തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുളള കസ്റ്റംസ് കേസിലാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. ഈ മാസം 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച് കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
ജാമ്യഹര്‍ജിയില്‍ കസ്റ്റംസിനെതിരെ എം ശിവശങ്കര്‍ രൂക്ഷമായ ആരോപണങ്ങള്‍ ആണ് ഉന്നയിച്ചിരുന്നത്.നിയമ വ്യവസ്ഥ അട്ടിമറിക്കാനാണ് കസ്റ്റംസ് ശ്രമിക്കുന്നതെന്ന് ശിവശങ്കര്‍ ആരോപിച്ചു. തന്നെ 90 മണിക്കൂറോളമാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയിട്ടുണ്ട്
സ്വര്‍ണ്ണക്കടത്ത് കേസില്‍ മാത്രം 34 മണിക്കൂര്‍ ചോദ്യം ചെയ്യുകയുണ്ടായി.
തന്നെ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് ശ്രമിക്കുന്നത്. ആശുപത്രിയില്‍ നിന്നിനും തന്നെ ഇറക്കാന്‍ കസ്റ്റംസ് ശ്രമിക്കുന്നുവെന്നും ശിവശങ്കര്‍ ഹര്‍ജിയില്‍ ആരോപിച്ചു. താന്‍ ചോദ്യം ചെയ്യലുമായി ഇതുവരെ സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കാന്‍ തയ്യാറാണ്. ഒളിവില്‍ പോകില്ലെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു. തുടര്‍ച്ചയായ ചോദ്യം ചെയ്യലും യാത്രയും തന്റെ ആരോഗ്യസ്ഥിതിയെ ബാധിച്ചതായും ശിവശങ്കര്‍ പറയുന്നു