ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വികസനം, നടന്നുകൊണ്ടിരിക്കുന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍, പ്രാദേശികമായും ആഗോളമായും ഓരോ പ്രദേശത്തും കൈവരിച്ച പുരോഗതി എന്നിവയെക്കുറിച്ചുള്ള എല്ലാ പ്രധാന വിവരങ്ങളും ഉള്‍പ്പെടുത്തിയ വെബ് പോര്‍ട്ടലുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം.
ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐ.സി.എം.ആര്‍.) വികസിപ്പിച്ച വാക്സിന്‍ വെബ് പോര്‍ട്ടലും ‘നാഷണല്‍ ക്ലിനിക്കല്‍ രജിസ്ട്രി ഫോര്‍ കോവിഡ് 19’-ഉം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ കോവിഡ് പ്രതിരോധ വാക്സിന്‍ വികസനവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും അടങ്ങുന്നതാണ് ഈ ഓണ്‍ലൈന്‍ പോര്‍ട്ടല്‍.
ആദ്യഘട്ടത്തില്‍ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ടാണെങ്കിലും കാലക്രമേണ മറ്റു വാക്സിന്‍ സംബന്ധിച്ച വിവരങ്ങളും ഈ ഓണ്‍ലൈനില്‍ ലഭ്യമാകും.
അതേസമയം, 2021ന്‍റെ ആദ്യപാദത്തില്‍ വാക്സിന്‍ രാജ്യത്ത് ലഭ്യമായേക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് വാക്സിന്‍ പരീക്ഷണങ്ങള്‍ വളരെ വേഗത്തിലാണ് നടക്കുന്നതെന്നും മന്ത്രി ഹര്ഷവര്ധന് പറഞ്ഞു. വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം വളരെ വേഗത്തിലാണ് മുന്നേറുന്നത്. രാജ്യത്ത് മൂന്ന് വാക്സിന്‍ നിര്‍മാതാക്കള്‍ ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണ്. 2021ന്‍റെ ആദ്യ പാദത്തില്‍ രാജ്യത്ത് വാക്സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.