സെക്രട്ടറിയേറ്റില്‍ നടന്ന തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സിംഗ് റിപ്പോര്‍ട്ട്

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പില്‍ നടന്ന തീപിടിത്തത്തിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് ഫോറന്‍സിക്. ഫയലുകള്‍ മാത്രമാണ് കത്തിയതെന്നും സാനിറ്റൈസര്‍ കത്തിയില്ലെന്നും തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നായിരുന്നു ചീഫ് സെക്രട്ടറി നിയോ​ഗിച്ച വിദ​ഗ്ധ സമിതി കണ്ടെത്തിയത്. ഇതാണ് സര്‍ക്കാരും ആവര്‍ത്തിച്ചിരുന്നത്. ഇതിനെ പാടെ തളളുന്നതാണ് പൊലീസ് അന്വേഷണത്തിന്റെ ഭാ​ഗമായി നടത്തിയ ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍.

തീപിടിത്തം നടന്ന മുറിയിലെ 24 വസ്തുക്കള്‍ ഫോറന്‍സിക് പരിശോധിച്ചു.

ശേഖരിച്ച സാംപിളുകളില്‍ ഒന്നില്‍ നിന്നു പോലും തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്നതിന് തെളിവുകളില്ല. തീപിടിത്തം നടന്ന മുറിയിലെ ഫാന്‍, സ്വിച്ച്‌ ബോര്‍ഡ് എന്നിവ കത്തിയിട്ടുണ്ട്. എന്നാല്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറിന് തീപിടിച്ചിട്ടില്ല. മാത്രമല്ല മുറിയിലെ ഫയര്‍ എക്‌സ്റ്റിഗ്യൂഷര്‍ അടക്കമുള്ളവയും ഫോറന്‍സിക് പരിശോധിച്ചു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം എങ്ങനെ തീപിടിച്ചു എന്ന് ഇതില്‍ പറയുന്നില്ല. ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ട് അന്വേഷണ സംഘമാണ് കേസ് ഡയറിക്കൊപ്പം കോടതിയില്‍ ഹാജരാക്കിയത്.

സെക്രട്ടറിയേറ്റിലെ പൊതുഭരണ വിഭാഗത്തിലെ പൊളിറ്റിക്കല്‍ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. വൈകിട്ട് 4.45നുണ്ടായ തീപിടിത്തം 5.15നാണ് അണച്ചത്. തീപിടിത്തത്തില്‍ നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകള്‍ കത്തി നശിച്ചു എന്നായിരുന്നു ആക്ഷേപം. മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയിരുന്നു. കൂടാതെ ബിജെപിയുടെയും കോണ്‍​ഗ്രസിന്റെയും നേതാക്കളും തീപിടിത്തത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ കത്തിനശിച്ചതായി ആരോപിച്ചിരുന്നു. നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകള്‍ കത്തി നശിച്ചുവെന്ന വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കും എന്ന് നേരത്തെ അറിയിച്ചിരുന്നു.

Leave a Reply