അഭയാർത്ഥിയുടെ കുത്തേറ്റ് മരിച്ച ഫാ. റോബർട്ടോ മൽഗെസിനി പരസ്‌നേഹത്തിന്റെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച് കോമോ ബിഷപ്പ്

റോം: അഭയാർത്ഥിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫാ. ഡോൺ റൊബേർത്തോ മാൽഗെസീനെ (51) പരസ്‌നേഹത്തിന്റെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച് കോമോ രൂപത ബിഷപ്പ് ഡോ. ഓസ്‌ക്കാർ കന്റോനി. വടക്കേ ഇറ്റലിയിലെ കോമോ രൂപതാംഗവും ഭവനരഹിതർക്കും അഭയാർത്ഥികൾക്കുംവേണ്ടിയുള്ള ക്ഷേമപ്രവർത്തനങ്ങളിൽ വ്യാപൃതനുമായ ഫാ. റൊബേർത്തോ ഇക്കഴിഞ്ഞ ദിവസമാണ് (സെപ്തം.15) ടുണീഷ്യൻ അഭയാർത്ഥിയുടെ കത്തികുത്തേറ്റ് കൊല്ലപ്പെട്ടത്. കോമോ നഗരമധ്യത്തിലെ സാൻ റോക്കോ സ്‌ക്വയറിലായിരുന്നു സംഭവം.

സംഭവസ്ഥലം സന്ദർശിക്കവേയാണ്‌, ഫാ. ഡോൺ റൊബേർത്തോയുടെ വിയോഗത്തെ ക്രിസ്തുവിനെപ്രതിയുള്ള ജീവത്യാഗമെന്ന് ബിഷപ്പ് ഡോ. ഓസ്‌ക്കാർ വിശേഷിപ്പിച്ചത്: ‘പാവപ്പെട്ടവരെ സഹായിക്കാൻ എപ്പോഴും മുൻപന്തിയിലുണ്ടായിരുന്ന അദ്ദേഹം അവർക്കുവേണ്ടി ജീവൻ വെടിഞ്ഞു. സങ്കടകരമായ ഈ അവസ്ഥയിൽ കോമോ രൂപത ഫാ. റോബർത്തോയ്ക്കു വേണ്ടിയും അദ്ദേഹത്തിന്റെ മരണത്തിന് കാരണക്കാരനായ വ്യക്തിക്കുവേണ്ടിയും ദൈവസമക്ഷം പ്രാർത്ഥിക്കുന്നു.’

രാവിലെ ഏഴു മണിയോടെ ഫാ. റോബർത്തോ താമസിച്ചിരുന്ന സാൻ റോക്കോ ഇടവകയ്ക്ക് സമീപമാണ് ആക്രമണമുണ്ടായത്. പാവപ്പെട്ടവർക്കുവേണ്ടിയുള്ള പ്രാതൽ വിതരണം ആരംഭിക്കാനൊരുങ്ങുകയായിരുന്നു അദ്ദേഹം. ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അവിടെ എത്തുംമുമ്പ് മരണം സംഭവിച്ചു. ടുണീഷ്യയിൽനിന്നുള്ള അഭയാർഥിയെ പൊലീസ് അറസ്റ്റുചെയ്തു. 53 വയസുകാരനായ ഇയാൾ മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്ന ആളാണെന്ന് റിപ്പോർട്ടുകൾ. വൈദികൻ ലഭ്യമാക്കിയ ഭക്ഷണം ഉൾപ്പെടെയുള്ള സേവനങ്ങൾ നിരവധി തവണ ഇയാളും പ്രയോജനപ്പെടുത്തിയിട്ടുമുണ്ട്.

1998ൽ തിരുപ്പട്ടം സ്വീകരിച്ച ഫാ. റോബേർത്തോ 2008ലാണ് തെരുവിൽ അലയുന്നവർക്കും അഭയാർത്ഥികൾക്കുമായുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനായത്. സഭാധികാരികളിൽനിന്നുള്ള അനുവാദവും അദ്ദേഹം നേടിയിരുന്നു. ഭക്ഷണപാക്കറ്റുകളുമായി കാറുകളിൽ സഞ്ചരിച്ച് അനേകർക്ക് അദ്ദേഹം അന്നമേകി. പാവപ്പെട്ടവർക്കുള്ള ഭക്ഷണ വിതരണം വിലക്കി 2017ൽ നഗരാധികാരികൾ ഉത്തരവിട്ടെങ്കിലും, പാവങ്ങളിൽ ക്രിസ്തുവിനെ ദർശിച്ച ഫാ. റോബേർത്തോ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ ശുശ്രൂഷ തുടർന്നു. ഉത്തരവ് ലംഘിച്ചതിനെ തുടർന്ന് പിഴ ചുമത്തപ്പെട്ടെങ്കിലും ശുശ്രൂഷയിൽനിന്ന് പിൻവാങ്ങാൻ അതൊന്നും കാരണമേ ആയില്ല.

അഭയാർത്ഥികൾക്കിടയിൽ നിസ്തുല സേവനം നടത്തിയിരുന്നു ഫാ. റോബർത്തേയുടെ വിയോഗം അദ്ദേഹത്തെ പരിചയമുള്ളവർക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. പ്രാദേശിക മാധ്യമങ്ങൾ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിൽ അഗാധദുഃഖമാണ് രേഖപ്പെടുത്തുന്നത്. ‘സുവിശേഷം ജീവിതത്തിന്റെ ഓരോ നിമിഷത്തിലും അക്ഷരംപ്രതി ജീവിച്ച വൈദികൻ,’ എന്നാണ് അതിലൊരു പത്രം വിശേഷിപ്പിച്ചത്. അദ്ദേഹത്തെ പരിചയപ്പെട്ടിട്ടുള്ളവർ ഒരിക്കലും അദ്ദേഹത്തിന്റെ ജീവിത ലാളിത്യത്തിലും വിനയത്തിലും ആകൃഷ്ടരാകാതിരിക്കില്ലെന്നും മറ്റൊരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

യൂറോപ്പിലേക്കുള്ള അഭയാർത്ഥി പ്രവാഹവും അനധികൃത കുടിയേറ്റവും, സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും സംഘർഷം എന്നിവയെ കുറിച്ചുള്ള സംവാദം ഈ കൊലപാതകത്തോടെ പുതിയൊരു മാനം നേടുമെന്നാണ് നിരീക്ഷണങ്ങൾ.

Leave a Reply