കാഞ്ഞിരപ്പള്ളി: ആദിവാസികൾക്കിടയിൽ മനുഷ്യാവകാശ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്ന ജസ്യൂട്ട് വൈദികനായ ഫാ.സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റ് എന്ന മുദ്രകുത്തി എൻ.ഐ.എ.അറസ്റ്റ് ചെയ്ത നടപടിയിൽ കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വൈദികനെ നിരുപാധികം വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ്സ് നടത്തുന്ന ഇ-മെയിൽ കാമ്പയിൻ രൂപതാതല ഉദ്ഘാടനം രാഷ്ട്രപതിക്ക് ഇ-മെയിൽ അയച്ചു കൊണ്ട് രൂപതാ വികാരി ജനറാൾ ഫാ.ബോബി അലക്സ് മ ണ്ണംപ്ലാക്കൽ നിർവ്വഹിച്ചു.
ആദിവാസി, പിന്നോക്ക വിഭാഗങ്ങൾക്കായി സർക്കാർ യാതൊരു സംവിധാനവും ഒരുക്കാതെ നിഷ്ക്രിയമായി നിന്ന സാഹചര്യത്തിലാണ് ക്രൈസ്തവ മിഷണറി മാർ സാമൂഹ്യ പ്രതിബദ്ധതയോടെ ഈ ഉത്തരവാദിത്വം ഏറ്റെടുത്തത്.നിരക്ഷരരും നിരാലംബരും രോഗികളുമായവരുടെ ഇടയിൽ പ്രവർത്തിക്കുന്ന ഫാ.സ്റ്റാൻ സ്വാമിയെപോലുള്ളവർക്കെതിരെ സർക്കാർ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് പാവങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്ക കോൺഗ്രസ് രൂപതാ സമിതി അഭിപ്രായപ്പെട്ടു.
എല്ലാ ഫൊറോന തലങ്ങളിൽ നിന്നും തുടർന്ന് ഇ മെയിൽ അയയ്ക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
രൂപതാ പ്രസിഡൻ്റ് ജോമി കൊച്ചുപറമ്പിൽ പ്രമേയം അവതരിപ്പിച്ചു.പാസ്റ്ററൽ ആനിമേഷൻ ഡയറക്ടർ ഫാ.സ്റ്റാൻലി പുള്ളോലിൽ, ജെയിംസ് പെരുമാകുന്നേൽ, സിനി ജിബു നീറനാക്കുന്നേൽ,
സണ്ണിക്കുട്ടി അഴകംപ്രായിൽ എന്നിവർ പ്രസംഗിച്ചു.