ന്യൂഡല്‍ഹി: പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ വിവാദമായ കാര്‍ഷിക ബില്‍ രാജ്യസഭയില്‍. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ബില്ലിന്‍റെ ചര്‍ച്ചക്കായി നാല് മണിക്കൂറാണ് നീക്കിവെച്ചത്. ലോക്സഭയില്‍ പാസായ ബില്ലുകള്‍ രാജ്യസഭയും കടത്താനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബില്‍ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020 എന്നിവയാണ് കേന്ദ്രം നടപ്പാക്കാനൊരുങ്ങുന്നത്. നേരത്തെ കൊണ്ടുവന്ന ഓര്‍ഡിനന്‍സുകള്‍ക്ക് പകരമായാണ് പുതിയ മൂന്ന് ബില്ലുകള്‍.
കര്‍ഷകര്‍ക്ക് ഗുണകരമാണെന്ന് കേന്ദ്രം അവകാശപ്പെടുമ്ബോള്‍ കാര്‍ഷിക മേഖല കുത്തകകള്‍ക്ക് തീറെഴുതുന്ന ബില്ലുകളാണിവയെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
സെപ്റ്റംബര്‍ 17ന് ബില്ലുകള്‍ ലോക്സഭയില്‍ പാസ്സായിരുന്നു. രാജ്യസഭയിലും ബില്‍ പാസ്സാക്കാമെന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്രം. 243 അംഗ സഭയില്‍ 122 വോട്ടുകളാണ് ഭൂരിപക്ഷത്തിന് ആവശ്യം. എന്‍.ഡി.എ സഖ്യത്തിന് 105 വോട്ടുകളുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 100ഉം. 10 എം.പിമാര്‍ കോവിഡ് ചികിത്സയിലാണ്.
എന്‍.ഡി.എ ഘടകകക്ഷിയായ അകാലി ദള്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യും. ബില്ലില്‍ പ്രതിഷേധിച്ച് അകാലി ദളിന്‍റെ കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചിരുന്നു.