യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വിജയ് പി. നായരുടെ പരാതിയില്‍ തമ്പാനൂര്‍ പോലീസാണ് കേസെടുത്തത്.
തന്നെ കൈയ്യറ്റം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും ചൂട്ടിക്കാട്ടിയാണ് വിജയ് പരാതി നല്‍കിയത്. അതേസമയം, ഭാഗ്യലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജയ് നായര്‍ക്കെതിരെയും പരാതിയെടുത്തിട്ടുണ്ട്.
കേരളത്തിലെ ഫെമിനിസ്റ്റുകളെ അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വിജയ് പി. നായരെ കൈയേറ്റം ചെയ്തും തലയിൽ കരിഓയിൽ ഒഴിച്ചും പ്രതിഷേധിച്ചത്.
ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് വെള്ളായണി സ്വദേശി ഡോ. വിജയ് പി. നായരെ കൈയേറ്റം ചെയ്തത്. കൈയേറ്റം ചെയ്യുന്നതിന്റെയും കരിഓയിൽ ഒഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇവർ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഇനി ഒരു സ്ത്രീക്കെതിരേയും ഇത്തരം കാര്യങ്ങൾ പറയരുതെന്ന് പറഞ്ഞായിരുന്നു സ്ത്രീകളുടെ പ്രതിഷേധം. ഗാന്ധാരിയമ്മൻ കോവിലിനു സമീപമുള്ള ഇയാളുടെ മുറിയിലെത്തിയ മൂവരും വിജയ് പി. നായരെ കൊണ്ട് മാപ്പ് പറയിക്കുന്നത് സാമൂഹിക മാധ്യമങ്ങളിലൂടെ ഇവർ തന്നെ ലൈവായി പുറത്തുവിടുകയായിരുന്നു.
പ്രതിഷേധത്തിനു ശേഷം ഇയാളുടെ ലാപ്ടോപും മൊബൈൽ ഫോണും സ്ത്രീകൾ പിടിച്ചെടുക്കയും പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു.
അധിക്ഷേപത്തിൽ മനം മടുത്തിട്ടാണ് കടുത്ത പ്രതിഷേധത്തിന് മുതിർന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. വിഷയം ചൂണ്ടിക്കാട്ടി പരാതിപ്പെട്ടിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും ഇവർ ആരോപിക്കുന്നു.
വിജയ് പി. നായർ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി വനിതാ കമ്മീഷൻ, സൈബർ സെൽ, വനിതാ ശിശുക്ഷേമ വകുപ്പ്, ജെൻഡർ അഡ്വൈസർ എന്നിവർക്ക് നേരത്തെ പരാതി നൽകിയിരുന്നതായി ശ്രീലക്ഷ്മി അറയ്ക്കൽ പറഞ്ഞു.