പള്ളിയങ്കണത്തിൽ നൂറുമേനി കൊയ്ത് കാഞ്ഞിരപ്പള്ളിയിലെ വൈദികർ

കാഞ്ഞിരപ്പള്ളി: ദിവ്യബലി അര്‍പ്പിക്കുവാന്‍ മാത്രമല്ല വിത്തുകളും, തൈകളും നട്ടു നനച്ചു വിളവെടുക്കുവാനും തങ്ങള്‍ക്ക് അറിയാമെന്നു തെളിയിച്ചിരിക്കുകയാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള എലിക്കുളം ഉണ്ണിമിശിഹാ പള്ളി വികാരി ഫാ.ജസ്റ്റിന്‍ പഴയപറമ്ബിലും സഹവികാരി ഫാ.സില്‍വാനോസ് മീത്തിനകത്തും. ലോക്ക്ഡൗണ്‍ കാലത്ത് എലിക്കുളം കൃഷിഭവനില്‍ നിന്നും പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും പച്ചക്കറി വിത്തുകള്‍ നല്‍കിയിരുന്നു. പള്ളി സ്ഥിതി ചെയ്യുന്ന നാലാം വാര്‍ഡില്‍ വിത്തുകള്‍ വിതരണം ചെയ്ത വാര്‍ഡുമെമ്ബറും ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ മാത്യൂസ് പെരുമനങ്ങാട് പള്ളിമേടയിലേക്കും ഒരു പിടി വിത്തുകളും എലിക്കുളം നാട്ടുചന്തയില്‍ നിന്നും തൈകളും വാങ്ങി നല്കി.

മുളക്, വെണ്ട, വഴുതന, പയര്‍ എന്നിവയുടെ വിത്തുകളും തൈകളുമാണ് നല്‍കിയത്. ഇടവക വികാരിമാര്‍ ദൈവാലയ ശുശ്രൂഷയ്ക്ക് ശേഷമുള്ള ഇടവേളകളില്‍ പള്ളിയുടെ സമീപത്തായി അവ വിതയ്ക്കുകയും നടുകയും ചെയ്തു. ദിവസവും കുര്‍ബാനയ്ക്ക് ശേഷം അവയെ നട്ടു നനച്ചു പരിപാലിച്ച്‌ ഒടുവില്‍ വിളവും കൊയ്തു. നൂറു മേനി വിളവാണ് ലഭിച്ചിരിക്കുന്നത്.
ചെടികളുടെ വളര്‍യുടെ ഓരോ ഘട്ടങ്ങളും കണ്ട ഇവരുടെ കൂടെ ഇടവകയിലെ യുവജനങ്ങളും കൂടി. ഒരിക്കല്‍ പോലും രാസവള പ്രയോഗം നടത്താതെ ജൈവ വളങ്ങള്‍ മാത്രം ഉപയോഗിച്ചായിരുന്നു കൃഷി. നട്ട ചെടികളും വിതച്ച വിത്തുകളും മൂന്നു മാസം കഴിയുമ്ബോഴേക്കും വിളവെടുപ്പിനു തയ്യാറായി.
വിത്തുകള്‍ നല്കിയ മെമ്ബര്‍ മാത്യുസ് പെരുമനങ്ങാടിന്റെ സാന്നിദ്ധ്യത്തില്‍ പള്ളി വികാരി വിളവെടുപ്പ് നടത്തി ഇടവകാംഗങ്ങള്‍ക്കും വിതരണം ചെയ്തു. പള്ളിവേടയിലെ ആവശ്യത്തിനുള്ള പച്ചക്കറികള്‍ പള്ളിപുരയിടത്തിലെ കൃഷിയിടത്തുനിന്നും ലഭിക്കുമെന്ന് വികാരി പറഞ്ഞു. കുറച്ച്‌ പച്ചക്കറികള്‍ ഇടവക അംഗങ്ങള്‍ക്കും വിതരണം ചെയ്യാനാകും. അടുത്ത വര്‍ഷം കൂടുതല്‍സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനാണ് പുരോഹിതരുടെ ആഗ്രഹം. ഇടവകയിലെ മുഴുവന്‍ വീടുകളിലേക്കും കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമവും ആരംഭിച്ചുകഴിഞ്ഞു. ഇടവകയിലെ യുവജനങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാനാണ് ആലോചന

Leave a Reply