കൊവിഡ് വ്യാപനം വരും മാസങ്ങളില്‍ അതിരൂക്ഷമാകും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് വെെറസ് വ്യാപനം വരും മാസങ്ങളില്‍ അതിരൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. നിരവധി രാജ്യങ്ങളില്‍ വെെറസ് വ്യാപനം വര്‍ദ്ധിച്ചു വരുന്നതിനിടെയാണ് ഡബ്ല്യു.എച്ച്‌.ഒയുടെ മുന്നറിയിപ്പ്.

“അടുത്ത കുറച്ച്‌ മാസങ്ങള്‍ വളരെ കഠിനമായിരിക്കും. ചില രാജ്യങ്ങള്‍ അപകടകരമായ പാതയിലാണ്.” ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസ് ഒരു വെര്‍ച്വല്‍ സമ്മേളനത്തില്‍ പറഞ്ഞു. നിരവധി രാജ്യങ്ങളില്‍ കൊവിഡ് കേസുകളുടെ ഗണ്യമായ വര്‍ദ്ധനവ് കാണുന്നു. ഇത് രോഗികളെ ആശുപത്രികളിലേക്കും തീവ്രപരിചരണ വിഭാഗങ്ങളിലേക്കും നയിക്കുന്നു, ശേഷിക്ക് അടുത്തോ അതിന് മുകളിലോ ആരോഗ്യമേഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗെബ്രിയേസ് ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ ഡിസംബറില്‍ ചെെനയിലെ വുഹാന്‍ നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് വെെറസ് ഇതുവരെ ആഗോളതലത്തില്‍ 42ദശലക്ഷം പേര്‍ക്ക് ബാധിക്കുകയും 10 ലക്ഷത്തിലേറെ പേരുടെ ജീവനെടുക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്ത് രജിസ്റ്റര്‍ ചെയ്ത പുതിയ കൊവിഡ് കേസുകളില്‍ പകുതിയിലേറെയും യൂറോപ്പില്‍ നിന്നുമാണ്. ഇവിടെ സ്ഥിതിഗതികള്‍ വളരെ ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് സാങ്കേതിക വിദഗ്ദ്ധ മരിയ വാന്‍ കെര്‍കോവ് പറഞ്ഞു.

Leave a Reply