മുംബൈ: മഹാരാഷ്ട്രയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം പത്തായി. പുതുതായി 2 മൃതദേഹങ്ങള്‍ കൂടി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ചതോടെയാണിത്. ഇന്ന് പുലര്‍ച്ചെ 3.30 ഓടെ നടന്ന അപകടത്തില്‍ നേരത്തെ 8 മൃതദേഹങ്ങള്‍ പുറത്തെടുത്തിരുന്നു.
മഹാരാഷ്ട്രയിലെ ഭീവണ്ടിയിലാണ് മൂന്നുനില കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 25 പേരോളം ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. സംഭവത്തേ തുടര്‍ന്ന് ദേശീയ ദുരന്ത പ്രതികരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്.
അപകടത്തിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാര്‍ 20 പേരെ രക്ഷപ്പെടുത്തി.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ കെട്ടിടം തകര്‍ന്നതില്‍ ഖേദിക്കുന്നു. ദു:ഖിതരായ കുടുംബങ്ങള്‍ക്ക് അനുശോചനം. രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
21 ഫ്‌ളാറ്റുകളാണ് ഈ കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. 1984ലാണ് കെട്ടിടം നിര്‍മിച്ചതെന്നാണ് വിവരങ്ങള്‍.