പത്തനംതിട്ട | ലൈസന്‍സുള്ള തോക്ക് ഉപയോഗിക്കുന്നവര്‍ക്ക് വനംവകുപ്പിന്റെ അനുമതിയോടെ ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കെ രാജു. കാട്ടുപന്നിയുടെ ശല്യം അതിരൂക്ഷമാകുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും കര്‍ഷകരെ ആക്രമിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ആക്ഷേപങ്ങളോട് അനുഭാവപൂര്‍വമായ സമീപനമാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ വെടിവെക്കാന്‍ അനുമതി നല്‍കിയത്. നേരത്തെ ഇതു സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവില്‍ ചില അവ്യക്തതകളുണ്ടായിരുന്നു. ഇതു പരിഹരിച്ചാണ് ഇപ്പോള്‍ ഉത്തരവിറക്കിയിട്ടുള്ളത്. ഇതനുസരിച്ച് തോക്ക് ലൈസന്‍സുള്ള കര്‍ഷകരെ അതാത് ഡി എഫ് ഒമാരുടെ ചുമതലയില്‍ എം പാനല്‍ ചെയ്യും.കാട്ടുപന്നി ശല്യത്തെ സംബന്ധിച്ച കര്‍ഷകരുടെ പരാതികള്‍ പരിഗണിച്ച് വെടിവെക്കാനുള്ള അനുമതി ഡി എഫ് ഒ തലത്തില്‍ നല്‍കും. ഇത്തരത്തില്‍ ഒരു പന്നിയെ വെടിവെച്ചാല്‍ 1000 രൂപ കര്‍ഷകനു നല്‍കാനും തീരുമാനമുണ്ട്. കാട്ടുപന്നിയെ ആറുമാസത്തേക്ക് ക്ഷുദ്രജീവി ഗണത്തിലേക്കു മാറ്റിക്കൊണ്ടാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് പുറത്തിറക്കി വെടിവയ്ക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. കേന്ദ്ര വന്യജീവി സംരക്ഷണനിയമത്തില്‍ കാട്ടുപന്നിയെ സ്ഥിരമായി ക്ഷുദ്രജീവി ഗണത്തിലാക്കി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. പന്നിയുടെ എണ്ണത്തിലുണ്ടായ പെരുപ്പവും കാര്‍ഷിക മേഖലയിലുണ്ടാക്കിയിട്ടുള്ള നഷ്ടവും പരിഗണിച്ച് തീരുമാനമെടുക്കണമെന്നാണ് സംസ്ഥാന വനംവകുപ്പ് റിപ്പോര്‍ട്ട്. ഇതനുസരിച്ചുള്ള വിവരശേഖരണം നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.നിലവില്‍ നാട്ടിലിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ വെടിവെക്കാനുള്ള അനുമതിയാണുള്ളത്. ഇതനുസരിച്ച് കോന്നി ഡി എഫ് ഒ പരിധിയിലാണ് ആദ്യമായി സംസ്ഥാനത്ത് പന്നിയെ കൊന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് അന്ന് കൃത്യം നിര്‍വഹിച്ചത്. പിന്നീട് കോന്നിയില്‍ തന്നെ 14 ഓളം പന്നികളെ കൊന്നതായി മന്ത്രി പറഞ്ഞു. നേരത്തെ വനത്തോടു ചേര്‍ന്ന പ്രദേശങ്ങളില്‍ മാത്രം കണ്ടിരുന്ന കാട്ടുപന്നി ഇന്ന് നാടു മുഴുവന്‍ വ്യാപിച്ചിരിക്കുകയാണ്. ഇവയുടെ എണ്ണം നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.വന്യജീവികളില്‍ നിന്നും കൃഷിയിടങ്ങളെ സംരക്ഷിക്കാന്‍ വ്യാപകമായി സോളാര്‍വേലികള്‍ അടക്കം സ്ഥാപിച്ചിരുന്നു. കുറെ ഏറെ ഭാഗങ്ങളില്‍ ഇതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കൃഷിനാശത്തിന് നഷ്ടപരിഹാരം വേഗത്തില്‍ നല്‍കിവരുന്നുണ്ട്. സംസ്ഥാനത്തെ 14 ജില്ലകളിലും നടത്തിയ വനം അദാലത്തില്‍ ഏറ്റവുമധികം പരിഗണിച്ചത് കാട്ടുമൃഗങ്ങളില്‍ നിന്നും നേരിട്ടുള്ള കൃഷിനാശത്തിന് ഇരയായവരുടെ പരാതിയായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൃഷിക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി. കാട്ടുമൃഗ ആക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ടാല്‍ ആശ്രിതര്‍ക്കുള്ള സഹായധനം പത്തുലക്ഷം രൂപയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
- വൈദികൻ്റെ അറസ്റ്റ്: കത്തോലിക്ക കോൺഗ്രസ് ഇ-മെയിൽ കാമ്പയിൻ തുടങ്ങി
- സ്വാതന്ത്ര്യം അപകടത്തിലാകുമ്പോഴും നാം നിശ്ശബ്ദരാണ് ഫാ. സ്റ്റാൻ സ്വാമിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് മാര്‍ തോമസ് തറയില്‍.