കോവിഡിനെതിരായ കണ്ടുപിടുത്തം, ഇന്ത്യൻ ബാലികയ്ക്ക് പുരസ്കാരം

ഹൂസ്റ്റൺ :കോവിഡ് എപ്പോള്‍ അവസാനിക്കും? മാസങ്ങളായി ലോകജനതയൊന്നാകെ ഉയര്‍ത്തുന്ന ചോദ്യത്തിന് ഉത്തരമായേക്കാവുന്ന കണ്ടുപിടിത്തവുമായി അമേരിക്കയിലെ ഇന്ത്യന്‍ വംശജയായ എട്ടാം ക്ലാസുകാരി. കൊറോണ വൈറസിന്റെ പ്രോട്ടീന്‍ ആവരണത്തെ നശിപ്പിക്കുന്ന സൂക്ഷ്മാണുവിനെ കണ്ടെത്തിയ ടെക്സസ് ഫ്രിസ്കോയില്‍നിന്നുള്ള അനിക ചെബ്രൊളുവാണ് ശാസ്ത്രലോകത്തെ പുതിയ താരം.

കംപ്യൂട്ടര്‍ സഹായത്തോടെ നടത്തിയ പരീക്ഷണം അനികയെ അമേരിക്കയില്‍ മിഡില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഏറ്റവും വലിയ ശാസ്ത്ര മത്സരമായ ‘3എം യങ് സയന്റിസ്റ്റ് ചലഞ്ച്’ ജേതാവാക്കി. 25000 ഡോളറാണ്(18.33 ലക്ഷം രൂപ) പുരസ്കാരം. വൈറോളജിസ്റ്റുകളുടെ സഹായത്തോടെ കണ്ടുപിടിത്തം കുറ്റമറ്റതാക്കി കോവിഡ് പോരാട്ടത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ഈ കുട്ടിശാസ്ത്രജ്ഞ.

ഫ്ലൂ വൈറസിനെ നശിപ്പിക്കുന്ന സൂക്ഷ്മാണുവിനായുള്ള അനികയുടെ അന്വേഷണമാണ് കോവിഡ് പോരാട്ടത്തില്‍ വഴിത്തിരിവായേക്കാവുന്ന കണ്ടുപിടിത്തമായത്. ഒരുവര്‍ഷംമുമ്ബുണ്ടായ ഫ്ലൂ ബാധയാണ് പ്രചോദനം. 1918ലെ ഫ്ലൂവിനെക്കുറിച്ച്‌ നേരത്തേ വായിച്ചുള്ള അറിവും ഗുണംചെയ്തു.

കോവിഡ് പ്രതിന്ധി ഉയര്‍ന്നതോടെ എല്ലാം മാറി. മഹാമാരിക്ക് പ്രതിവിധി കണ്ടെത്താനായി ശ്രമം. മത്സരത്തിലെ 10 ഫൈനലിസ്റ്റുകളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടതോടെ ‘3എം’ കോര്‍പറേറ്റ് സയന്റിസ്റ്റ് ഡോ. മഹ്ഫുസ അലിയെ മാര്‍ഗദര്‍ശിയായി ലഭിച്ചു. അവരുടെ മേല്‍നോട്ടത്തില്‍ മാസങ്ങള്‍ നീണ്ട ഗവേഷണം. ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ തന്റെ ആശയം യാഥാര്‍ഥ്യമാക്കി. കോവിഡ് മരണങ്ങള്‍ പരമാവധി തടയണം. അതിന് ശാസ്ത്രജ്ഞരുമായി കൈകോര്‍ത്ത് തന്റെ കണ്ടുപിടിത്തം യഥാര്‍ഥ മരുന്നാക്കി മാറ്റാനാണ് അടുത്ത ശ്രമമെന്ന് അനിക പറയുന്നു.

Leave a Reply