തിരുവനന്തപുരം | കൊവിഡ് ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട ശേഷം, 54കാരന് അത്ഭുതകരമായ തിരിച്ചുവരവ്. കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശി ടൈറ്റസാണ് അതിജീവനത്തിന്റെ പുതുചരിത്രമെഴുതിയത്. വെന്റിലേറ്ററിലും ഐസിയുവിലുമായി 72 ദിവസം കൊറോണയോടെ പൊരുതിയാണ് ടൈറ്റസ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. പ്രതിദിന വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ടൈറ്റസിന്റെ അതിജീവന കഥ മാധ്യമങ്ങളോട് പങ്കുവെച്ചത്.
മത്സ്യത്തൊഴിലാളിയായ ടൈറ്റസിന് ജൂലൈ ആറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് അതീവഗുരുതരമാവുകായിരുന്നു.
തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. 43 ദിവസം വെന്റിലേറ്ററില്‍. ഇതില്‍ 20 ദിവസം കോമ സ്‌റ്റേജിലായിരുന്നു ടൈറ്റസ്. നില അല്‍പം മെച്ചപ്പെട്ടതോടെ ശ്വാസ കോശ വിഭാഗം ഐസിയുവിലേക്ക് മാറ്റി. ജീവന്‍ രക്ഷാ മരുന്നുകള്‍ ഉയര്‍ന്ന അളവില്‍ നല്‍കിയാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ജീവന്‍ ഡോക്ടര്‍മാര്‍ നിലനിര്‍ത്തിയത്. ഇതിനിടയില്‍ മുപ്പതോളം തവണ ഡലാലിസിസിനും വിധേയനാക്കി.
ചികിത്സക്കിടെ ജൂലൈ 15ന് ടൈറ്റസിന് കൊവിഡ് നെഗറ്റീവ് ആയി. എന്നാല്‍ കടുത്ത ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് ഓഗസ്റ്റ് 17 വരെ വെന്റിലേറ്ററിലും ഐസിയുവിലും തുടരുകയായിരുന്നു. 21ന് വാര്‍ഡിലേക്ക് മാറ്റി. ഫിസിയോ തെറാപ്പിയിലൂടെ സംസാര ശേഷശിയും ചലന ശേഷിയും വിണ്ടെടുത്തു. അങ്ങനെ ആരോഗ്യ പ്രവര്‍ത്തകരുടെ 72 ദിവസം നീണ്ട അശ്രാന്ത പരിശ്രമത്തിന് ഒടുവില്‍ ടൈറ്റസിന് പുതുജീവന്‍. ഇന്നലെ ടൈറ്റസ് ആശുപത്രി വിടുകയും ചെയ്തു.
സ്വകാര്യ ആശുപത്രിയില്‍ ആണെങ്കില്‍ 30 ലക്ഷം രൂപയോളം ചിലവുവരുന്ന ചികിത്സയാണ് ടൈറ്റസിന് നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.