ബസിലിക്കയിലുണ്ടായ തീവ്രവാദ അക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരം അർപ്പിച്ചും അവർക്കായി പ്രാർത്ഥിക്കാൻ ആഹ്വാനംചെയ്തും ഫ്രാൻസിലെ മുഴുവൻ ദൈവാലയങ്ങളിലും മണിമുഴങ്ങി.

നീസ് നഗരത്തിലെ നോട്രഡാം ബസിലിക്കയിലുണ്ടായ തീവ്രവാദ അക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരം അർപ്പിച്ചും അവർക്കായി പ്രാർത്ഥിക്കാൻ ആഹ്വാനംചെയ്തും ഫ്രാൻസിലെ മുഴുവൻ ദൈവാലയങ്ങളിലും മണിമുഴങ്ങി. ഫ്രാൻസിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ നിർദേശപ്രകാരം ഇന്നലെ പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 3.00നാണ് ദൈവാലയ മണികൾ മുഴക്കിയത്.

കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിക്കുകയും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നതായി മെത്രാൻ സമിതി അറിയിച്ചു. വേദനയുടെ ഈ നിമിഷത്തിലും ഭയന്നിരിക്കാതെ, ക്രൈസ്ഥവരെ ലക്ഷ്യംവെച്ചുള്ള ആക്രമണത്തെ രാജ്യത്തോടൊപ്പംനിന്ന് നേരിടുക തന്നെ ചെയ്യുമെന്നും മെത്രാൻ സമിതി വെളിപ്പെടുത്തി.

ഇന്നലെ (ഒക്‌ടോ. 29) പ്രാദേശികസമയം രാവിലെ 9.00നായിരുന്നു ഫ്രാൻസിനെ നടുക്കിയ ഭീകരാക്രമണം. രാവിലെയുള്ള കുർബാനയ്ക്കായി ഒരുക്കം നടക്കുമ്പോഴായിരുന്നു ആക്രമണം. ഇസ്ലാമിക മുദ്രാവാക്യം ആക്രോശിച്ചെത്തിയ തീവ്രവാദിയുടെ അക്രമണത്തിൽ ദൈവാലയ ശുശ്രൂഷിയുൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു. കഴുത്തറുത്ത നിലയിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

അതേസമയം, അക്രമത്തെ അപലപിച്ചും ഫ്രഞ്ച് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും തീവ്രവാദത്തെ തുടച്ചുനീക്കാനുള്ള വാദ്ഗാനം അറിയിച്ചും ലോക രാജ്യങ്ങൾ രംഗത്തെത്തിയതും ശ്രദ്ധേയമായി. ഇന്ത്യയും അമേരിക്കയും കാനഡയും ബ്രിട്ടണും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ സംഭവത്തെ അപലപിച്ചു. ഇരകളുടെ കുടുംബങ്ങളെയും ഫ്രഞ്ച് ജനതയെയും അനുശോചനം അറിയിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനൊപ്പം നിൽക്കുമെന്ന് ഫേസ്ബുക്കിൽ കുറിച്ചു.

തീവ്ര ഇസ്ലാമിക ഭീകരാക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കേണ്ടതുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു: ‘ഞങ്ങളുടെ ഹൃദയം ഫ്രാൻസിലെ ജനങ്ങൾക്കൊപ്പമാണ്. ഈ പോരാട്ടത്തിൽ അമേരിക്ക പഴയ സഖ്യരാഷ്ട്രമായ ഫ്രാൻസിനൊപ്പം നിലകൊള്ളുന്നു. ഈ തീവ്ര ഇസ്ലാമിക ഭീകരാക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കേണ്ടതുണ്ട്. ഫ്രാൻസിനോ മറ്റൊരു രാജ്യത്തിനോ ഇത് ദീർഘകാലം സഹിക്കാനാവില്ല.’

അക്രമത്തിനെതിരെ ഫ്രഞ്ച് ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, സമൂഹത്തിൽ സ്ഥാനമില്ലാത്ത നീതീകരിക്കാനാവാത്ത ഇത്തരം നടപടികളെ അപലപിക്കുന്നുവെന്നും തങ്ങളുടെ ചിന്തകൾ കൊല്ലപ്പെട്ടവരുടെ പ്രിയപ്പെട്ടവരോടൊപ്പമാണെന്നും ഫേസ്ബുക്കിൽ കുറിച്ചു.

ഭീകരതയ്ക്കും അസഹിഷ്ണുതയ്ക്കുമെതിരെ ഫ്രാൻസുമായി ബ്രിട്ടൺ ഉറച്ചുനിൽക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഫ്രാൻസിലെ ഇസ്ലാമിക ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച ഓസ്ട്രിയ ചാൻസലർ സെബാസ്റ്റ്യൻ കുർസ്, പ്രയാസകരമായ ഈ സമയങ്ങളിൽ തന്റെ ചിന്തകൾ ഇരകളുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഉണ്ടെന്നും അറിയിച്ചു.തീവ്രവാദി അക്രമണത്തിന്റെ നടുക്കത്തിലായ ഫ്രഞ്ച് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയാട്രോ പരോളിൻ മുഖാന്തിരം നീസ് രൂപതാധ്യക്ഷന് ഫ്രാൻസിസ് പാപ്പ ഇന്നലെ പ്രത്യേക സന്ദേശം അയച്ചിരുന്നു. കൊല്ലപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച പാപ്പ, ഫ്രാൻസിനെ ദൈവമാതാവിന്റെ സംരക്ഷണത്തിന് ഭരപ്പെടുത്തുകയും ചെയ്തു.

Leave a Reply