തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വി ഭാസ്കരനാണ് ഇക്കാര്യം അറിയിച്ചത്. ചില തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് നീണ്ടുപോയത്.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കി ജനുവരിയില്‍ ആദ്യ കരടുപട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്മേലുള്ള ആക്ഷേപങ്ങള്‍ സ്വീകരിച്ച് പുതിയ വോട്ടര്‍മാരുടെ പേര് കൂട്ടിച്ചേര്‍ക്കുകയും മരിച്ചവരെയും സ്ഥലത്തില്ലാത്തവരെയും ഒഴിവാക്കുകയും ചെയ്‌തു.
തുടര്‍ന്ന് ആഗസ്‌ത് 12ന് പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഇതിലും മാറ്റം വരുത്തിയാകും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. നവംബറിലാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി അവസാനിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കമ്മീഷന്‍ അന്തിമ നിലപാട് സ്വീകരിച്ചിട്ടില്ല.