കൊച്ചി: കേരളസമൂഹം മുഴുവന്‍ ആദരിക്കുകയും വിലമതിക്കുകയും ചെയ്യുന്ന സന്യസ്തര്‍ക്ക് നേരെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ തുടരുമ്പോഴും അത്തരമൊരു ദയനീയാവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന നിയമസംവിധാനങ്ങളില്‍ മാറ്റം വരുത്താന്‍ ശക്തമായ ഇടപെടലുകള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും താമസംവിനാ ഉണ്ടാവണമെന്ന് കെസിബിസി പ്രസിഡന്റ്, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
കേരളസമൂഹത്തില്‍ നൂറുകണക്കിന് ആതുരാലയങ്ങളും വിദ്യാലയങ്ങളും മറ്റ് അനവധി സേവനമേഖലകളും വഴി പ്രതിദിനം ലക്ഷോപലക്ഷം സാധാരണ ജനങ്ങള്‍ക്ക് ആശ്രയമായി ജീവിക്കുകയും നിസ്വാര്‍ത്ഥമായി സേവനം ചെയ്യുകയും ചെയ്യുന്നവരാണ് ഇന്ന് കേരളത്തില്‍ പ്രവര്‍ത്തനനിരതരായ നാല്‍പ്പത്തിനായിരത്തോളം വരുന്ന കത്തോലിക്കാ സന്യാസിനിമാര്‍. വിലമതിക്കാനാവാത്തതാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ എങ്കിലും, വളരെയേറെ അവഹേളനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും അവര്‍ ഇക്കാലത്ത് നേരിടുന്നു. ചില സാഹചര്യങ്ങളിലെങ്കിലും നിയമ നടപടികള്‍ സ്വീകരിക്കാന്‍ സഭാനേതൃത്വവും സന്യസ്ത സമൂഹങ്ങളും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ഒരിക്കല്‍പ്പോലും കുറ്റവാളികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കപ്പെടുകയുണ്ടായിട്ടില്ല.
സമീപകാലത്ത്, തന്റെ യൂട്യൂബ് ചാനലിലൂടെ സാമുവല്‍ കൂടല്‍ എന്ന വ്യക്തി അശ്ലീലഭാഷയില്‍ സന്യാസിനിമാരെയും ക്രൈസ്തവ സമൂഹത്തെയും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടും വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടും നിരവധി വീഡിയോകള്‍ തന്റെ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അയാള്‍ ഒരു മോശം വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചതിനെതിരെ വനിതാ കമ്മീഷനിലും, മനുഷ്യാവകാശ കമ്മീഷനിലും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലുമായി നൂറ്ററുപതോളം പരാതികള്‍ സന്യസ്തര്‍ നല്‍കിയെങ്കിലും മൂന്നാഴ്ച പിന്നിട്ടിട്ടും ഇനിയും യാതൊരു നിയമ നടപടിയുമുണ്ടായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.