തമിഴ്നാട് തീരത്ത് നാശം വിതച്ച്‌ നിവാര്‍ ചുഴലിക്കാറ്റ്

ചെന്നൈ: തമിഴ്നാട് തീരത്ത് നാശം വിതച്ച്‌ നിവാര്‍ ചുഴലിക്കാറ്റ് പുതുച്ചേരിക്കടുത്ത് കര തൊട്ടു. 135 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. അതിതീവ്രചുഴലിക്കാറ്റായി തീരംതൊട്ട നിവാര്‍ ഇപ്പോള്‍ ശക്തി കുറഞ്ഞ് തീവ്രചുഴലിക്കാറ്റ് എന്ന ഗണത്തിലേക്ക് മാറിയിട്ടുണ്ട്. കാറ്റിന്‍റെ വേഗം അടുത്ത മണിക്കൂറുകളില്‍ കുറയുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതിന് ആറ് മണിക്കൂര്‍ വരെ സമയമെടുത്തേക്കാം.വേഗം 65-75 കീമി ആയി കുറയും എന്നാണ് കണക്കുകൂട്ടല്‍.

വിളുപുരം ജില്ലയില്‍ സ്ത്രീ വീട് തകര്‍ന്ന് വീണ് മരിച്ചു. വിളുപുരം സ്വദേശി രാജേശ്വരിയാണ് മരിച്ചത്. ഇവരുടെ മകന്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ചെന്നൈയിലും പുതുച്ചേരിയിലും പേമാരി ഇന്നും തുടരും. ലക്ഷക്കണക്കിനാളുകളെ മുന്‍കൂട്ടി ഒഴിപ്പിച്ചത് ദുരന്തത്തിന്‍റെ ആഘാതം കുറച്ചു. തമിഴ്നാടിന്‍റെ തീരമേഖലയിലും പുതുച്ചേരിയില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായത്. പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്.

തമിഴ്നാട്ടില്‍ ഇന്നും പൊതു അവധിയായിരിക്കും. അവശ്യസര്‍വീസുകളല്ലാതെ, കടകളടക്കം ഒരു സ്ഥാപനങ്ങളും ഇന്ന് തുറക്കില്ല. ശനിയാഴ്ച വരെ പുതുച്ചേരിയിലും പൊതു അവധി പ്രഖ്യാപിച്ചു. പുതുച്ചേരിയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുണ്ടായ ഇടങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനം നടത്താന്‍ സജ്ജരാണെന്ന് തമിഴ്നാട്, പുതുച്ചേരി അധികൃതര്‍ വ്യക്തമാക്കുന്നു. എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രസര്‍ക്കാരും ഉറപ്പു നല്‍കുന്നു.

കടലൂരിന്‍റെയും പുതുച്ചേരിയുടെയും ഇടയിലൂടെയാണ് ചുഴലിക്കാറ്റ് ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ചുഴലിക്കാറ്റ് പൂര്‍ണമായും കരയിലേക്ക് കയറിയിട്ടുണ്ട്. വടക്കന്‍ തമിഴ്നാട്ടില്‍ ശക്തമായ കാറ്റും മഴയും ഇന്നും തുടരും. ജനങ്ങള്‍ പരമാവധി പുറത്തിറങ്ങരുതെന്നും, വീട്ടില്‍ തുടരണമെന്നും സര്‍ക്കാ‍ര്‍ ആവശ്യപ്പെട്ടു.

ചെന്നൈയില്‍ നിവാര്‍ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് തുറന്ന ഹെല്‍പ്പ് ലൈന്‍ നമ്ബറുകള്‍: 044 25384530, 044 25384540, 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം, 1913

ഒഴിപ്പിച്ചത് ഒരു ലക്ഷം പേരെ

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ, തമിഴ്നാട്ടിലുണ്ടായ അഞ്ചാമത്തെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായിരുന്നു നിവാര്‍. ചെന്നൈയിലും മറ്റ് തീരദേശജില്ലകളിലും നിന്ന് ഏതാണ്ട് ഒന്നേകാല്‍ലക്ഷം പേരെയാണ് തമിഴ്നാട് സര്‍ക്കാര്‍ ഒഴിപ്പിച്ചത്. ഇത്രയധികം പേരെ കൂട്ടത്തോടെ ഒഴിപ്പിച്ച്‌ ദുരിതാശ്വാസക്യാമ്ബുകളില്‍ എത്തിക്കാനായത് ദുരന്തത്തിന്‍റെ വ്യാപ്തി വലിയ രീതിയില്‍ കുറയ്ക്കാനായി. നിലവില്‍ 1486 ക്യാമ്ബുകളാണ് പ്രവര്‍ത്തിക്കുന്നത്. 4200 ക്യാമ്ബുകള്‍ പ്രവര്‍ത്തനസജ്ജമാണ്. ഇന്ന് ഉച്ച വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ചെങ്കല്‍പ്പട്ട്, വിളുപുരം, നാഗപട്ടണം, തിരുവാരൂര്‍, തഞ്ചാവൂര്‍, പുതുക്കോട്ടൈ എന്നീ പ്രദേശങ്ങളിലും കനത്ത മഴ തുടരും. ആന്ധ്രാപ്രദേശിലെ റായലസീമ, ചിറ്റൂര്‍, കുര്‍ണൂല്‍, പ്രകാശം, കടപ്പ എന്നീ ജില്ലകളിലും കനത്ത ജാഗ്രത തുടരും.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി സര്‍വീസ് നടത്തേണ്ടിയിരുന്ന 10 തീവണ്ടികള്‍ ദക്ഷിണറെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിലെ മൂന്ന് തുറമുഖങ്ങളും അടച്ചു. തീരത്ത് നിര്‍ത്തിയിട്ടിരുന്ന ചില കപ്പലുകള്‍ പുറംകടലിലേക്ക് മാറ്റി. ചെന്നൈ വിമാനത്താവളം രാവിലെ ഏഴ് മണി മുതല്‍ വീണ്ടും തുറന്നു.

ചെന്നൈയിലെ ഏറ്റവും വലിയ ശുദ്ധജലസ്രോതസ്സായ ചെമ്ബരമ്ബാക്കം തടാകത്തില്‍ നിന്ന് വ്യാഴാഴ്ച വൈകിട്ടോടെ ആകെ അയ്യായിരം ക്യുസെക്സ് വെള്ളം പുറത്തേക്ക് ഘട്ടംഘട്ടമായി ഒഴുക്കിക്കളയുമെന്ന് അധികൃതര്‍ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.

Leave a Reply