തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും. ഹില്‍സ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളും കോവിഡ് പ്രോട്ടോകോള്‍ പ്രകാരം തുറക്കുന്നതിന് ഉത്തരവിറക്കി. എന്നാല്‍, ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം നവംബര്‍ ഒന്നിനു മാത്രമേ തുറക്കുകയുള്ളു.
ടൂറിസം കേന്ദ്രങ്ങളിലേക്ക് കോവിഡ് മുന്‍കരുതല്‍ പാലിച്ചു രണ്ടു ഘട്ടമായി പ്രവേശനത്തിന് അനുമതി നല്‍കുന്നതിന് തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെയാണ് പ്രവേശനം. ഹൗസ് ബോട്ടുകള്‍ക്കും മറ്റു ടൂറിസ്റ്റ് ബോട്ടുകള്‍ക്കും സര്‍വീസ് നടത്താനും അനുമതി നല്കി.
ആറു മാസമായി ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണു തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അണ്‍ലോക്ക് നാല് ഉത്തരവില്‍ നിരോധിത കാറ്റഗറിയില്‍ ടൂറിസം ഉള്‍പ്പെടുത്തിയിട്ടില്ല. മുന്‍കരുതലുകള്‍ പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുന്നതില്‍ അപാകതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു തീരുമാനമെന്നു മന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് ഒരാഴ്ച വരെയുള്ള ഹ്രസ്വസന്ദര്‍ശനത്തിന് ക്വാറന്റൈന് നിര്‍ബന്ധമില്ല. സംസ്ഥാനത്തിന് പുറത്തു നിന്നെത്തുന്ന സഞ്ചാരികള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഏഴു ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കില്‍, ടൂറിസ്റ്റുകള്‍ സ്വന്തം ചെലവില്‍ കോവിഡ് പരിശോധന നടത്തണം.
ഏഴു ദിവസത്തില്‍ കൂടുതല്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുകയോ കേരളത്തില്‍ എത്തിയാലുടന്‍ കോവിഡ് പരിശോധന നടത്തുകയോ വേണം. അല്ലെങ്കില്‍ അവര്‍ ഏഴു ദിവസം ക്വാറന്ൈറനില് പോകേണ്ടിവരും. സാനിറ്റൈസര്‍ കരുതണം. രണ്ടു മീറ്റര്‍ ആളകലം പാലിക്കണം.
ഹോട്ടല്‍ ബുക്കിംഗും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റെടുക്കുന്നതും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാകണമെന്ന നിര്‍ദേശവും ഉത്തരവിലുണ്ട്.