ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാരിനെതിരായ ഡല്‍ഹി ചലോ മാര്‍ച്ചിന് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ച് പോലീസ്. കര്‍ഷക മാര്‍ച്ച് എത്തുന്നത് തടയാനാായി ഡല്‍ഹിയിലെ അഞ്ച് അതിര്‍ത്തികളും ഹരിയാന സര്‍ക്കാര്‍ അടച്ചിരിക്കുകയാണ്.
ഡല്‍ഹി നഗരത്തിലേക്കുള്ള അതിര്‍ത്തി റോഡുകള്‍ മണ്ണിട്ട് അടച്ചു. നൈനിറ്റാള്‍-ഡല്‍ഹി റോഡില്‍ എത്തിയ കര്‍ഷകര്‍ക്കു നേരെയും പഞ്ചാബില്‍ നിന്നെത്തിയ കര്‍ഷകര്‍ക്ക് നേരെയും അംബാലയില്‍ വെച്ച് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
അംബാലയില്‍ കര്‍ഷകര്‍ പോലീസ് ബാരിക്കേഡുകള്‍ പുഴയിലേക്ക് എറിഞ്ഞു. മണ്ണിട്ടും കോണ്‍ക്രീറ്റ് പാളികള്‍ക്കൊണ്ടും വഴിയടച്ച് കര്‍ഷകരെ തടയാനാണ് പോലീസ് നീക്കം.
ഉച്ചക്ക് രണ്ട് വരെ പ്രദേശത്തേക്കുള്ള എല്ലാ മെട്രോ സര്‍വീസുകളും റദ്ദാക്കി.
അതിര്‍ത്തിയില്‍ ഡല്‍ഹി പോലീസ്, സിആര്‍പിഎഫ് ജവാന്മാരെ വിന്യസിച്ചു. പ്രതിഷേധക്കാരെ നിരീക്ഷിക്കാന്‍ ഡ്രോണും വിന്യസിച്ചിട്ടുണ്ട്. അതിര്‍ത്തിക്ക് സമീപം ശംഭു ബോര്‍ഡറില്‍ കര്‍ഷകരും പോലീസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി 12നാണ് രാജ്യവ്യാപകമായി പണിമുടക്ക് ആരംഭിച്ചത്.