാമ്പത്തികമായി പിന്നിലേയ്ക്ക് പോയിരിക്കുന്നു.
  10. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്‍റുകള്‍
    പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കാത്ത പല നിയമത്തിന്‍റെയും നൂലാമാലയില്‍പെട്ട് പ്രഖ്യാപനങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങുന്നു. രാജ്യത്തിന്‍റെ അടിസ്ഥാനമേഖലയെ മറന്നുകൊണ്ടുള്ള നിയമങ്ങള്‍ അവസാനിപ്പിക്കണം. കര്‍ഷകക്ഷേമപദ്ധതികള്‍ നടപ്പിലാക്കുവാന്‍ (എമെേ ൃമേരസ) സംവിധാനങ്ങള്‍ നിലവില്‍ വരണം. കര്‍ഷകര്‍ പങ്കാളികള്‍ ആയ കര്‍മ്മസമിതികള്‍ രൂപീകരിക്കണം
  11. കര്‍ഷകര്‍ സംഘടിക്കല്‍
    പലപ്പോഴും സംഘടിത ന്യൂനപക്ഷം അവകാശങ്ങള്‍ക്കുവേണ്ടി പോരാടി, അവകാശങ്ങള്‍ സംരക്ഷിക്കുകയും പുതിയ അവകാശങ്ങള്‍ നേടുകയും ചെയ്യുമ്പോള്‍ അസംഘടിതരായ മഹാഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ക്ക് അവകാശങ്ങള്‍ ലഭിക്കുന്നില്ല. സംഘടിച്ചാല്‍ മാത്രമേ അവകാശങ്ങള്‍ നല്‍കുകയുള്ളൂ എന്ന ഗവണ്‍മെന്‍റ് കാഴ്ചപ്പാടു മാറണം. അദ്ധ്വാനവര്‍ഗ്ഗത്തെ അവഗണിക്കരുത്. കര്‍ഷകര്‍ക്കുവേണ്ടി ശബ്ദിക്കുന്ന ഏകസംഘടന നിലവില്‍ വരണം. കര്‍ഷകര്‍ സമൂഹത്തിന്‍റെ ചാലകശക്തിയായി മാറണം. വോട്ട്ബാങ്കായി മാറണം.
  12. കാര്‍ഷികമേഖല നേരിടുന്ന പ്രധാന വെല്ലുവിളികള്‍
    ഇന്ന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന, അന്യംനിന്നുപോകുന്ന ജനവിഭാഗമായി കര്‍ഷകര്‍ മാറുന്നു. വരുമാനത്തിലെ ഏറ്റക്കുറവും കഷ്ടപ്പാടിന്‍റെ കൂടുതലും കാരണം കര്‍ഷകര്‍പോലും തങ്ങളുടെ മക്കളെ ഇതില്‍നിന്നും പിന്തിരിപ്പിക്കുന്നു. കൃഷി ലാഭകരമായി നടത്തുവാന്‍ സാധിക്കാത്തതുകൊണ്ട് ഈ മേഖലയില്‍നിന്നും ആളുകള്‍ പലായനം ചെയ്യുന്നു. തന്മൂലം ഗുരുതരമായ സാമ്പത്തിക ഭക്ഷ്യക്ഷാമത്തിനും ഇടവരും. ഈ അവസ്ഥമൂലം ശുദ്ധവായുവിന്‍റെ കുറവും പച്ചപ്പും ഭക്ഷ്യധാന്യത്തിന്‍റെ ദൗര്‍ലഭ്യവും ഉണ്ടാകും. മണ്ണൊലിപ്പ്, ജലസേചനപദ്ധതികള്‍, കൂട്ടുകൃഷികള്‍, പുതിയ കൃഷിരീതികള്‍, കാലാവസ്ഥാ വ്യതിയാനത്തേപ്പറ്റിയുള്ള പഠനങ്ങള്‍, വിവിധ ക്ഷേമപദ്ധതികള്‍, കാര്‍ഷികക്ലബുകള്‍, വിവിധ കാര്‍ഷിക മത്സരങ്ങള്‍, എല്ലാവര്‍ഷവും കര്‍ഷകര്‍ക്ക് സൗജന്യ മെഡിക്കല്‍ ചെക്ക് അപ്പ് എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കി പുതിയ കാര്‍ഷിക സംസ്കാരത്തിലേയ്ക്ക് കര്‍ഷകനെ ആകര്‍ഷിക്കണം. വ്യവസായവിപ്ലവത്തിന്‍റെ ഭാഗമായി വ്യവസായശാലകള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണത്തിനു പകരമായി കര്‍ഷകര്‍ അവന്‍റെ കൃഷിയിടത്തില്‍ പച്ചപ്പ്കൊണ്ട് നിര്‍മ്മിക്കുന്ന വിലമതിക്കുവാന്‍ സാധിക്കാത്ത വിധത്തില്‍ ഓക്സിജന്‍ നല്‍കി പ്രാണവായുവിനെ സംരക്ഷിക്കുന്നു. ഇതിനുവേണ്ടി ‘കാര്‍ബണ്‍ ക്രെഡിറ്റ്’ ഫണ്ട് കര്‍ഷകനു നേരിട്ടു വിതരണം ചെയ്യുവാന്‍ നടപടി സ്വീകരിക്കണം. വിഷരഹിത സ്വയം പര്യാപ്തമായ ഒരു നല്ല ഭക്ഷണക്രമത്തിനുവേണ്ടി എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കണം. ജോജി വാളിപ്ലാക്കല്‍

Leave a Reply