ഐക്യരാഷ്ട്ര സഭയെ പാപ്പ അഭിസംബോധന ചെയ്യും, ആകാംക്ഷയോടെ ലോകം

വത്തിക്കാൻ സിറ്റി: ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടക്കുന്ന 75-ാമത് ജനറൽ അസംബ്ലിയെ ഫ്രാൻസിസ് പാപ്പ അഭിസംബോധന ചെയ്യുമെന്ന് സ്ഥിരീകരിച്ചതോടെ, ആകാംക്ഷയിലാണ് ലോകം- മഹാമാരിയുടെ കെടുതികൾ ലോകരാജ്യങ്ങൾ ഒന്നടങ്കം നേരിടുമ്പോൾ, ലോകമനസാക്ഷിയുടെ ശബ്ദമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാപ്പ എന്താവും പറയുക!

സെപ്തംബർ 15മുതൽ 30വരെ നീളുന്ന അസംബ്ലിയുടെ ഭാഗമായ ഉന്നത അധികാര ചർച്ചയിലാണ് ഓൺലൈനിലൂടെ പങ്കെടുത്ത് പാപ്പ സന്ദേശം നൽകുന്നത്. ‘നാം ആഗ്രഹിക്കുന്ന ഭാവി ലോകം’ എന്നതാണ് ചർച്ചയുടെ വിഷയം. തിയതി ഏതാണെന്ന് കൃത്യമായി പറയാതെ, 22നുശേഷമുള്ള ഒരു ദിവസം പാപ്പ അഭിസംബോധനചെയ്യുമെന്നാണ് വത്തിക്കാൻ സ്ഥിരീകരിച്ചത്.

മഹാമാരിയുടെ പ്രതിസന്ധികൾ വെളിപ്പെടുത്തിത്തന്ന സാമ്പത്തിക, രാഷ്ട്രീയ, പാരിസ്ഥിതിക നയ വൈകല്യങ്ങൾ പരിഹരിക്കേണ്ടതിന്റെ ആവശ്യക പാപ്പ ഊന്നിപ്പറയുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചശേഷമുള്ള പാപ്പയുടെ പ്രസംഗങ്ങൾ വിശകലനം ചെയ്താണ് അവർ ഈ നിഗമനത്തിലെത്തുന്നത്.

മഹാമാരി വെളിച്ചത്തുകൊണ്ടുവന്ന സാമൂഹികമായ അസമത്വത്തിന്റെ ആഴം അക്കമിട്ടു നിരത്തുന്നതായിരുന്നു, കൊറോണാക്കാലത്ത് പാപ്പ നൽകിയ സന്ദേശങ്ങളിൽ ഒട്ടുമിക്കതും. കൊറോണയേക്കാൾ ഭീകരമായ ‘രോഗാവസ്ഥ’യായി സാമൂഹിക അസമത്വത്തെ പാപ്പ ചൂണ്ടിക്കാട്ടുകയും ചെയ്തു. മാത്രമല്ല, മഹാമാരി അനന്തര ലോക നിർമിതിക്കായി സഭയുടെ സാമൂഹിക ദർശനങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രഭാഷണ പരമ്പരയ്ക്ക് തുടക്കംകുറിച്ചതും ശ്രദ്ധേയമാണ്.

ഇക്കാര്യമെല്ലാം പരിഗണിക്കുമ്പോൾ പാപ്പയുടെ യു.എൻ പ്രസംഗം കൊറോണ വ്യക്മാക്കിത്തന്ന, സമൂഹത്തെ ബാധിച്ചിരിക്കുന്ന അസമത്വം എന്ന രോഗാവസ്ഥയ്‌ക്കെതിരെ തന്നായാവും എന്നാണ് നിരീക്ഷകരുടെ ഉറപ്പ്. നേരായ ദിശയിൽ മാനവികതയുടെ നന്മയ്ക്കായുള്ള നിലപാടുകൾ കണ്ടെത്തി യഥാർത്ഥമായ പരിഹാരമാർഗങ്ങളിലേക്ക് നയിക്കാൻ ആത്മീയ പ്രകാശവുമുള്ള പാപ്പയുടെ വാക്കുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply